ചെന്നൈ: നടൻ രജനീകാന്ത് രാഷ്ട്രീയ പ്രവേശനം ഉപേക്ഷിക്കുന്നെന്ന രീതിയിൽ അഭ്യൂഹങ്ങൾ ഉണ്ടായിരുന്നെങ്കിലും, ആർ എസ് എസ് സൈദ്ധാന്തികൻ എസ് ഗുരുമൂർത്തിയുമായി നടൻ കൂടിക്കാഴ്ച നടത്തിയതായിട്ടുള്ള വിവരങ്ങളാണ് ഇപ്പോൾ പുറത്തുവരുന്നത്. ഇന്നലെ വൈകുന്നേരം പോയസ് ഗാർഡനിലെ വസതിയിൽ വച്ചായിരുന്നു കൂടിക്കാഴ്ച.
രണ്ടു മണിക്കൂർ നീണ്ടു നിന്ന കൂടിക്കാഴ്ചയുടെ വിശദാംശങ്ങൾ ഇരുവരും വെളിപ്പെടുത്തിയിട്ടില്ല. എന്നിരുന്നാലും വീണ്ടും നടന്റെ രാഷ്ട്രീയ പ്രവേശനം ചർച്ചയാകുകയാണ്. രജനീകാന്തിന് രാഷ്ട്രീയത്തിൽ ശോഭനമായ ഭാവിയുണ്ടെന്നും, ബിജെപിയുമായി സഖ്യമുണ്ടാക്കുന്നത് സംസ്ഥാനത്തിന് നല്ലതാണെന്നും ഗുരുമൂർത്തി നേരത്തെ അഭിപ്രായപ്പെട്ടിരുന്നു.
വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടത്തിയതിനാൽ കൊവിഡ് കാലത്ത് രാഷ്ട്രീയ പ്രവേശനം വേണ്ടെന്ന് ഡോക്ടർമാർ പറഞ്ഞിരുന്നതായി നേരത്തെ രജനീകാന്ത് വെളിപ്പെടുത്തിയിരുന്നു. രജനി മക്കൾ മൻട്രത്തിന്റെ ഭാരവാഹികളുമായി ചർച്ച ചെയ്ത് രാഷ്ട്രീയ പ്രവേശനവുമായി ബന്ധപ്പെട്ടുകൊണ്ടുള്ള തീരുമാനം ഉചിതമായ സമയത്ത് അറിയിക്കുമെന്ന് നടൻ പറഞ്ഞിരുന്നു.