'ജ്വാലയായ്' എന്ന ടെലിവിഷലൂടെയാണ് നടി രശ്മി ബോബൻ ആദ്യമായി അഭിനയ രംഗത്തേക്കെത്തുന്നത്. പിന്നീട് പെയ്തൊഴിയാതെ, ദേവത, തുളസീദളം എന്നീ ഹിറ്റ് സീരിയലുകളിലൂടെ പ്രേക്ഷകരുടെ പ്രിയതാരമായി ഉയർന്ന രശ്മി 2003ൽ സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത് ജയറാം, ഷീല എന്നിവർ പ്രധാന വേഷങ്ങളിലെത്തിയ 'മനസ്സിനക്കരെ എന്ന ചിത്രത്തിലൂടെയാണ് ബിഗ് സ്‌ക്രീനിൽ അരങ്ങേറ്റം കുറിക്കുന്നത്.
'മോളിക്കുട്ടി' എന്ന രശ്മിയുടെ കഥാപാത്രം ഏറെ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. തുടർന്നും സത്യൻ അന്തിക്കാട് ചിത്രങ്ങളിലെ സ്ഥിരം സാന്നിദ്ധ്യമായി കാണപ്പെട്ട രശ്മി, ബാബ കല്ല്യാണി, പ്രാഞ്ചിയേട്ടൻ ആൻഡ് ദ സെയിന്റ്, കാര്യസ്ഥൻ തുടങ്ങിയ മറ്റ് മുഖ്യധാരാ ചിത്രങ്ങളുടെയും ഭാഗമായി.
നിരവധി മികച്ച കഥാപാത്രങ്ങൾ പ്രേക്ഷകർക്ക് സമ്മാനിച്ച ഈ കഴിവുറ്റ നടി സോഷ്യൽ മീഡിയയിൽ സജീവമാണ്. കേരള പിറവിയോടനുബന്ധിച്ചെടുത്ത രശ്മിയുടെ ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്. ഗോൾഡൻ യെല്ലോ പാറ്റേൺ ബോർഡർ സാരിയിൽ അതിസുന്ദരിയായി കാണുന്ന രശ്മിയുടെ ഈ ചിത്രങ്ങൾക്ക് താഴെ നിരവധി ആരാധകരാണ് കമന്റുകളുമായി എത്തിയിട്ടുള്ളത്.