a

നവംബർ ബോളിവുഡിന് ആഘോഷമാണ് . ബോളിവുഡിന്റെ നക്ഷത്ര കണ്ണുള്ള സുന്ദരി ഐശ്വര്യ റായ് യ്ക്ക് നവംബർ ഒന്നിന് 47 തികഞ്ഞപ്പോൾ തൊട്ടടുത്ത ദിവസം (നവംബർ 2 ) ബോളിവുഡിന്റെ കിംഗ് ഖാനെന്ന് വിശേഷിപ്പിക്കുന്ന ഷാരൂഖ് ഖാന് 55 തികഞ്ഞു. ഇരുവരുടെയും ആരാധകർ ആശംസാ പ്രവാഹം നടത്തുകയാണ്.

നക്ഷത്ര കണ്ണുള്ള സുന്ദരി

a

ലോക സുന്ദരി പട്ടം ഐശ്വര്യ റായ് എന്ന പേരിനൊപ്പം തുന്നി ചേർക്കപ്പെട്ടിട്ട് രണ്ടര പതിറ്റാണ്ട് പിന്നിടുമ്പോഴും ഇന്ത്യൻ ജനതയ്ക്ക് മുന്നിൽ ഇപ്പോഴും ലോക സുന്ദരിയെന്ന് കേൾക്കുമ്പോൾ മനസിലേക്ക് ആദ്യം ഓടിവരുന്ന പേര് ഐശ്വര്യ റായ് യുടേതാണ്. ബച്ചൻ കുടുംബത്തിന് ലോക സുന്ദരി 'ഗുല്ലു'വാണ് . ബോളിവുഡിന്റെയും കോളിവുഡിന്റെയും അഭിനയ ആസ്വാദകരുടെ മനം കവർന്ന ഐശ്വര്യ റായ് മണി രത്‌നത്തിന്റെ ഇരുവറിലൂടെ പുഷ്പവല്ലിയായും കല്പനയായുമായാണ് വെള്ളിത്തിരയുടെ വെള്ളി വെളിച്ചത്തിലേക്ക് കാലെടുത്ത് വച്ചത്. 1994 ൽ ലോക സുന്ദരി പട്ടം കൈക്കലാക്കിയ നക്ഷത്ര കണ്ണുള്ള ഈ സുന്ദരിയെ തേടി ബോളിവുഡിൽ നിന്നും കോളിവുഡിൽ നിന്നും ശക്തമായ കഥാപാത്രങ്ങൾ എത്തി. 1998 ൽ പുറത്തിറങ്ങിയ 'ജീൻസ്' ആണ് ഐശ്വര്യയെ ശ്രദ്ധേമാക്കിയ മറ്റൊരു ചിത്രം.ഓർ പ്യാർ ഹോ ഗെയാ' എന്ന ചിത്രത്തിലൂടെ ഐശ്വര്യ ബോളിവുഡിലേക്ക് ചെറുതായൊന്നു ട്രാക്ക് മാറ്റുകയായിരുന്നു. പക്ഷേ ചിത്രം വേണ്ടത്ര ശ്രദ്ധിക്കപ്പെട്ടില്ല.

പിന്നീട് സഞ്ജയ് ലീല ബൻസാലിയുടെ 'ഹം ദിൽ ദേ ചുകേ സനം' എന്ന സിനിമയിയിലെ നന്ദിനിയായിട്ടാണ് ഐശ്വര്യ ബോളിവുഡിൽ ശ്രദ്ധ നേടുന്നത്. ഗുരുവിലെ സുജാതയും ജോദ അക്ബറിലെ ജോദ്ധയായും ദേവദാസിലെ പർവതിയായും ഐശ്വര്യ വെള്ളിത്തിരയിൽ അത്ഭുതം സൃഷ്ടിച്ചു. വലുതും ചെറുതുമായ നിരവധി ചിത്രങ്ങളിലൂടെ ഐശ്വര്യ ബോളിവുഡിൽ തന്റെ സ്ഥാനം ഉറപ്പിച്ചു.1973ൽ കൃഷ്ണരാജ് റായ് യുടെയും വൃന്ദ റായ് യുടെയും മകളായി ജനിച്ച ഐശ്വര്യ റായ് മോഡലിംഗിലൂടെയാണ് തന്റെ കരിയർ തുടക്കം കുറിച്ചത്. 2007 ൽ അഭിഷേക് ബച്ചനെ വിവാഹം ചെയ്തതോടെ ഐശ്വര്യ റായ് യുടെ മേൽ വിലാസം മാറുകയായിരുന്നു. പിന്നിട് അഭിനയത്തിൽ നിന്ന് വിട്ടുനിന്നെങ്കിലും മകൾ ആരാധ്യയുടെ ജനനശേഷം വീണ്ടും ബോളിവുഡിൽ തന്റെ സാന്നിധ്യം അറിയിക്കുകയായിരുന്നു.

