അങ്കാറ : അറബ് രാജ്യങ്ങളെ പോലും പിണക്കി മുസ്ലീം ഭൂരിപക്ഷ രാഷ്ട്രമായ തുർക്കിയുമായി പാകിസ്ഥാൻ അടുപ്പം കാണിക്കുന്നതിന്റെ കൂടുതൽ കാരണങ്ങൾ പുറത്ത്. പാക് വൈമാനികർ തുർക്കിയുടെ വ്യോമസേനയിൽ കൂലിപ്പണി ചെയ്യുന്നു എന്ന ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് വിദേശ മാദ്ധ്യമങ്ങൾ പുറത്ത് വിടുന്നത്. അടുത്തിടെയായി പാകിസ്ഥാൻ പ്രധാനമന്ത്രി തുർക്കി ഭരണാധികാരിയായ എർദോഗനുമായി അടുത്ത ബന്ധമാണ് കാത്തുസൂക്ഷിക്കുന്നത്. കാശ്മീർ വിഷയത്തിലടക്കം തുർക്കി പാകിസ്ഥാന് അനുകൂലമായ നിലപാടാണ് സ്വീകരിച്ചിരുന്നത്. അമേരിക്കയിൽ നിന്നും മുൻപ് തുർക്കി സ്വന്തമാക്കിയ എഫ് 16 വിമാനങ്ങളിൽ പാകിസ്ഥാൻ പൈലറ്റുമാരെ തുർക്കി ഉപയോഗിക്കുന്നു എന്ന വിവരമാണ് പുറത്ത് വരുന്നത്.
കാരണം 2016 ലെ അട്ടിമറി ശ്രമം
2016ൽ തുർക്കിയിൽ നടന്ന അട്ടിമറി ശ്രമം തുർക്കിയുടെ വ്യോമസേനയെ ദുർബലപ്പെടുത്തിയിരുന്നു. അട്ടിമറി നടത്താൻ മുന്നിട്ട് നിന്നത് തുർക്കി വ്യോമസേനയിലെ ഉദ്യോഗസ്ഥരാണെന്ന് മനസിലാക്കിയ ഭരണകൂടം കുറ്റവാളികളെ സേനയിൽ നിന്നും തിരക്കിട്ട് ഒഴിവാക്കിയിരുന്നതാണ് പൈലറ്റുമാർക്ക് ക്ഷാമമുണ്ടാവാൻ കാരണമായത്. 300 ഓളം തുർക്കി പൈലറ്റുമാരെയാണ് തിരക്കിട്ട് ഒഴിവാക്കിയത്. ഭരണകൂടത്തിന്റെ പ്രതികാര നടപടി ഭയന്ന് നിരവധി പൈലറ്റുമാർ മറ്റു രാജ്യങ്ങളിൽ അഭയം തേടുകയും ചെയ്തിരുന്നു. ഇതോടെ പൈലറ്റുമാരില്ലാതെ തുർക്കി വ്യോമസേനയിലെ പോർവിമാനങ്ങൾ പരിശീലന പറക്കൽ പോലും നടത്താനാവാതെ ദീർഘനാൾ നിലത്ത് ഇടേണ്ടിവന്നു.
ഇതിന് പ്രതിവിധിയായാണ് പാകിസ്ഥാൻ പൈലറ്റുമാരെ കൊണ്ട് വന്ന് തുർക്കി സേനയിലെ പുതുതലമുറയ്ക്ക് പരിശീലനം നൽകുവാനാണ് തുർക്കി ഭരണകൂടം തുനിഞ്ഞത്. ഇതിന്റെ പ്രാരംഭ ഘട്ടമായി പുതിയ പൈലറ്റുമാരെ അതിവേഗത്തിൽ പരിശീലിപ്പിക്കാൻ പ്രത്യേകിച്ച് എഫ് 16 വിമാനങ്ങളുപയോഗിക്കുവാൻ പരിശീലകരെ അയയ്ക്കാൻ പാകിസ്ഥാൻ സർക്കാരിനോട് ആവശ്യപ്പെടുകയായിരുന്നു. എന്നാൽ അമേരിക്ക തുർക്കിയുടെ പദ്ധതിയെ തുടക്കത്തിലേ എതിർത്തിരുന്നു. പാകിസ്ഥാന് പകരം സൗദി, ഖത്തർ എന്നിവിടങ്ങളിലെ പൈലറ്റുമാരെ തങ്ങൾ വികസിപ്പിച്ച് തുർക്കിക്ക് വിൽപ്പന നടത്തിയ വിമാനങ്ങളിൽ ഉപയോഗിക്കാൻ അനുമതിയും നൽകി. എന്നാൽ രഹസ്യമായി പാക് പൈലറ്റുമാരെ തുർക്കി അമേരിക്ക അറിയാതെ ഉപയോഗിക്കുന്നു എന്ന വിവരമാണ് ഇപ്പോൾ പുറത്ത് വരുന്നത്. സിറിയ, ലിബിയ തുടങ്ങിയ രാജ്യങ്ങളിലെ പ്രശ്നങ്ങളും കിഴക്കൻ മെഡിറ്ററേനിയൻ കടലിലെ വെല്ലുവിളികളും നേരിടാനാണ് തുർക്കി ഇത്തരമൊരു സാഹസത്തിലേക്ക് നീങ്ങിയത്.