ന്യൂഡൽഹി: രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷമായപ്പോൾ വരുമാനം നിലച്ച്, ജീവിതം വഴിമുട്ടിയ വൃദ്ധദമ്പതികളുടെ പൊട്ടിക്കരച്ചിൽ സോഷ്യൽ മീഡിയയിൽ നോവ് പരത്തിയിരുന്നു. ഡൽഹിയിലെ മാളവ്യ നഗറിൽ ബാബ കാ ദാബ എന്ന പേരിൽ ഭക്ഷണശാല നടത്തിവരുന്ന എൺപതുകാരനായ കാന്ത പ്രസാദും ഭാര്യയുമാണ് ആ ദമ്പതികൾ. ഇപ്പോൾ തങ്ങളെ 'വൈറലാക്കിയ' യൂട്യൂബർ ഗൗരവ് വാസനെതിരെ പരാതിയുമായി പൊലീസിനെ സമീപിച്ചിരിക്കുകയാണ് ദമ്പതികൾ.
തങ്ങൾക്കുള്ള സംഭാവനയെന്ന പേരിൽ ഗൗരവ് വാസൻ ഓൺലൈനിലൂടെ ഫണ്ട് സമാഹരിച്ച് തട്ടിപ്പ് നടത്തിയെന്നാണ് ദമ്പതികളുടെ ആരോപണം. വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവച്ചുകൊണ്ട് ഗൗരവ് വാസൻ സ്വന്തം ബാങ്ക് അക്കൗണ്ട് നമ്പറും, ബന്ധുക്കളുടെ അക്കൗണ്ട് നമ്പറുകളും നൽകി പണം കൈക്കലാക്കി എന്ന് കാണിച്ചാണ് പരാതി നൽകിയിരിക്കുന്നത്.
സാമ്പത്തിക ഇടപാടുകളുടെ ഒരു വിവരവും ഗൗരവ് വാസവൻ നൽകിയിട്ടില്ലെന്നും ദമ്പതികൾ പരാതിയിൽ പറയുന്നു. ഗൗരവ് വാസനെതിരെ പരാതി ലഭിച്ചിട്ടുണ്ടെന്നും, സംഭവത്തെക്കുറിച്ച് അന്വേഷിച്ച് വരികയാണെന്നും മാളവ്യ നഗർ പൊലീസ് അറിയിച്ചു. മണിക്കൂറുകളോളം കച്ചവടം ചെയ്തിട്ടും അമ്പതു രൂപയാണ് തനിക്ക് ലഭിച്ചതെന്നു പറയുന്ന കാന്താപ്രസാദിന്റെ വീഡിയോ ബോളിവുഡ് താരങ്ങൾ ഉൾപ്പെടെ സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്തിരുന്നു.