indane

കൊച്ചി: പാചകവാതകം ബുക്ക് ചെയ്യാൻ പുതിയ സംവിധാനവുമായി ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ. രാജ്യത്തെവിടെ നിന്നും പാചകവാതകം ബുക്ക് ചെയ്യാൻ പൊതുനമ്പർ ആണ് ഐ ഒ സി അവതരിപ്പിച്ചിരിക്കുന്നത്. സ്വകാര്യ ടെലികമ്മ്യൂണിക്കേഷൻസ് കമ്പനിയുമായി ചേർന്നാണ് ഐ.ഒ.സി. പുതിയ സംവിധാനം നടപ്പാക്കുന്നത്.

7718955555 എന്ന പുതിയ നമ്പറിലാണ് ഇനിമുതൽ ഇൻഡെയ്ൻ ഉപഭോക്താക്കൾ പാചകവാതകം ബുക്ക് ചെയ്യാൻ വിളിക്കേണ്ടത്. ശനിയാഴ്ച അർദ്ധരാത്രിക്ക് ശേഷം നിലവിൽ ബുക്ക് ചെയ്യാനുള്ള ടെലികോം സർക്കിൾ ഫോൺനമ്പറുകൾ അസാധുവാകും. പുതിയ സംവിധാനത്തിൽ, ഇന്ററാക്‌ടീവ് വോയ്സ് റെസ്‌പോൺസ് സിസ്റ്റം (ഐ.വി.ആർ.എസ്.) വഴിയും എസ് എം എസ് വഴിയും ഉപഭോക്താക്കൾക്ക് എളുപ്പത്തിൽ ബുക്ക് ചെയ്യാം.

എന്നാൽ, രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പർ ഉപയോഗിച്ച് മാത്രമേ ബുക്ക് ചെയ്യാനാകൂ. ഉപഭോക്താക്കളെ തിരിച്ചറിയാനും വിവരങ്ങൾ ശേഖരിക്കുന്നതിനുമാണിത്. കൺസ്യൂമർ നമ്പർ നൽകുമ്പോൾ ആദ്യത്തെ മൂന്ന് എന്ന അക്കം ഒഴിച്ചുള്ള 16 അക്കങ്ങളാണ് നൽകേണ്ടതെന്ന് ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ അധികൃതർ അറിയിച്ചു. സേവനം 24 മണിക്കൂറും ലഭ്യമാണ്.