തിരുവനന്തപുരം: സർക്കാർ നിർദ്ദേശിക്കുന്ന വഴിവിട്ട കാര്യങ്ങൾ ചെയ്‌ത് പ്രതിപക്ഷനേതാക്കളെ കളളക്കേസിൽ കുടുക്കാനുളള ശ്രമമാണ് ഡിജിപിക്കുളളതെന്ന ഗുരുതര ആരോപണവുമായി പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. സർക്കാരിന്റെ അഴിമതിയും സ്വജനപക്ഷപാതവും തുറന്നുകാട്ടുന്ന പ്രതിപക്ഷ നേതാക്കൾക്കെതിരെ കളളക്കേസെടുക്കാൻ ഡിജിപി മുൻകൈയെടുക്കുന്നു. ഈ നടപടി അവസാനിപ്പിച്ചില്ലെങ്കിൽ ഇതിന് ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ വലിയ വില നൽകേണ്ടി വരും.
യു.ഡി.എഫ് അധികാരത്തിൽ വന്നാൽ ആദ്യംതന്നെ ഡിജിപിയുടെ നടപടികൾക്കെതിരെ കമ്മീഷനെ വച്ച് അന്വേഷിപ്പിക്കും. പർച്ചേസിലൂടെ കോടിക്കണക്കിന് രൂപ അഴിമതി കാട്ടിയ ഡിജിപിയെ സർക്കാർ സംരക്ഷിക്കുന്നുവെന്നും ചെന്നിത്തല ആരോപിച്ചു. പി.ടി തോമസ്, കെ.എം ഷാജി, വി.ഡി സതീശൻ ഉൾപ്പടെ പ്രതിപക്ഷ എം.എൽ.എമാർക്കെതിരെ കളളക്കേസ് എടുക്കുകയാണ്.ഇവർക്കെതിരെ പ്രതികാരം തീർക്കാനെത്തിയാൽ യു.ഡി.എഫ് ശക്തമായിത്തന്നെ നേരിടും.കേരളം കണ്ട ഏറ്റവും വലിയ അഴിമതിയും കൊളളയും നടത്തുന്ന ഡിജിപിയാണ് ഇപ്പോൾ ഭരിക്കുന്നത്. പ്രതിപക്ഷ നേതാവ് പറഞ്ഞു. പോലീസ് ഹെഡ്ക്വാർട്ടേഴ്‌സിൽ നാലര വർഷം നടത്തിയ പർച്ചേസിലെയും അഴിമതി അക്കൗണ്ടന്റ് ജനറൽ റിപ്പോർട്ടിൽ കൊണ്ടുവന്നതാണ്. ആ റിപ്പോർട്ട് കോൾഡ് സ്‌റ്റോറേജിൽ വച്ചിരിക്കുകയാണ് സർക്കാർ.ഇതിന് പ്രത്യുപകാരമായി എംഎൽഎമാർക്കെതിരെ കേസെടുക്കുകയാണ് ഡിജിപി. സർക്കാരിന് വേണ്ടി എന്ത് വിടുപണിയും ഡിജിപി ചെയ്യും. ഇതിനെ നിയമപരമായി യുഡിഎഫ് നേരിടും. ചെന്നിത്തല അറിയിച്ചു.
വിജിലൻസ് തന്നെ ശിവശങ്കരനെ അഞ്ചാംപ്രതിയാക്കിയിരിക്കുകയാണ്. ഇതോടെ മുഖ്യമന്ത്രിയുടെ ഓഫീസിൽ നടന്നതെല്ലാം വൻ കൊളളയാണെന്ന് ബോദ്ധ്യപ്പെട്ടിരിക്കയാണ്. വടക്കാഞ്ചേരി ലൈഫ് ഫ്ളാറ്റുമായി ബന്ധപ്പെട്ടത് കൊളളയാണ്. ഇതിലൂടെ യഥാർത്ഥ പ്രതി മുഖ്യമന്ത്രിയാണ്. ഇതൊന്നും മുഖ്യമന്ത്രി അറിയാതെ നടക്കുമോ? അഞ്ചാംപ്രതി ശിവശങ്കറെങ്കിൽ ഒന്നാംപ്രതി മുഖ്യമന്ത്രിയാണ്. സിബിഐ അന്വേഷണത്തെ സർക്കാർ എതിർക്കുന്നത് എന്തിനെന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു.