ലഖ്നൗ : അവിവാഹിതയായ ഇരുപത് വയസുള്ള മകൾ ഗർഭിണിയായതോടെ അപമാന ഭയത്താൽ രക്ഷിതാക്കൾ ചെയ്തത് കടുംകൈ. മഴു ഉപയോഗിച്ച് പെൺകുട്ടിയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം റെയിൽവേ ട്രാക്കിൽ ഉപേക്ഷിച്ചാണ് കുടുംബം മകളുടെ അവിഹിത ഗർഭത്തെ ഒളിപ്പിച്ചത്. കുടുംബത്തിന് അപമാനമാകുമെന്ന് ഭയന്നാണ് രക്ഷിതാക്കൾ ഈ കടുംകൈ ചെയ്തതെന്ന് പൊലീസ് പറയുന്നു. സംഭവം ഇങ്ങനെ.
ഒക്ടോബർ 25ന് നവാബ്ഗഞ്ച് പോലീസ് സ്റ്റേഷൻ പരിധിയിലെ അൽബാപൂരിലെ റെയിൽവേ ട്രാക്കിൽ ഒരു പെൺകുട്ടിയുടെ അജ്ഞാത മൃതദേഹം പൊലീസ് കണ്ടെത്തിയിരുന്നു. താമസിയാതെ കിഷുന്ദസ്പൂർ ഗ്രാമവാസിയായ കമലേഷ് കുമാർ യാദവ് തന്റെ മകളാണെന്ന് അവകാശപ്പെട്ട് പൊലീസിനെ സമീപിച്ചു. മകളെ കാണാതായി എന്നായിരുന്നു പൊലീസിനോട് ഇയാൾ പറഞ്ഞത്. മൃതദേഹം പിതാവ് തിരിച്ചറിഞ്ഞതോടെ അജ്ഞാതർക്കെതിരെ ഐപിസി സെക്ഷൻ 302 കൊലപാതക കുറ്റം ചുമത്തി പോലീസ് കേസ് രജിസ്റ്റർ ചെയ്തു. എന്നാൽ പൊലീസ് നടത്തിയ തുടരന്വേഷണത്തിലാണ് രക്ഷിതാക്കൾ തന്നെയാണ് കൊലപാതകം ചെയ്തതെന്ന് മനസിലായത്. കമലേഷ് കുമാർ യാദവും ഇയാളുടെ ഭാര്യ അനിത ദേവിയും കുറ്റമേൽക്കുകയായിരുന്നു.
മകൾ ആറുമാസം ഗർഭിണിയാണെന്ന് തങ്ങൾ വൈകിയാണ് മനസിലാക്കിയതെന്നും, അസുഖബാധിതയായ മകളെ ആശുപത്രിയിൽ കൊണ്ടുപോയപ്പോഴാണ് ഗർഭിണിയാണെന്ന് മനസിലായതെന്ന് രക്ഷിതാക്കൾ പൊലീസിനോട് പറഞ്ഞു. ഗർഭം അലസിപ്പിക്കുവാൻ കഴിയാത്തതിനാലാണ് മകളെ കൊലപ്പെടുത്താൻ തങ്ങൾ തീരുമാനിച്ചതെന്നും, കുടുംബത്തിന്റെ അഭിമാനം ഓർത്താണ് ഇങ്ങനെ ചെയ്തതെന്നും പൊലീസിനോട് രക്ഷിതാക്കൾ വെളിപ്പെടുത്തി. മകളെ രാത്രിയിൽ അലാപൂരിനടുത്ത് റെയിൽവേ ട്രാക്കിലേക്ക് കൊണ്ടുപോയി കൊലപ്പെടുത്തിയ ശേഷം മൃതദേഹം റെയിൽവേ ട്രാക്കിലേക്ക് വലിച്ചെറിയുകയായിരുന്നു.