ഏറ്റുമാനൂർ: മദ്യപിച്ചെത്തിയ ഭർത്താവ് ഭാര്യയെ ചുറ്റിക കൊണ്ട് തലയ്‌ക്കടിച്ച് കൊലപ്പെടുത്തി. കാരിത്താസ് നെടുമലക്കുന്നേൽ മേരി(49) ആണ് കൊല്ലപ്പെട്ടത്. ഭർത്താവ് ടോമിയെ ഏറ്റുമാനൂർ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്നലെ രാത്രി പത്തുമണിയോടെയാണ് സംഭവം.
വാർക്കപ്പണിക്കാരനായ ടോമിയും മേരിയും തമ്മിൽ വഴക്ക് പതിവായിരുന്നു. ഇന്നലെ രാത്രി പത്തുമണിയോടെ മേരിയെ കൊലപ്പെടുത്തിയ ശേഷം പ്രതി ഇരിട്ടിയിലുള്ള സഹോദരനെ വിവരമറിയിക്കുകയായിരുന്നു. അദ്ദേഹം ഉടൻ തന്നെ ടോമിയുടെ അയൽവാസികളെ വിളിച്ച് സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ ആവശ്യപ്പെട്ടു.
അയൽവാസികൾ ടോമിയുടെ വീട്ടിലെത്തിയപ്പോൾ മേരി രക്തത്തിൽ കുളിച്ചുകിടക്കുന്നതാണ് കണ്ടത്. ഇവർ വിവരം അറിയിച്ചതനുസരിച്ച് ഏറ്റുമാനൂർ പൊലീസെത്തി ടോമിയെ കസ്റ്റഡിയിലെടുത്തു.മൃതദേഹം ഇന്ന് ഇൻക്വസ്റ്റ് നടത്തി കോട്ടയം മെഡിക്കൽ കോളേജിൽ പരിശോധനയ്ക്കായി എത്തിക്കും.