കാഠ്മണ്ഡു : നേപ്പാളിന്റെ ക്ഷണം സ്വീകരിച്ച് ഇന്ത്യൻ കരസേന മേധാവി നവംബർ 4 ന് നേപ്പാൾ ആർമിയുടെ ഓണററി പദവി സ്വീകരിക്കാനെത്തും. നേപ്പാൾ സൈനിക മേധാവി ജനറൽ പൂർണ ചന്ദ്ര താപ്പയുടെ ക്ഷണപ്രകാരമാണ് എം എം നരവനെ നേപ്പാളിലേക്ക് പോകുന്നത്. തുടർച്ചയായി രണ്ടാം തവണയാണ് അദ്ദേഹം നേപ്പാളിൽ സന്ദർശനം നടത്തുന്നത്. അടുത്തിടെ ഇന്ത്യ നേപ്പാൾ ബന്ധത്തിൽ വിള്ളൽ വീണിരുന്നു. ഇത് പരിഹരിക്കുന്നതിനുള്ള പ്രത്യേക ദൗത്യവുമായാണ് അദ്ദേഹം നേപ്പാൾ സന്ദർശിച്ചത്. റോ മേധാവി സമന്ത് ഗോയലും അടുത്തിടെ നേപ്പാളിൽ സന്ദർശനം നടത്തിയിരുന്നു. പതിവിന് വിപരീതമായ സന്ദർശനം മാദ്ധ്യമങ്ങളിൽ പരസ്യമാക്കിയാണ് റോ മേധാവി നേപ്പാളിലെത്തിയത്. നേപ്പാളിനെ ഉപയോഗിച്ച് ഇന്ത്യയ്‌ക്കെതിരെ നീക്കം നടത്തുന്ന ചൈനക്ക് പരസ്യമായ മറുപടിയെന്നോണമാണ് ഈ സന്ദർശനങ്ങളെ വിലയിരുത്തുന്നത്.
ഇന്ത്യയുടെ ഭാഗമായ കാലാപാനി, ലിപുലേഖ്, ലിമ്പിയാധുര തുടങ്ങിയ പ്രദേശങ്ങൾ സ്വന്തം ഭൂപടത്തിൽ ഉൾപ്പെടുത്തിയാണ് നേപ്പാളിലെ ഒലി സർക്കാർ ഇന്ത്യ വിരുദ്ധ നിലപാട് സ്വീകരിച്ചത്. എന്നാൽ നേപ്പാൾ ജനസമൂഹത്തിൽ ചൈനയെക്കാളും ഇന്ത്യയോടുള്ള മമത സർക്കാരിന് തിരിച്ചടിയാവുകയായിരുന്നു. ഇതിനൊപ്പം നേപ്പാളിന്റെ ചില ഗ്രാമപ്രദേശങ്ങളിൽ ചൈന കടന്ന് കയറ്റം നടത്തിയതും ഒലി സർക്കാരിന് ക്ഷീണമായി. നേപ്പാളിന്റെ ഭാഗത്ത് നിന്ന് തുടർച്ചയായി പ്രകോപനങ്ങൾ ഉണ്ടായെങ്കിലും സംയമനം പാലിക്കുകയായിരുന്നു ഇന്ത്യ ചെയ്തത്.
അതേസമയം നയതതന്ത്രത്തിന്റെ പാതയിൽ നേപ്പാളിനെ നിലയ്ക്ക് നിർത്തുവാനുമുള്ള ശ്രമങ്ങൾ നടത്തിയിരുന്നു. ഇതിന്റെ ഭാഗമായി മുൻ നിലപാടുകളിൽ നിന്നും നേപ്പാൾ സർക്കാർ പിന്നോട്ട് പോയി. പുതിയ ഭൂപടം അടങ്ങിയ പാഠപുസ്തകങ്ങൾ വിതരണം ചെയ്യാതെയും, നവരാത്രി ആഘോഷ കാർഡുകളിൽ സർക്കാർ പഴയ ഭൂപടം ഉൾപ്പെടുത്തിയുമാണ് നിലപാടിൽ തങ്ങൾ മാറ്റം വരുത്തിയെന്ന സൂചന നേപ്പാൾ പുറത്ത് വിട്ടത്. ഇന്ത്യയുടെ സ്വാതന്ത്ര്യദിനത്തിൽ ആശംസ നേരാനും നേപ്പാൾ മടികാട്ടിയിരുന്നില്ല.