medicine-

തിരുവനന്തപുരം: സർക്കാരിന്റെ ആരോഗ്യ സർവേ (കേരള ഇൻഫർമേഷൻ ഒഫ് റെസിഡന്റ്സ് ആരോഗ്യം നെറ്റ്‌വർക്കിന്റെ ഭാഗമായി കേരളത്തിൽ അനധികൃത മരുന്ന് പരീക്ഷണത്തിനും കാനഡ ആസ്ഥാനമായ ഗവേഷണ ഏജൻസി ശ്രമിച്ചതിനുള്ള രേഖകൾ പുറത്തായി. കാനഡയിൽ പരീക്ഷണാർത്ഥം നൽകിയ ഗുളിക കേരളത്തിൽ സർക്കാർ പദ്ധതിയുടെ ഭാഗമാക്കി രോഗികൾക്ക് നൽകാൻ പോപ്പുലേഷൻ ഹെൽത്ത് റിസർച്ച് ഇൻസ്റ്റിറ്റിയൂട്ട് (പി.എച്ച്.ആർ.ഐ) തീരുമാനിച്ചതിന്റെ തെളിവുകളാണ് ഇപ്പോൾ പുറത്തുവന്നത്. ഇതോടെ സർക്കാരിന്റെ പദ്ധതി കൂടുതൽ വിവാദത്തിലായി. അതേസമയം,സർക്കാർ മേഖലയിൽ ഈ മരുന്ന് പരീക്ഷിച്ചിട്ടില്ലെന്നാണ് ആരോഗ്യവകുപ്പ് പറയുന്നതെങ്കിലും സ്വകാര്യ മേഖലയിൽ പരീക്ഷിച്ചോയെന്ന ആശങ്കയും ഉയർന്നിട്ടുണ്ട്.

കിരൺ ആരോഗ്യ സർവേ വഴി സംസ്ഥാനത്തെ 10 ലക്ഷം പേരുടെ ആരോഗ്യവിവരങ്ങളാണ് ശേഖരിച്ചത്. ഇതിന്റെ ആദ്യഘട്ട ഡാറ്റകൾ നേരത്തെ തന്നെ ലഭിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പി.എച്ച്.ആർ.ഐ തലവനും മലയാളിയുമായ ഡോ. സലിം യൂസഫിന്റെ നേതൃത്വത്തിൽ കേരളത്തിൽ മരുന്നു പരീക്ഷണത്തിന് ശ്രമം നടത്തിയത്.

ഒറ്റമൂലിയെന്ന നിലയിൽ

കേരളത്തിൽ ജീവിതശൈലീ രോഗങ്ങൾ കൂടി വരുന്ന സാഹചര്യത്തിൽ കൊളസ്‌ട്രോളിനും രക്തസമ്മർദ്ദത്തിനും ഹൃദയസംബന്ധമായ അസുഖങ്ങൾക്കും ഉപയോഗിക്കാവുന്ന ഒറ്റമൂലിയെന്ന നിലയിൽ പോളി പിൽ എന്ന പുതിയ ഗുളികയ്ക്ക് വിപണി തുറക്കാനായിരുന്നു ഇവരുടെ ശ്രമം. എന്നാൽ, വിവാദങ്ങളുണ്ടാകുമെന്ന് മുൻകൂട്ടി കണ്ട് പോളി പിൽ എന്നതിന് പകരം ഗുളികയ്ക്ക് പോളിഫാർമസി എന്ന് പേരുമാറ്റി ഉപയോഗിക്കാൻ നിർദ്ദേശിക്കുകയായിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി സർവേയുമായി സഹകരിച്ച ഹെൽത്ത് ആക്ഷൻ ബൈ പീപ്പിളിന്റെ ഡോ.വിജയകുമാർ ഡോ. സലിമിന് ഇമെയിൽ അയച്ചു. പിന്നീട് മരുന്നു പരീക്ഷണവുമായി ബന്ധപ്പെട്ട് കാനഡയിൽ സംഘടിപ്പിച്ച കോൺഫറൻസിൽ മുൻ ആരോഗ്യ സെക്രട്ടറി രാജീവ് സദാനന്ദനും ഡോ. വിജയകുമാറും ആരോഗ്യവകുപ്പിലെ ഡോ. ബിപിൻ ഗോപാലും പങ്കെടുത്തു. ഇതിന് പിന്നാലെയാണ് കാനഡയിൽ കുറച്ചുപേരിൽ മാത്രം പരീക്ഷിച്ച ശേഷം രണ്ടാംഘട്ടം എന്ന നിലയിൽ ഗുളിക കേരളത്തിൽ പരീക്ഷിക്കാൻ തീരുമാനിച്ചത്. കേരള സർക്കാരിന്റെ ആരോഗ്യ പദ്ധതിയിൽ ഉൾപ്പെടുത്തി ഗുളിക സൗജന്യമായി നൽകാനായിരുന്നു ആലോചന. ഇതിനായി ബഹുരാഷ്ട്ര കുത്തക മരുന്ന് കമ്പനികളും രംഗത്തെത്തിയിരുന്നു.

തുടർ വിവരങ്ങൾ നൽകാനും ധാരണ

10 ലക്ഷം പേരുടെ സമഗ്ര ആരോഗ്യ സർവേ വിവരങ്ങൾ കൈമാറിയതിനൊപ്പം 10 വർഷത്തെ തുടർ സർവേ വിവരങ്ങളും കാനഡയിലെ പി.എച്ച്.ആർ.ഐയ്ക്ക് നൽകാൻ ധാരണയായിരുന്നെന്ന വിവരവും പുറത്തുവന്നിട്ടുണ്ട്.

ആദ്യ സർവേയിൽ പങ്കെടുത്ത കുടുംബങ്ങളെ വർഷം തോറും സന്ദർശിച്ചു വിവരങ്ങൾ ശേഖരിക്കും. സർവേയുടെ ഏകോപനം നിർവഹിച്ച അച്ചുത മേനോൻ സെന്റർ ഫോർ മെഡിക്കൽ സയൻസ് സ്റ്റഡീസിന്റെ രേഖകളിലും 10 വർഷം തുടർ സർവേ ഉണ്ടെന്നു വ്യക്തമാക്കിയിട്ടുണ്ട്. പി.എ.എച്ച്.ആർ.ഐയുടെ സോഫ്റ്റ്‌വെയർ ഉപയോഗിച്ചാണു സർവേ നടത്തിയത്. സർവേയിൽ പങ്കെടുത്ത കുടുംബാംഗങ്ങളിൽ രണ്ട് വയസിന് മുകളിലുള്ളവരുടെ ചികിത്സാ ചരിത്രം, കഴിക്കുന്ന മരുന്നുകൾ, വിദ്യാഭ്യാസം, തൊഴിൽ, മദ്യപാന ശീലം, പുകയില ഉപയോഗം എന്നിവ ശേഖരിച്ചു. അടുത്ത 10 വർഷത്തേക്ക് ഈ വീടുകൾ സന്ദർശിച്ചു വിവരങ്ങൾ ശേഖരിക്കാൻ രേഖാമൂലം അനുമതിയും വാങ്ങുകയായിരുന്നു.