dileep

കൊച്ചി : മലയാള സിനിമയിലെ പ്രമുഖ നടിയെ ആക്രമിച്ച കേസിൽ വിചാരണ കോടതിക്കെതിരെ ഗുരുതര ആരോപണവുമായി സർക്കാർ ഹൈക്കോടതിയിൽ. കേസിന്റെ വിചാരണ നിലവിലെ കോടതിയിൽ നിന്നും മാറ്റണമെന്ന് ആവശ്യപ്പെട്ട് ഇരയായ നടി ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഈ പരാതിയിൽ ഇരയ്‌ക്കൊപ്പം കോടതിയിൽ സർക്കാരും നിലപാടെടുക്കുകയായിരുന്നു. അമ്പതോളം പേജുകളുള്ള സത്യവാങ്മൂലത്തിൽ വിചാരണക്കോടതിക്കെതിരെ ഗുരുതരമായ ആരോപണമാണ് സർക്കാർ ഉയർത്തിയിരിക്കുന്നത്. പ്രധാനമായും വിചാരണക്കോടതിയ്‌ക്കെതിരെ മൂന്ന് ആരോപണങ്ങളാണ് സർക്കാർ ഉന്നയിക്കുന്നത്.

കേസിലെ സാക്ഷിയായ നടി ഭാമയോട് എട്ടാം പ്രതിയായ ദിലീപ് തന്റെ കുടുംബം തകർത്തത് ഇരയായ നടിയാണെന്ന് നേരത്തെ പറഞ്ഞിരുന്നുവെന്നും, അതിന്റെ ശിക്ഷയായി അവളെ പച്ചയ്ക്ക് കത്തിക്കുമെന്ന് ദിലീപ് പറഞ്ഞതായി ഭാമ തന്നോട് പറഞ്ഞുവെന്ന് ഇരയായ നടി കോടതിയെ അറിയിച്ചിരുന്നു. എന്നാൽ ഇത് രേഖപ്പെടുത്താൻ വിചാരണ കോടതി തയ്യാറായിരുന്നില്ല. ഇതൊരു കേട്ടു കേൾവിമാത്രമാണെന്ന നിലപാടാണ് കോടതി സ്വീകരിച്ചതെന്ന് സത്യവാങ്മൂലത്തിൽ ചൂണ്ടിക്കാട്ടുന്നു.

രണ്ടാമതായി വിചാരണയ്ക്കിടെ കോടതിയിൽ പ്രതിഭാഗം മോശമായി ഇരയായ നടിയോട് ചോദ്യങ്ങൾ ചോദിക്കുന്നത് പതിവാക്കിയിരുന്നു. പ്രത്യേകിച്ചും ആക്രമണം നേരിട്ട ദിവസം വാഹനത്തിൽ നേരിട്ട സംഭവങ്ങളെ കുറിച്ച് ആവർത്തിച്ച് ചോദിച്ച് നടിയെ മാനസികമായി തളർത്തുവാനാണ് പ്രതിഭാഗം അഭിഭാഷകർ ശ്രമിക്കുന്നത്. ഇതിനെതിരെ പ്രോസിക്യൂഷൻ എതിർ ശബ്ദമുയർത്തിയെങ്കിലും കോടതി വേണ്ടത്ര പരിഗണന നൽകിയില്ലെന്നും സത്യവാംങ്മൂലത്തിൽ പറയുന്നു.

മൂന്നാമത്തെ ആരോപണമായി സത്യവാങ്മൂലത്തിൽ പറയുന്നത് ദിലീപിന്റെ മുൻ ഭാര്യയായ മഞ്ജുവാര്യരെ മകളെ ഉപയോഗിച്ച് മൊഴി നൽകുന്നതിൽ നിന്നും പ്രതി തടയാൻ ശ്രമിച്ചു എന്ന ഗുരുതരമായ ആരോപണമാണ്. വിചാരണ വേളയിൽ മകളോട് അവസാനമായി സംസാരിച്ചതെന്നെന്ന് മഞ്ജുവാര്യരോട് പ്രോസിക്യൂഷൻ ചോദിച്ചിരുന്നു. ഇതിന് മറുപടിയായി ദിലീപിനെതിരെ മൊഴി നൽകരുതെന്ന് മകൾ മൊഴി നൽകുന്നതിന് മൂന്ന് ദിവസം മുൻപ് ഫോണിലൂടെ തന്നോട് ആവശ്യപ്പെട്ടുവെന്ന് മഞ്ജു വാര്യർ കോടതിയിൽ വെളിപ്പെടുത്തി. എന്നാൽ സത്യം പറയാൻ താൻ ബാദ്ധ്യസ്ഥയാണെന്നായിരുന്നു മകളോട് മഞ്ജു പറഞ്ഞത്. ഇതിനും വലിയ പരിഗണന കോടതി നൽകിയിരുന്നില്ല എന്ന് പ്രോസിക്യൂഷൻ ആരോപിക്കുന്നു. മൊഴി നൽകുന്നതിൽ നിന്നും സാക്ഷിയെ തടസപ്പെടുത്തി എന്നത് രേഖപ്പെടുത്താൻ ആവശ്യപ്പെട്ടുവെങ്കിലും കോടതി തയ്യാറായില്ല. പ്രധാന സാക്ഷിയായ മഞ്ജു വാരിയരുടെ മൊഴി രേഖപ്പെടുത്തുന്നതിൽ വിചാരണക്കോടതിക്ക് വലിയ വീഴ്ചയാണ് ഉണ്ടായതെന്ന് ഇതിലൂടെ സർക്കാർ ചൂണ്ടിക്കാട്ടുന്നു.

ആക്രമിക്കപ്പെട്ട നടിയുടേയും മഞ്ജു വാര്യരുടേയും മൊഴി രേഖപ്പെടുത്തുന്നതിൽ വിചാരണക്കോടതിയ്ക്ക് വീഴ്ച പറ്റിയെന്ന ആരോപണം ഇരയും സർക്കാരും ഒരുമിച്ച് ആവർത്തിക്കുന്നതെന്ന് പ്രത്യേകതയും ഈ കേസിനുണ്ട്. ഹൈക്കോടതി കേസ് പരിഗണിക്കുകയാണ് ഇപ്പോൾ. ഹൈക്കോടതിക്ക് കേസിൽ വീഴ്ചയുണ്ടായി എന്ന് ബോദ്ധ്യമായാൽ കേസ് മറ്റൊരു കോടതിയിലേക്ക് മാറ്റുവാനും സാദ്ധ്യതയുണ്ട്.