കാസർകോട്: നിക്ഷേപ തട്ടിപ്പ് കേസിൽ മുസ്ലിം ലീഗ് എം എൽ എ എം സി കമറുദ്ദീനെതിരെ കൂടുതൽ വിവരങ്ങൾ പുറത്ത്. നിക്ഷേപമായി വാങ്ങിയ പത്ത് കോടി നൽകി എം സി കമറുദ്ദീനും പൂക്കോയ തങ്ങളും ബംഗളൂരുവിൽ ഭൂമി വാങ്ങിയതായി അന്വേഷണസംഘം കണ്ടെത്തി. എന്നാൽ ഭൂമിയുടെ വിവരങ്ങൾ കമ്പനി രജിസ്റ്ററിലില്ല. ബംഗളൂരുവിൽ ഭൂമി വാങ്ങിയത് അനധികൃത സ്വത്ത് ഇടപാടാണെന്നാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ.
കേസ് വന്നതോടെ ഭൂമി മറ്റൊരു ഡയറക്‌ടർക്ക് കൈമാറിയെന്നും അന്വേഷണ സംഘം പറയുന്നു. ഭൂമി വാങ്ങാനും വിൽക്കാനും സഹായിച്ചവരെ അടുത്ത ദിവസങ്ങളിൽ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുമെന്ന് അന്വേഷണ സംഘം വ്യക്തമാക്കി. എം സി കമറുദ്ദീൻ എം എൽ എ ചെയർമാനായ ഫാഷൻഗോൾഡ് ജുവലറിയുടെ ആസ്‌തികളിൽ ഉൾപ്പെടുന്ന വാഹനങ്ങളിൽ ഭൂരിഭാഗവും വിറ്റെന്ന് നേരത്തെ അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. പതിനൊന്ന് വാഹനങ്ങളിൽ ഒമ്പത് വാഹനങ്ങളും വിറ്റെന്നാണ് കണ്ടെത്തൽ. വാഹനങ്ങളെല്ലാം കണ്ടെുകെട്ടാൻ അന്വേഷണസംഘം നടപടി ആരംഭിച്ചിട്ടുണ്ട്.