ന്യൂഡൽഹി: പെരിയ ഇരട്ടക്കൊലപാതക കേസിൽ അന്വേഷണത്തിന് സംസ്ഥാന സർക്കാർ സഹകരിക്കുന്നില്ലെന്ന് സി ബി ഐ. കേസ് ഡയറി ഉൾപ്പടെയുളള കാര്യങ്ങൾ സർക്കാർ കൈമാറിയിട്ടില്ലെന്ന് സി ബി ഐ സുപ്രീംകോടതിയെ അറിയിച്ചു. അന്വേഷണ വിവരങ്ങൾ അടങ്ങിയ റിപ്പോർട്ട് സീൽ വച്ച കവറിലാണ് സി ബി ഐ സുപ്രീംകോടതിയിൽ സമർപ്പിച്ചത്.
സർക്കാരിന്റെ ഭാഗത്തുനിന്ന് നിസഹകരണം ഉണ്ടെങ്കിലും അന്വേഷണവുമായി മുന്നോട്ടുപോവുകയാണെന്നും നിരവധി പേരുടെ ഫോൺ വിവരങ്ങൾ ശേഖരിച്ചതായും സി ബി ഐ വൃത്തങ്ങൾ അറിയിച്ചു. കേസ് നാളെ സുപ്രീംകോടതി പരിഗണിക്കും. സി ബി ഐ അന്വേഷണം തുടങ്ങിയെങ്കിൽ ഇടപെടില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കിയിരുന്നു.
കേസുമായി ബന്ധപ്പെട്ട രേഖകൾ സർക്കാർ നൽകുന്നില്ലെന്ന് സി ബി ഐ നേരത്തെയും സുപ്രീംകോടതിയെ അറിയിച്ചിരുന്നു.കേസ് രേഖകൾ തേടി ഏഴ് തവണയാണ് സി ബി ഐ കത്ത് നൽകിയത്. എന്നിട്ടും പൊലീസ് അനങ്ങിയില്ല. സുപ്രീംകോടതിയുടെ അന്തിമ വിധി വന്നിട്ടില്ലെന്നാണ് ക്രൈംബ്രാഞ്ചിന്റെ വാദം. സി ബി ഐ അന്വേഷണം ചോദ്യം ചെയ്ത് കൊണ്ടുളള അന്തിമ ഉത്തരവ് വരാത്തത് കൊണ്ടാണ് രേഖകൾ കൈമാറാത്തതെന്നാണ് പൊലീസ് പറയുന്നത്. 2019 ഫെബ്രുവരി 17നായിരുന്നു കാസർകോട് കല്യോട്ട് വച്ച് ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന യൂത്ത് കോൺഗ്രസ് പ്രവർത്തകരായ കൃപേഷിനെയും ശരത് ലാലിനെയും കൊലപ്പെടുത്തുന്നത്.