അമേരിക്കയിലെ തിരഞ്ഞെടുപ്പ് ദിവസം സാധാരണ ആരായിരിക്കും പ്രസിഡന്റ് എന്ന കാര്യത്തിലാണ് ആശങ്ക. ഇത്തവണ ബൈഡൻ ജയിക്കുമെന്ന പ്രവചനം നിലനില്ക്കുന്നത് കാരണം ട്രംപിന്റെ പ്രതികരണം എന്തായിരിക്കുമെന്നും അത് അമേരിക്കയെ കലാപത്തിലേക്ക് നയിക്കുമോ എന്ന ആശങ്കയും നിലനില്ക്കുന്നു. പ്രസിഡന്റ് ട്രംപ് ആയാലും ബൈഡനായാലും ചെയ്യാൻ ശ്രമിക്കുന്നത് നയത്തിൽ അത്ര വ്യത്യാസമുള്ള കാര്യങ്ങളായിരിക്കില്ല.
കൊവിഡ്
ഈ തിരഞ്ഞെടുപ്പിൽ കൊവിഡ് നിയന്ത്രണമായിരിക്കും ഏറ്റവും നിർണായകമായ വിഷയം. ട്രംപ് പരാജയപ്പെടുന്നെങ്കിൽ അതിനുള്ള പ്രധാന കാരണവും കൊവിഡ് നിയന്ത്രണത്തിൽ വന്ന പിഴവുകൾ ആയിരിക്കും. അതുകൊണ്ട് ബൈഡന്റെ ആദ്യത്തെ പരിശ്രമം കൊവിഡ് നിയന്ത്രിക്കുകയും മരണങ്ങളുടെ എണ്ണം കുറയ്ക്കുകയും അമേരിക്കയെ സാധാരണ ജീവിതത്തിലേക്ക് നയിക്കുകയും ആയിരിക്കും. ശാസ്ത്രീയമായി കൊവിഡിനെ നേരിടുന്ന കാര്യത്തിൽ പരാജയപ്പെട്ടതു കൊണ്ടാണ് ഇത്രയുമധികം ആളുകൾ മരിച്ചത്, അതുകൊണ്ട്, ശാസ്ത്രജ്ഞരുടെ അഭിപ്രായം അനുസരിച്ച് മുന്നോട്ടു പോകാനും വാക്സിൻ കഴിയുന്നതും വേഗം ലഭ്യമാക്കാനുമായിരിക്കും പുതിയ പ്രസിഡന്റിന്റെ ശ്രമം. എന്നാലും കൊവിഡ് എവിടെയാണ് അവസാനിക്കുക എന്നോ അതിന്റെ അനന്തരഫലങ്ങൾ എന്തായിരിക്കുമെന്നോ ശാസ്ത്രത്തിന് പോലും നിശ്ചയമില്ല. അതുകൊണ്ട് രോഗനിവാരണത്തിനും ചികിത്സയ്ക്കും വേണ്ടിയുള്ള സംവിധാനങ്ങൾ വർദ്ധിപ്പിക്കാൻ ശ്രമിക്കേണ്ടതുണ്ട്. അതിന് വൻ നിക്ഷേപം ആവശ്യമായി വരും. അവിടെ സെനറ്റിന്റെയും കോൺഗ്രസിന്റെയും സഹകരണം പ്രസിഡന്റിന് വളരെ അത്യാവശ്യമാണ്. അതുകൊണ്ട് തിരഞ്ഞെടുപ്പ് കഴിയുമ്പോൾ കോൺഗ്രസിലും സെനറ്റിലും ഏത് പാർട്ടിക്കാവും ഭൂരിപക്ഷം എന്നത് നിർണായകമാണ്.
സാമ്പത്തികം
അമേരിക്കയിലുണ്ടായിരിക്കുന്ന സാമ്പത്തികത്തകർച്ച അതിഗുരുതരവും വളരെക്കാലം നീണ്ടുനില്ക്കാവുന്നതുമാണ്. തൊഴിൽ നഷ്ടങ്ങൾ പരിഹരിക്കാൻ വലിയ ശ്രമം ആവശ്യമായിരിക്കും. രോഗനിവാരണ പ്രവർത്തനങ്ങൾ തുടരുന്നതിനിടയിലും സാമ്പത്തികരംഗം ദുർബലമാകാതെ നോക്കേണ്ടത് വലിയ വെല്ലുവിളിയാണ്. സാമ്പത്തികരംഗത്ത് അന്താരാഷ്ട്ര സഹകരണം, വ്യാപാരം എന്നിവ കൂടുതൽ ശക്തിപ്പെടുത്തേണ്ടിയിരിക്കുന്നു. ട്രംപിന്റെ കാലത്തുണ്ടായിരുന്ന 'അമേരിക്ക ഒന്നാമത് ' എന്ന നയം ഇക്കാര്യത്തിൽ സഹായകമായിരിക്കില്ല. അതുകൊണ്ട് പുതിയ പ്രസിഡന്റിന് ബഹുമുഖ സഹകരണത്തിലേക്കും ആഗോളവത്കരണത്തിലേക്കും തിരികെ പോകേണ്ടി വന്നേക്കും.
തൊഴിൽ
നഷ്ടപ്പെട്ട തൊഴിലുകൾ വീണ്ടെടുക്കുന്നതിന് വേണ്ടി പുതിയ സാങ്കേതിക വിദ്യകൾ കണ്ടുപിടിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തേണ്ടി വരും. പുതിയ വിദ്യാഭ്യാസ പരിഷ്കരണങ്ങളും നൈപുണ്യ വികസനവും ഒരു പ്രധാന അജൻഡ ആകേണ്ടിയിരിക്കുന്നു. കൊവിഡിന് മുൻപുണ്ടായിരുന്ന സാങ്കേതിക വികസനത്തിന് കൂടുതൽ ശക്തി നല്കേണ്ടതായും തൊഴിൽ അവസരങ്ങൾ നഷ്ടമാകാതിരിക്കാൻ വേണ്ട നടപടികൾ സ്വീകരിക്കേണ്ടതായും വരും.
