തിരുവനന്തപുരം: സംസ്ഥാന ബി ജെ പിയിൽ ഭിന്നത രൂക്ഷമാകുന്നു. ശോഭസുരേന്ദ്രന് പിന്നാലെ സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രനെതിരെ പ്രതികരണവുമായി മുതിർന്ന നേതാവ് പി എം വേലായുധൻ രംഗത്തെത്തി. മുതിർന്ന നേതാവായിട്ടും തനിക്ക് പാർട്ടിയിൽ വേണ്ട പരിഗണന കിട്ടുന്നില്ലെന്നാണ് വേലായുധന്റെ പരിഭവം.
'മക്കൾ വളർന്ന് അവർ ശേഷിയിലേക്ക് വരുമ്പേൾ അച്ഛനേയും അമ്മയേയും വൃദ്ധസദനത്തിൽ ഇട്ടമാതിരിയാണ്. എന്നെപോലെ ഒട്ടേറെ പേർ വീടുകളിൽ ഇരിക്കുകയാണ്. ഈ വിഷമം പറയാനാണ് സംസ്ഥാന അദ്ധ്യക്ഷനെ പലതവണ ഫോണിൽ വിളിച്ചത്. ഈ നിമിഷം വരെ അദ്ദേഹം എന്നെ വിളിച്ചിട്ടില്ല' വേലായുധൻ പറഞ്ഞു.
തന്റെ മണ്ഡലമായ പെരുമ്പാവൂരിൽ രണ്ട് തവണ വന്നു പോയിട്ടും സുരേന്ദ്രൻ കണ്ടില്ല. തങ്ങൾക്ക് പരാതികൾ ഉണ്ടെങ്കിൽ അത് പറയാനുളള ഏക സ്ഥാനം സുരേന്ദ്രൻ തന്നെയാണ്. അത് കേൾക്കേണ്ട ബാദ്ധ്യത അദ്ദേഹത്തിനുണ്ട്. അടിയന്തരാവസ്ഥക്കാലത്ത് തല്ലു കൊണ്ട് രണ്ട് തവണയാണ് ജയിലിൽ കിടന്നത്. ഒരു ആശയത്തിന് വേണ്ടി ഉറച്ച് നിന്നയാളാണ് താൻ. പക്ഷേ ഇന്ന് തനിക്ക് വളരെ വേദനയുണ്ടെന്നും പി എം വേലായുധൻ പറഞ്ഞു. സുരേന്ദ്രന് എതിരെ വിമർശനം ഉന്നയിച്ച വേലായുധൻ മാദ്ധ്യമങ്ങൾക്ക് മുന്നിൽ വിതുമ്പുകയും ചെയ്‌തു.