swapna-suresh-

കൊച്ചി : ഇടത് സർക്കാരിനെ കൂടുതൽ പ്രതിരോധത്തിലാക്കുന്ന വിവരങ്ങളാണ് സ്വപ്നയെയും സംഘത്തെയും വീണ്ടും ചോദ്യം ചെയ്യാൻ അനുമതി തേടിക്കൊണ്ട് കോടതിയിൽ ഇ ഡി സമർപ്പിച്ച അപേക്ഷയിലുള്ളതെന്ന സൂചനകൾ പുറത്ത്. ശിവശങ്കരന് പുറമേ മുഖ്യമന്ത്രിയുടെ ഓഫീസിലെ പ്രമുഖ സ്ഥാനം അലങ്കരിക്കുന്ന രണ്ടാമനും സ്വപ്നയുമായി ബന്ധമുണ്ടെന്ന വിവരങ്ങളാണ് പുറത്ത് വരുന്നത്. ഇതു സംബന്ധിച്ച ആരോപണങ്ങൾ പ്രതിപക്ഷത്തെ നേതാക്കൾ മുൻപേ ഉയർത്തിയിരുന്നു. മുഖ്യമന്ത്രിയുടെ ഓഫീസിലെ സ്വപ്നയുടെ ഇടപെടലുകളെ കുറിച്ചും, രണ്ടാമനും സ്വർണക്കടത്തിലടക്കം പങ്കുണ്ടോ എന്ന് അന്വേഷിക്കുന്നതിനുമായാണ് സ്വപ്നയെ വീണ്ടും കസ്റ്റഡിയിൽ വേണമെന്ന് ഇ ഡി കോടതിയോട് ആവശ്യപ്പെടുന്നത്.

ഇപ്പോൾ ഇഡി അറസ്റ്റ് ചെയ്ത ശിവശങ്കരന് പുറമേ മുഖ്യമന്ത്രിയുടെ ഓഫീസിലെ മറ്റൊരാളെ കൂടി താൻ നിരന്തരം ഫോണിലൂടെ ബന്ധപ്പെടുമായിരുന്നു എന്ന സ്വപ്ന അന്വേഷണ ഉദ്യോഗസ്ഥരോട് സമ്മതിച്ചിട്ടുണ്ട്. സ്വപ്നയുടെ ഫോൺ രേഖകളിൽ നിന്നും ഇത് സംബന്ധിച്ച തെളിവുകൾ അന്വേഷണ ഉദ്യോഗസ്ഥർക്ക് ലഭിച്ചിട്ടുമുണ്ട്. യു എ ഇ കോൺസുലേറ്റിൽ വിസ സ്റ്റാമ്പിംഗിനും സർട്ടിഫിക്കറ്റ് അറ്റസ്‌റ്റേഷനുമായിട്ടാണ് രണ്ടാമത്തെയാൾ ബന്ധപ്പെട്ടതെന്നായിരുന്നു സ്വപ്ന മൊഴി നൽകിയിരുന്നത്. എന്നാൽ ഇത് പൂർണമായും അന്വേഷണ സംഘം മുഖവിലയ്ക്ക് എടുക്കുന്നില്ല. മുഖ്യമന്ത്രിയുടെ പേഴ്സണൽ സ്റ്റാഫ് വിസ സ്റ്റാമ്പിംഗിനായി നിരന്തരം വിളിക്കുന്നു എന്നതിലെ ഔചിത്യക്കുറവാണ് കാരണം.

അതേസമയം വിസ സ്റ്റാമ്പിങ്ങുമായി ബന്ധപ്പെട്ട് കോൺസുലേറ്റുമായി കരാർ ഉണ്ടായിരുന്ന യു എ എഫ് എക്സ് സ്ഥാപനത്തിന്റെ ഉടമയ്ക്ക് രാഷ്ട്രീയ നേതാവിന്റെ മകനുമായുള്ള ബന്ധവും ഇഡി പ്രത്യേകം അന്വേഷിക്കുന്നുണ്ട്. ഇദ്ദേഹത്തിന്റെ കാർ പാലസ് എന്ന കമ്പനിക്കാണ് പ്രളയത്തിൽ തകർന്ന 150 വീടുകളുടെ പുനർനിർമാണക്കരാർ യു എ ഇ കോൺസുലേറ്റ് നൽകിയത്. ഈ കരാറിലും അരക്കോടിയിലേറെ രൂപ സ്വപ്ന കമ്മീഷനായി പറ്റിയിട്ടുണ്ട്. സി ബി ഐയ്ക്ക് പിന്നാലെ ഇ ഡിയുടെ അന്വേഷണവും പാർട്ടിക്കും സർക്കാരിനും എതിരായതോടെ സി പി എം ഇ ഡിയെയും തള്ളിപ്പറയുകയാണ്. രാഷ്ട്രീയ ലക്ഷ്യത്തോടെ പാർട്ടിയെ തകർക്കുക എന്ന ലക്ഷ്യത്തോടെയാണ് കേന്ദ്ര ഏജൻസിയുടെ കേരളത്തിലെ പ്രവർത്തനം എന്നാണ് പാർട്ടി വിലയിരുത്തൽ. ഇങ്ങനെ പോയാൽ ഇ ഡിയെ നേരിടും എന്ന് കഴിഞ്ഞ ദിവസം മുതിർന്ന സി പി എം നേതാവ് പാർട്ടി പരിപാടിയിൽ പങ്കെടുത്ത് പ്രസംഗിക്കവേ പറഞ്ഞിരുന്നു.