gujjar

ജയ്പൂർ: വിദ്യാഭ്യാസത്തിലും ജോലികളിലും സംവരണം ആവശ്യപ്പെട്ട് 'ഗുജ്ജറുകൾ' നടത്തിയ പ്രതിഷേധം ആക്രമാസക്തമായി. ഭരത്പൂർ ജില്ലയിലെ പീലുപുര ഗ്രാമത്തിൽ ഇന്നലെയാണ് സംഭവം. പ്രതിഷേധക്കാരിൽ ചിലർ റെയിൽവെ ട്രാക്കുകളിൽ കേടുപാടുകൾ വരുത്തിയതിനെത്തുടർന്ന് ട്രെയിൻ ഗതാഗതം തടസപ്പെട്ടു.

ഞായറാഴ്ച ഉച്ചകഴിഞ്ഞ് മൂന്ന് മണിയോടെ കൂട്ടത്തോടെയെത്തിയ പ്രതിഷേധക്കാർ മുംബയ്-ഡൽഹി റെയിൽവെ ട്രാക്കുകളിൽ കേടുപാടുകൾ വരുത്തി. കൂടാതെ ചിലർ ബയാന-ഹിന്ദാൻ റൂട്ടിൽ കുത്തിയിരുന്നു ഗതാഗതം തടസപ്പെടുത്തി.കോട്ട ഡിവിഷനിലൂടെ കടന്നുപോകുന്ന ഡൽഹി-മുംബയ് ട്രെയിൻ സർവീസ് നിർത്തിവച്ചു.


'ഗുജ്ജർ നേതാവ് കിരോരിലാൽ ബെയ്ൻസ്ല പീലാപുരയിലെത്തി, കായിക-യുവജനകാര്യ മന്ത്രി അശോക് ചന്ദ്നയുമായി കൂടിക്കാഴ്ച നടത്തി. സമുദായത്തിനായി സ്വീകരിച്ച നടപടികളെക്കുറിച്ച് നേതാവ് മന്ത്രിയോട് ചോദിച്ചറിഞ്ഞു. സംസ്ഥാന സർക്കാരിന്റെ ഉറപ്പിന്മേൽ അവർ സംതൃപ്തരായി. സമുദായത്തിലെ ഒരു വിഭാഗവുമായി ഇന്നലെ ഞങ്ങൾ കൂടിക്കാഴ്ച നടത്തിയിരുന്നു'-ഭരത്പൂർ ജില്ലാ കളക്ടർ നഥ്മൽ ദീഡൽ പറഞ്ഞു.അതേസമയം കോട്ട റെയിൽവെ ഡിവിഷനിൽ കനത്ത സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്.
.