ഈ കൊവിഡ് കാലത്ത് സ്വപ്നതുല്ല്യമായ ഒരു ജോലി മുന്നോട്ടു വയ്ക്കുകയാണ് പ്രമുഖ ജുവലറി ഗ്രൂപ്പായ ജുവലറി ഗുരു. രണ്ടു ഒഴിവ് മാത്രമുള്ള ഈ ജോലി 'വർക്ക് ഫ്രം ഹോം' ആണ്. എന്താണ് ജോലിയെന്നാണൊ ചിന്തിക്കുന്നത്. ജുവലറി ഗുരു നൽകുന്ന വജ്രാഭരണങ്ങൾ ധരിച്ച് വീട്ടിൽ ഇരുന്നാൽ മതി. പ്രതിഫലമായി കമ്പനി വാഗ്ദാനം ചെയ്യുന്നത് 3.85 ലക്ഷം രൂപയുടെ ആഭരണങ്ങളാണ്. ജോലിയുടെ കാലാവധി പൂർത്തിയാക്കിയ ശേഷം അണിയുന്ന ആഭരണങ്ങൾ, സ്വന്തമാക്കാൻ കഴിയും.
ജൂവലറി ഗുരുവിന്റെ എക്സ്ക്ളൂസീവ് ആഭരണങ്ങളുടെ പരസ്യമോഡലായാണ് പുതിയ ജോലിക്ക് അപേക്ഷ ക്ഷണിച്ചിട്ടുള്ളത്. അവരുടെ വെബ്സൈറ്റിലേയ്ക്കും സോഷ്യൽമീഡിയ പ്ലാറ്റ്ഫോമുകളിലേയ്ക്കുമുള്ള പരസ്യ ചിത്രങ്ങൾക്കുള്ള മോഡലിനെയാണ് സ്വപ്നതുല്ല്യമായ വാഗ്ദാനങ്ങൾ നൽകി ജൂവലറി ഗുരു തേടുന്നത്.
സ്വർണ, വെള്ളി, വജ്രാഭരണങ്ങളോടും രത്നങ്ങളോടും താൽപര്യമുള്ള ചുറുചുറുക്കുള്ള ചെറുപ്പക്കാരെയാണ് തങ്ങൾ പുതിയ ജോലിക്കായി തേടുന്നതെന്ന് ജൂവലറി ഗുരു പരസ്യത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. സ്വന്തം വ്യക്തിത്വത്തെക്കുറിച്ച് ധാരണയുള്ളവരും ഫാഷൻ സങ്കൽപങ്ങൾ വച്ചുപുലർത്തുന്നവരുമായിരിക്കണം അപേക്ഷകർ. 'ഞങ്ങളെപ്പോലെ ആഭരണങ്ങളെ സ്നേഹിക്കുന്നവരാണെങ്കിൽ നിങ്ങൾക്കും അപേക്ഷിക്കാം'- എന്നതാണ് ജൂവലറി ഗുരു വെബ്സൈറ്റിൽ നൽകിയ പരസ്യവാചകം.
ജോലിക്കായി തിരഞ്ഞെടുക്കപ്പെടുന്നവർക്ക് ധരിക്കാൻ നൽകുന്ന സ്വർണവും വജ്രവും സമ്മാനമായി നൽകും. 3.8 ലക്ഷം രൂപയോളം വിലയുള്ള ആഭരണങ്ങളായിരിക്കും ഇത്. അപേക്ഷകരിൽ നിന്ന് 10 പേരെ അവസാന റൗണ്ടിലേയ്ക്ക് തിരഞ്ഞെടുക്കും. അവരുടെ ചിത്രം സഹിതം ജൂവലറി ഗുരുവിന്റെ ഔദ്യോഗിക ഇൻസ്റ്റാഗ്രാം അക്കൗണ്ട് വഴി നടത്തുന്ന പൊതു വോട്ടെടുപ്പിലൂടെയായിരിക്കും വിജയിയെ തിരഞ്ഞെടുക്കുക. ഏറ്റവുമധികം വോട്ടുകൾ ലഭിക്കുന്ന രണ്ടുപേർക്ക് സ്വപ്ന തുല്ല്യമായ ഈ ജോലി ലഭിക്കും. അപേക്ഷകർക്കുള്ള അവസാന തീയതി നവംബർ 8. ഓൺലൈൻ വോട്ടിംഗ് നവംബർ 10ന് ആരംഭിക്കും.