സമാധാനം
കൊവിഡ് കാലത്ത് അപ്രതീക്ഷിതമായുണ്ടായ ഒരു ദുരന്തമായിരുന്നു കറുത്ത വർഗക്കാരനായ ജോർജ് ഫ്ലോയിഡിനെ പൊലീസ് കൊലപ്പെടുത്തിയതും തുടർന്നുണ്ടായ വർഗീയ കലാപങ്ങളും. ഇക്കാര്യത്തിലും പ്രസിഡന്റ് ട്രംപ് വേണ്ടത്ര ജാഗ്രത പുലർത്തിയില്ല എന്നും വർഗസമരങ്ങൾക്ക് ശക്തി വർദ്ധിച്ചിരിക്കുന്നു എന്നും ആക്ഷേപമുണ്ട്.
കറുത്തജീവിതങ്ങൾക്ക് വിലയുണ്ട് ( black lives matter )എന്നൊരു പുതിയ പ്രസ്ഥാനം തന്നെ ഉടലെടുത്തിരിക്കുകയാണ്. അതുകൊണ്ട് പുതിയ പ്രസിഡന്റിന് ഇക്കാര്യത്തിൽ വളരെയധികം ശ്രദ്ധിക്കേണ്ടി വരും. കറുത്ത വർഗക്കാരനായിട്ടു പോലും ഈ പ്രശ്നം പരിഹരിക്കാൻ കഴിഞ്ഞില്ലെന്ന സങ്കടത്തോടെയാണ് പ്രസിഡന്റ് ഒബാമ പദവിയിൽ നിന്ന് വിരമിച്ചത്. പുതിയ പ്രസിഡന്റിന്റെ ഒരു പ്രധാന കർത്തവ്യം കറുത്ത വർഗക്കാരുടെ വൃണപ്പെട്ട വികാരങ്ങൾക്ക് സാന്ത്വനമേകുകയും ഒപ്പം വർഗവിവേചനം ഇല്ലാതാക്കുകയുമാണ്. ഇതൊരു ദീർഘകാല ശ്രമമായി തുടരേണ്ടിയിരിക്കുന്നു.
വിദേശനയം
കൊവിഡ് കാലത്തുണ്ടായ മറ്റൊരു പ്രതിഭാസം ചൈനയുടെ ആക്രണോത്സുകത തെളിയിക്കുന്ന കാൽവയ്പ്പുകളാണ്. അമേരിക്കയെ മറികടക്കാനുള്ള ചൈനയുടെ ആഗ്രഹം കൊവിഡ് കാലത്ത് വളരെയധികം വർദ്ധിച്ചു . ഇതിന് കാരണം അമേരിക്കയിലുണ്ടായ പ്രശ്നങ്ങളാണ്. ചൈനയും അമേരിക്കയുമായുള്ള ബന്ധം വിശാലമാണെങ്കിലും അതിന് വലിയ മാറ്രം വരാനുള്ള സാദ്ധ്യതകൾ വർദ്ധിച്ചു വരികയാണ്.
അതുകൊണ്ടാണ് അമേരിക്ക ഇന്തോ- പസഫിക്കിലും മറ്റ് പ്രദേശങ്ങളിലും ചൈനയെ നേരിടാൻ തന്നെ തയാറാകുന്നത്. ട്രംപിന്റെ കാലത്ത് നേറ്റോ രാജ്യങ്ങളെപ്പോലെ നഷ്ടപ്പെട്ടു പോയ സുഹൃത്തുക്കളെ വീണ്ടെടുക്കേണ്ടി വരും പുതിയ പ്രസിഡന്റ്. ഇന്ത്യയോടുള്ള അമേരിക്കൻ ബന്ധം ശക്തിപ്പെടുന്നതും ഇതുകൊണ്ടാണ്. അതുപോലെ അന്താരാഷ്ട്ര കരാറുകളിൽ നിന്ന് വിട്ടുനിന്നതു കൊണ്ടുള്ള പ്രത്യാഘാതങ്ങളെയും അമേരിക്ക നേരിടേണ്ടി വരും.
ഇമിഗ്രേഷന്റെ കാര്യത്തിൽ രണ്ട് പാർട്ടികൾക്കും ഏകദേശം ഒരേ അഭിപ്രായം തന്നെയാണ്. എന്നാൽ പ്രസിഡന്റ് ട്രംപിന്റെ കർക്കശ നിയന്ത്രണങ്ങൾ ലോകത്തെ മുഴുവൻ അലോസരപ്പെടുത്തിയിട്ടുണ്ട്. ഈ രീതി മാറി കൂടുതൽ സ്വാഗതപൂർവമായ സമീപനം പുതിയ ഗവൺമെന്റിന് സ്വീകരിക്കേണ്ടി വരും. ഇക്കാര്യത്തിൽ അമേരിക്കയിലുള്ള ഇന്ത്യക്കാർക്ക് പ്രത്യേക താത്പര്യവുമുണ്ട്. ഇന്ത്യാ- അമേരിക്കൻ സഹകരണം വർദ്ധിക്കണമെങ്കിൽ ഇമിഗ്രേഷൻ നയങ്ങൾ ഉദാരവത്കരിക്കേണ്ടത് ആവശ്യമാണ്.