ദ റിയൽ കിംഗ്

a

അഭിനയ മോഹവുമായി മുംബൈയിലേക്ക് വണ്ടി കയറിയ ഷാരൂഖ് ഖാൻ എത്തുന്നത് താര രാജാക്കന്മാർ അടക്കി വാഴുന്ന ബോളിവുഡിൽ. തന്റെ അഭിനയത്തോടുള്ള അഭിനിവേശം കൊണ്ടും കഠിനാധ്വാനം കൊണ്ടും ഷാരൂഖ് അവിടെ സ്വന്തമായി സാമ്രാജ്യം തീർത്തു. ഷാരൂഖിനെ ആരാധകർ സ്‌നേഹത്തോടെ ''കിംഗ് ഖാൻ '' എന്ന് വിളിച്ചു. കൗമാരക്കരയുടെ ആവേശമായി മാറാൻ ഷാരുഖിന് അധികം സമയം വേണ്ടി വന്നില്ല. എസ്.ആർ .കെ എന്ന ബ്രാൻഡ് ബോളിവുഡിൽ ഉയർന്നു വന്നു.1980 കളിൽ ടിവി സീരിയലുകളിൽ അഭിനയിച്ചാണ് ഷാരൂഖിന്റെ തുടക്കം.1992 ൽ ഇറങ്ങിയ ദിവാന ഷാരൂഖിന്റെ ആദ്യ ചിത്രമായി. പിന്നിട് ഷാരൂഖ് ബോളിവുഡിന്റെ പ്രണയ നായകനായി. ദിൽവാലെ ദുൽഹനിയ ലെ ജായേംഗെ ,കുച്ച് കുച്ച് ഹോതാ ഹേ, ചക് ദേ ഇന്ത്യ, ഓം ശാന്തി ഓം ,കഭി ഖുശി കഭി ഗം, കൽ ഹോ ന ഹോ തുടങ്ങിയ സൂപ്പർഹിറ്റ് ചിത്രങ്ങളിൽ ഷാരുഖ് പകർന്നാടി. 2000 മുതൽ ഷാരൂഖ് ഖാൻ ടെലിവിഷൻ അവതരണം, സിനിമ നിർമ്മാണം എന്നിവയിലേക്കും തിരിഞ്ഞു. 2018 ൽ ഇറങ്ങിയ സീറോയാണ് ഷാരൂഖിന്റേതായി അവസാനം ഇറങ്ങിയ ചിത്രം. സിനിമ പരാജയമായതോടെ നിരാശയിലായ ഷാരൂഖ് ഇനി നല്ല തിരക്കഥകൾ വന്നാൽ മാത്രമേ അഭിനയിക്കുകയുള്ളെന്നും താൻ ഇനി കുടുംബത്തോടൊപ്പം ചിലവഴിക്കാൻ സമയം കണ്ടെത്തുകയാണെന്നും തുറന്നു പറ‌ഞ്ഞു. ബോളിവുഡ് സിനിമ ലോകത്തിനും ആരാധകർക്കും ഞെട്ടൽ ഉണ്ടാക്കിയ പ്രഖ്യാപനം ആയിരുന്നു അത്. . 2019 ൽ മലയാള സംവിധായകൻ ആഷിക് അബുവും തിരക്കഥ കൃത്തായ ശ്യാം പുഷ്‌കരനും ഷാരൂഖുമായി നടന്ന സിനിമ ചർച്ചയുടെ ചിത്രം ഏറെ വൈറലായിരുന്നു. ഇവർ ഒന്നിക്കുന്ന ചിത്രം സംഭവിക്കുമോയെന്ന ആകാംക്ഷയിലാണ് കേരളത്തിലെ ഖാൻ ഫാൻസ്. ഭാര്യ ഗൗരിക്കൊപ്പവും മക്കളായ സുഹാന ഖാനും ആര്യൻ ഖാനും അബ്രാം ഖാനുമൊപ്പം മുംബയിലെ വസതിയായ മന്നത്തിൽ ഷാരൂഖ് തന്റെ പിറന്നാൾ ആഘോഷിച്ചു .