ബംഗളൂരു: മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട പണമിടപാടിൽ ബിനീഷ് കോടിയേരിയെ എൻഫോഴ്‌സ്‌മെന്റ് ചോദ്യം ചെയ്യുന്നത് നാലാം ദിവസവും തുടരുന്നു. ഇന്ന് ചോദ്യം ചെയ്യലിനായി ഇ ഡി ഓഫീസിലെത്തിച്ച ബിനീഷ് ഏറെ ശാരീരിക ബുദ്ധിമുട്ടുകൾ പ്രകടിപ്പിച്ചിരുന്നു. വളരെയധികം ബുദ്ധിമുട്ടിയാണ് അദ്ദേഹം പടികൾ നടന്നു കയറിയത്. ശാരീരിക ബുദ്ധിമുട്ടുകളുണ്ടെന്നും താൻ അവശനാണെന്നും ബിനീഷ് എൻഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥരെ അറിയിച്ചു.
ബിനീഷിന്റെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കുന്നതിനാൽ തന്നെ എൻഫോഴ്‌സ്‌മെന്റിനും ബിനീഷിനും ഈ ദിവസം ഏറെ നിർണായകമാണ്. ഉച്ചയോടെ വൈദ്യ പരിശോധന നടത്തി ബിനീഷിനെ കോടതിയിൽ ഹാജരാക്കും. എൻ സി ബി ബിനീഷിനെ കസ്റ്റഡിയിൽ ആവശ്യപ്പെട്ടേക്കുമെന്നാണ് സൂചന.
കസ്റ്റഡി കാലാവധി കഴിയുന്നതിനാൽ തന്നെ ബിനീഷ് ഇന്ന് കോടതിയിൽ ജാമ്യാപേക്ഷ സമർപ്പിക്കും. ബിനീഷിനെ കാണാൻ അനുവദിക്കാത്ത ഇ ഡി നടപടി അദ്ദേഹത്തിന്റെ അഭിഭാഷകർ ഇന്ന് കോടതിയിൽ ഉന്നയിക്കും. കസ്റ്റഡിയിൽ പീഡനമേറ്റെന്ന ബിനീഷിന്റെ പരാതിയും അഭിഭാഷകർ കോടതിയെ അറിയിക്കും. അന്വേഷണ പുരോഗതി സംബന്ധിച്ച് വിശദമായി റിപ്പോർട്ട് എൻഫോഴ്‌സ്‌മെന്റ് കോടതിയിൽ നൽകും. ഇ ഡിയുടെ നടപടികൾക്കെതിരെ കർണാടക ഹൈക്കോടതിയിലും ബിനീഷ് ഹർജി നൽകുന്നുണ്ട്.