covaxin

ന്യൂഡൽഹി: മൂന്നാംഘട്ട പരീക്ഷണത്തിനൊരുങ്ങുന്ന ഇന്ത്യയുടെ സ്വന്തം മരുന്ന് നിർമ്മാണ കമ്പനിയായ ഭാരത് ബയോടെ‌കിന്റെ കൊവിഡ് വാക്‌സിനായ കൊവാ‌ക്‌സിൻ 2021ൽ പൊതുജനങ്ങൾക്ക് വിതരണം ചെയ്യാനൊരുങ്ങി കമ്പനി. അനുമതിലഭിച്ചാൽ 2021 ന്റെ രണ്ടാംപാദത്തിൽ തന്നെ വാക്‌സിൻ രാജ്യമാകെ എത്തും. എത്തിക്‌സ് കമ്മി‌റ്റിക്ക് കൊവാക്‌സിൻ മൂന്നാംഘട്ട പരീക്ഷണത്തിന് ഡൽഹി എയിംസ് അനുമതി ചോദിച്ചിരിക്കുകയാണ്. കൊവാക്‌സിൻ മൂന്നാംഘട്ട പരീക്ഷണത്തിന് ഡ്രഗ്‌സ് കൺട്രോൾ ജനറൽ ഓഫ് ഇന്ത്യയുടെ അനുമതി ലഭിച്ചു കഴിഞ്ഞു. 12ഓളം സംസ്ഥാനങ്ങളിൽ 25 ഇടങ്ങളിലായി പരീക്ഷണത്തിനായി തയ്യാറായിരിക്കുകയാണ് കമ്പനി.

അതേസമയം കൊവിഡ് പ്രതിസന്ധി രൂക്ഷമായ ബ്രസീലിൽ പൊതുജനങ്ങൾ നിർബന്ധമായും വാക്‌സിനേഷൻ ക്യാമ്പെയിനിൽ പങ്കുചേരണമെന്ന സാവോ പോളൊ ഗവർണറുടെ ഉത്തരവിനെതിരെ വലിയ പ്രതിഷേധമാണ് ഉണ്ടായിരിക്കുന്നത്. ചൈനയുടെ കൊവിഡ് വാക്‌സിനായ സിനോവാ‌ക് ആണ് ഇവിടെ പരീക്ഷണത്തിന് തയ്യാറായിരിക്കുന്നത്. ബ്രിട്ടണിൽ കൊവിഡ് പ്രതിരോധത്തിനായുള‌ള ലോക്ഡൗൺ കാലാവധി വർദ്ധിപ്പിച്ചിരിക്കുകയാണ്. അസ്‌ട്ര സെനെക്കയും ഓക്‌സ്‌ഫോ‌ർഡ് സർവകലാശാലയും ചേർന്ന് വികസിപ്പിക്കുന്ന വാക്‌സിൻ പരീക്ഷണം പുരോഗമിക്കുകയുമാണ്.

ചൈനീസ് സിനോവാക് വാക്‌സിൻ ഉപയോഗിക്കണമെന്ന് സാവോ പോളൊ ഗവർണർ ജൊവാവോ ഡോറിയയുടെ ഉത്തരവിനെതിരെ 300ലധികം പേരാണ് കൂട്ടം ചേർന്ന് പ്രതിഷേധിച്ചത്. 46 മില്യൺ ഡോസുകൾ ചൈനയിൽ നിന്ന് വാങ്ങി വിതരണം ചെയ്യുമെന്ന് രാജ്യത്തെ വിവിധ പ്രവിശ്യ ഗവർണർമാർ അംഗീകരിച്ചിരുന്നതാണ്.എന്നാൽ പിന്നീട് പ്രസിഡന്റ് ജെയിർ ബോൾസനാരോ ഈ വാക്‌സിൻ ബ്രസീൽ വാങ്ങില്ലെന്ന് പ്രഖ്യാപിച്ചിരുന്നു.

അതിനിടെ അമേരിക്കൻ കമ്പനിയായ ജോൺസൺ ആന്റ് ജോൺസൺ തങ്ങളുടെ വാക്‌സിൻ കൗമാരക്കാരിൽ പരീക്ഷിക്കാൻ ഒരുങ്ങുകയാണ്. 12 മുതൽ 18 വയസുവരെയുള‌ളവരിലാണ് പരീക്ഷിക്കുക. ഈ പരീക്ഷണം വിജയിക്കുന്നതിന്റെ അടിസ്ഥാനത്തിലാകും കുട്ടികളിൽ ഇവ ഉപയോഗിക്കാൻ കമ്പനി തീരുമാനിക്കുക. എന്നാൽ ഇതിന്റെ സമയപരിധി നിശ്ചയിച്ചിട്ടില്ലെന്ന് കമ്പനി അറിയിച്ചു.