georgia

പതിനാറാം വയസിൽ കോളേ‌‌ജ് പഠനം അവസാനിപ്പിച്ച് പുറത്തിറങ്ങിയ പത്തൊമ്പതുകാരി ഇന്ന് ഒന്നരക്കോടി വില വരുന്ന വീടിന്റെ ഉടമയാണ്. ധരിക്കുന്നത് ആഡംബര വസ്ത്രങ്ങൾ,​ ഉപയോഗിക്കുന്നത് ബ്രാന്റഡ് ഉൽപ്പന്നങ്ങൾ ഇവയ്ക്കൊക്കെയും കാരണം ഇൻസ്റ്റഗ്രാമാണ്. എന്നാൽ, ഈ യുവതി സെലിബ്രിറ്റിയോ ഇൻസ്റ്റഗ്രാം താരമോ ഒന്നുമല്ല.

ജോർജിയ പോർട്ടൊഗാലോ എന്ന പതിനാറുകാരി അക്കാദമിക് വിഷയങ്ങളിൽ പിന്നിലായതിനെ തുടർന്നാണ് പഠനം പാതിവഴിയിൽ ഉപേക്ഷിച്ചത്. കേവലം മൂന്നു വർഷം കൊണ്ടാണ് 1,60,000 പൗണ്ട് അഥവാ ഒന്നരക്കോടി രൂപ വിലമതിക്കുന്ന വീടും 19 ലക്ഷത്തിനു മേൽ വിലമതിക്കുന്ന ഡിസൈനർ ബാഗുകളും ഇംഗ്ലണ്ടുകാരിയായ ഈ യുവതി സ്വന്തമാക്കിയിരിക്കുന്നത്.

എങ്ങനെയാണ് ജോർജിയ പണം സമ്പാദിച്ചത് എന്നറിയാൻ ഏവർക്കും ആകാംക്ഷയുണ്ടാകും. പാതിവഴിയിൽ പഠനം ഉപേക്ഷിച്ച ജോർജിയയ്ക്ക് ഇന്ന് നൂറുകണക്കിന് വിദ്യാർത്ഥികൾ ഉണ്ട്. എങ്ങനെ സോഷ്യൽ മീഡിയയിൽ പ്രശസ്തരാകാം എന്ന് പഠിപ്പിക്കുന്നതാണ് ജോർജിയയുടെ തൊഴിൽ. ഇതിനോടകം അവർ വിവിധ പ്രായത്തിലുള്ള 15,000 വിദ്യാർത്ഥികളെ പഠിപ്പിച്ചു കഴിഞ്ഞു. അതിൽ കൗമാരക്കാർ മുതൽ 60 വയസ്സ് പിന്നിട്ടവർ വരെ ഉൾപ്പെടും. ഏതാനും വർഷങ്ങൾ കൊണ്ട് തന്നെ ജോർജിയയുടെ ഇൻസ്റ്റഗ്രാം പേജിന് 1,21,000 ഫോളോവേഴ്സിനെ ലഭിച്ചു.

പ്രശസ്തരായ സെലിബ്രിറ്റികളുടെ ഇൻസ്റ്റഗ്രാം പേജുകളും ചിത്രങ്ങളും നിരീക്ഷിച്ചു കൊണ്ടാണ് ജോർജിയ ഈ രംഗത്ത് തുടക്കം കുറിച്ചത്. ഇൻസ്റ്റഗ്രാം പേജ് തുടങ്ങി ഏതാനും ആഴ്ചകൾക്കുള്ളിൽ തന്നെ ഫോളോവേഴ്സ് എത്തിത്തുടങ്ങി. ഫോളോവേഴ്സിന്റെ ഇഷ്ടങ്ങൾ മനസ്സിലാക്കിയും അവരോടുള്ള ആശയവിനിമയം വഴിയും അവരുടെ പോസ്റ്റുകൾക്ക് കമന്റ് ചെയ്തും ജോർജിയ മുന്നേറി. അതോടെ താൻ ഉപയോഗിക്കുന്ന ബ്രാൻഡുകളെ ജോർജിയ ടാഗ് ചെയ്യാനാരംഭിച്ചു. തന്റെ ദൈനംദിന ജീവിതം ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്യാൻ തുടങ്ങി.

2018ൽ 30,000 ഫോളോവേഴ്സിനെ ലഭിച്ചതോടെയാണ് ജോർജിയയുടെ ആത്മവിശ്വാസം വർദ്ധിച്ചത്. ആ സമയത്ത് പ്രമുഖ ബ്രാൻഡുകൾ അവരെ തേടിയെത്തി. ഓരോ പോസ്റ്റിനും 10 പൗണ്ട് വരെ പണം ഇൗടാക്കിത്തുടങ്ങി. 2018ൽ ഇറ്റലിയിൽ മുത്തശ്ശിക്കൊപ്പം താമസിക്കുമ്പോഴാണ് പുതിയ ആശയം ജോർജിയയുടെ മനസ്സിൽ കടന്നു കൂടിയത്. ഇൻസ്റ്റഗ്രാമിൽ പ്രശസ്തരാവണം എന്ന് ആഗ്രഹിക്കാത്ത ആരാണുള്ളത്. പ്രശസ്തരാകുന്നതിനുള്ള ടിപ്സ്, സ്വന്തം അനുഭവത്തിൽ നിന്നും ഏകദേശം 88 പേജോളം അവർ കുത്തിക്കുറിച്ചു. ആ കുറിപ്പ് തന്നെ ജോർജിയയ്ക്ക് നല്ലൊരു തുക വരുമാനമുണ്ടാക്കി കൊടുത്തു.

ഇൻസ്റ്റഗ്രാം താരമാവാൻ ലോകമെമ്പാടുമുള്ള ഒട്ടേറെപ്പേർ ജോർജിയയുടെ ഉപദേശം സ്വീകരിക്കുന്നുണ്ട്. അത്യാഡംബരമായി തന്നെയാണ് പുതിയ വീടും ജോർജിയ നിർമ്മിച്ചിട്ടുള്ളത്. 2024ൽ വിവാഹം കഴിക്കാനുള്ള തയ്യാറെടുപ്പിലാണ് ജോർജിയ ഇപ്പോൾ. കാമുകനായ ജോർദനുമായി ഇക്കഴിഞ്ഞ ജൂണിലായിരുന്നു ജോർജിയയുടെ വിവാഹ നിശ്ചയം.