jee-exam-scam

ഗുവാഹത്തി: അസമിൽ ജെഇഇ പരീക്ഷയിൽ ആൾമാറാട്ടം നടത്തിയ കേസിൽ മുഖ്യപ്രതി അറസ്റ്റിൽ. ഗ്ലോബൽ എഡ്യു ലൈറ്റ് എന്ന കോച്ചിംഗ് സെന്റർ ഉടമ ഭാർഗവ് ദേകയാണ് പൊലീസിന്റെ പിടിയിലായത്. ഗുവാഹത്തി ഇന്റർനാഷണൽ എയർപോർട്ടിൽ നിന്നാണ് പൊലീസ് പ്രതിയെ കസ്റ്റഡിയിലെടുത്തത്.

അസമിലെ ജെഇഇ പരീക്ഷയിൽ ടോപ്പറായ നീൽ നക്ഷത്ര ദാസ് എന്ന വിദ്യാർഥിയുടെ ഫോൺ സംഭാഷണം ലീക്കായതോടെയാണ് തട്ടിപ്പ് വിവരം പുറത്തുവന്നത്. താനല്ല മറ്റൊരാളാണ് തന്റെ പരീക്ഷ എഴുതിയതെന്ന് നീൽ സുഹൃത്തിനോട് പറയുന്നതിന്റെ ഓഡിയോയാണ് പുറത്തുവന്നത്. തുടർന്ന് നിരവധിയാളുകളാണ് പരാതിയുമായി പൊലീസിനെ സമീപിച്ചത്.

കേസിൽ നീൽ നക്ഷത്ര ദാസ്, പിതാവ് ഡോ.ജ്യോതിർമയി ദാസ്,പരീക്ഷ കേന്ദ്രത്തിലെ ഇൻവിജിലേറ്റർ എന്നിവർ ഉൾപ്പെടെ ഏഴ് പേരാണ് ഇതുവരെ അറസ്റ്റിലായത്. കുട്ടിയെ 'ടോപ്പറാക്കാൻ' ഡോക്ടർമാരായ മാതാപിതാക്കൾ 20 ലക്ഷം രൂപ വരെ അധികൃതർക്ക് നൽകിയിട്ടുണ്ടെന്നാണ് സൂചന..