തിരുവനന്തപുരം: ലൈഫ് കോഴ ഇടപാടിൽ സ്വപ്‌ന സുരേഷിനെ വിജിലൻസ് ചോദ്യം ചെയ്യുന്നു. തിരുവനന്തപുരം അട്ടക്കുളങ്ങര വനിതാ ജയിലിലാണ് ചോദ്യം ചെയ്യൽ. അഴിമതിയുമായി ബന്ധപ്പെട്ട കൂടുതൽ വിശദാംശങ്ങൾ തേടാനാണ് സ്വപ്‌നയെ ചോദ്യം ചെയ്യുന്നത്. വിജിലൻസ് ഡി വൈ എസ് പി അനിൽകുമാറിന്റെ നേതൃത്വത്തിലുളള സംഘമാണ് ചോദ്യം ചെയ്യലിനായി ജയിലിൽ എത്തിയിരിക്കുന്നത്.
അഞ്ചാമത്തെ ഐഫോൺ ആരുടെ കൈയിലാണെന്നാണ് വിജിലൻസ് പ്രധാനമായും അന്വേഷിക്കുന്നത്. സന്തോഷ് ഈപ്പൻ നൽകിയ ഐഫോണുകൾ പലർക്കായി കൈമാറിയത് സ്വപ്‌നയാണ്. അതുകൊണ്ട് തന്നെ ഐഫോണുമായി ബന്ധപ്പെട്ട കൃത്യമായ വിവരം അറിയാവുന്നത് സ്വപ്‌നയ്ക്ക് മാത്രമാണ്. ഈജിപ്‌ഷ്യൻ പൗരനടക്കം ഭീമമായ കമ്മിഷൻ കൈമാറിയത് സ്വപ്‌നയുടെ നിർദേശ പ്രകാരമാണെന്നും അന്വേഷണ സംഘത്തിന് വിവരം ലഭിച്ചിട്ടുണ്ട്. ആയതിനാൽ തന്നെ വിജിലൻസ് ചോദ്യം ചെയ്യൽ ഏറെ നിർണായകമാണ്.