ബംഗളൂരു: എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റിന്റെ കസ്റ്റഡിയിലുളള ബിനീഷ് കോടിയേരിയെ നേരിൽ കാണണമെന്ന ആവശ്യവുമായി സഹോദരൻ ബിനോയ് കോടിയേരി. ഇക്കാര്യം ആവശ്യപ്പെട്ട് ബിനോയ് കർണാടക ഹൈക്കോടതിയെ സമീപിച്ചു. ബിനീഷിനെ കാണാൻ എൻഫോഴ്‌സ്‌മെന്റ് സമ്മതിക്കുന്നില്ലെന്നും വക്കാലത്ത് ഒപ്പിടുവിക്കാൻ പോലും ഇതുവരെ കഴിഞ്ഞിട്ടില്ലെന്നും ബിനോയ് പറയുന്നു. ബിനീഷിന് ആരോഗ്യ പ്രശ്‌നങ്ങളുണ്ടെന്ന് മാദ്ധ്യമങ്ങൾ വഴി അറിഞ്ഞതായും ബിനോയ് കോടതിയെ ധരിപ്പിച്ചിട്ടുണ്ട്.
അതേസമയം, തുടർച്ചയായ അഞ്ചാം ദിവസവും ബിനീഷിന്റെ ചോദ്യം ചെയ്യൽ എൻഫോഴ്‌സ്‌മെന്റ് ഓഫീസിൽ തുടരുകയാണ്. ഇ ഡി ഓഫീസിലെത്തിച്ച ബിനീഷ് ഏറെ ശാരീരിക ബുദ്ധിമുട്ടുകൾ പ്രകടിപ്പിച്ചിരുന്നു. വളരെയധികം ബുദ്ധിമുട്ടിയാണ് അദ്ദേഹം പടികൾ നടന്നു കയറിയത്. ശാരീരിക ബുദ്ധിമുട്ടുകളുണ്ടെന്നും താൻ അവശനാണെന്നും ബിനീഷ് എൻഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥരെ അറിയിച്ചു.