ഒരിടത്ത് വികസനം അട്ടിമറിച്ചെന്നാരോപിച്ച് രാവും പകലും ഉപവാസസമരം . മറ്റൊരിടത്ത് വികസന മുരടിപ്പിന്റെ പേരിൽ പ്രതിഷേധ ധർണ. തിരഞ്ഞെടുപ്പ് അടുത്തതോടെ കോട്ടയത്താണ് ഭരണപ്രതിപക്ഷ കക്ഷികൾ കൊമ്പുകോർത്ത സമരമുറകൾ കൊണ്ടും കൊടുത്തും അരങ്ങേറിയത്.
കോട്ടയം നിയോജകമണ്ഡലത്തിൽ താൻ കൊണ്ടുവന്ന പതിനാറ് വികസന പദ്ധതികൾ ഇടതുമുന്നണി അട്ടിമറിച്ചെന്നാരോപിച്ച് തിരുവഞ്ചൂർ രാധാകൃഷ്ണൻ തിരുനക്കര മൈതാനിയിൽ ഒരു രാവും പകലും ഉപവാസസമരം നടത്തി . തിരുവഞ്ചൂർ കാരണം കോട്ടയത്ത് വികസന മുരടിപ്പാണെന്നാരോപിച്ച് സി.പി.എം നടത്തിയ ധർണയുടെ പിറകേയായിരുന്നു ബദൽപരിപാടിയായി തിരുവഞ്ചൂരിന്റെ ഉപവാസ സമരം. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടകനായും മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി നാരങ്ങാനീരു കൊടുത്ത് സമാപന സമ്മേളന ഉദ്ഘാടകനുമായുള്ള തിരുനക്കര മൈതാനിയിലെ ഉപവാസ പരിപാടിയിൽ തോരാ മഴപോലെ നേതാക്കൾ ഒന്നിനു പിറകെ ഒന്നായി പ്രസംഗിച്ചു. പുറമേ ആളെ കൂട്ടാൻ ഗാനമേളകൂടി ആയതോടെ സംഗതി അടിപൊളി.
കെ.എസ്.ആർ.സി ബസ് ടെർമിനൽ., കോടിമത രണ്ടാം പാലം, ചിങ്ങവനം സ്പോർട്സ് അക്കാദമി, ആകാശ പാത, മീനച്ചിലാർ റഗുലേറ്റർ കം ബ്രിഡ്ജ്, കച്ചേരിക്കടവ് ടൂറിസം പദ്ധതി തുടങ്ങി പതിനാറ് പദ്ധതികൾ പാതിവഴിയിൽ നിലച്ചത് സി.പി.എം നേതാക്കൾ ടോർപ്പിഡോ വെച്ചതു കൊണ്ടാണെന്നാണ് തിരുവഞ്ചൂരിന്റെ ആരോപണം. അതേസമയം തിരുവഞ്ചൂരിന്റെ കഴിവില്ലായ്മ കൊണ്ട് വിവിധ പദ്ധതികൾ മുടങ്ങിയതിന് തങ്ങളെ വികസന വിരോധികളായി ചിത്രീകരിക്കുകയാണെന്നാണ് സി.പി.എം നേതാക്കളുടെ മറുപടി. പനച്ചിക്കാട് നവരാത്രി ആഘോഷം ഉദ്ഘാടനം ചെയ്യാൻ പോയ തിരുവഞ്ചൂർ അവിടെ ഭക്ഷണ വിതരണം നടത്തുന്ന സേവാഭാരതിയുടെ സ്ഥലവും സന്ദർശിച്ചിരുന്നു. ഇത് തിരുവഞ്ചൂരിന്റെ ആർ.എസ്.എസ് സംഘപരിവാർ ബന്ധത്തിന്റെ തെളിവായി ഉയർത്തിപ്പിടിച്ച് ഇടതുമുന്നണി പ്രതിഷേധ ധർണയും നടത്തി. ശീമാട്ടി റൗണ്ടാനയിൽ കാൽനടയാത്രക്കാർക്ക് റോഡ് മുറിച്ചു കടക്കുന്നതിനു സഹായമായി നിർമിച്ച ആകാശപാതയുടെ നിർമാണം പാതിവഴിയിൽ നിലച്ചിട്ട് വർഷങ്ങളായി. നോക്കുകുത്തി പോലെ നിൽക്കുന്ന ആകാശപാത പൊളിച്ചു കളയണമെന്നാവശ്യപ്പെട്ട് , വാഴനട്ടും പച്ചക്കറി വള്ളികൾ പടർത്തിയും ഊഞ്ഞാൽ കെട്ടിയും നിരവധി സമരങ്ങൾ നടത്തിയിരുന്നു. ആകാശപാതയെ നോക്കുകുത്തിയാക്കിയത് സി.പി.എം നേതാക്കളുടെ ഇടപെടലാണെന്നാണ് തിരുവഞ്ചൂരിന്റെ ആരോപണം.
നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തു വരുന്നതോടെ തിരുവഞ്ചൂരിന്റെ വികസന മുരടിപ്പ് പ്രചാരണായുധമാക്കാൻ സി.പി.എം കളിക്കുമ്പോൾ അതിലും വലിയ കാർഡിറക്കി വികസനവിരോധം വോട്ടാക്കി മാറ്റാനാണ് തിരുവഞ്ചൂരിന്റെ ശ്രമം. അതിനാണ് പ്രതിപക്ഷ നേതാവിനെ ഉദ്ഘാടകനാക്കിയും നാരങ്ങാനീര് നൽകി ഉപവാസം അവസാനിപ്പിക്കാനുള്ള റോൾ ഉമ്മൻചാണ്ടിയ്ക്ക് നൽകിയും കോട്ടയത്തെ ഒരുവിധം നേതാക്കൾക്ക് പ്രസംഗത്തിന് അവസരം നൽകിയുമുള്ള തിരുവഞ്ചൂരിന്റെ മറുകളി. രണ്ടുകൂട്ടരും അടുത്ത നിയമസഭാ തിരഞ്ഞെടുപ്പ് വരെ ഇതിലും വലിയ കളികൾ നടത്തുമെന്നതിന്റെ മുന്നോടിയായി ബദലുക്ക് ബദൽ പരിപാടികൾ .
നാട്ടുകാരാകട്ടെ വർഷങ്ങളായി അരങ്ങേറുന്ന ഈ സമരമുറകൾ കണ്ട് മടുത്തു. പാലായിൽ കെ.എം.മാണി തുടങ്ങിവച്ച പല പദ്ധതികളും മാണിയുടെ മരണശേഷം നടന്ന ഉപതിരഞ്ഞെടുപ്പിൽ ജയിച്ച് മറ്റൊരു മാണിച്ചായനായ് മാറിയ കാപ്പൻ പൂർത്തിയാക്കി കൈയ്യടി നേടി. അവിടെ വികസന കാര്യത്തിൽ കൊടിയുടെ നിറമോ പാർട്ടിയോ നോക്കാതെയുള്ള രാഷ്ടീയ യോജിപ്പാണുള്ളത്. അതിന്റെ വികസനനേട്ടം അവിടെ കാണാനുമുണ്ട്. കോട്ടയം മണ്ഡലത്തിൽ മാത്രം രാഷ്ടീയത്തിന്റെ പേരിൽ വികസന പദ്ധതികൾ മുടക്കാനുള്ള കളിയാണ് നടക്കുന്നത്. മാസങ്ങളായി അരങ്ങേറുന്ന ഈ കൂത്തുകൾ കണ്ട് മടുത്തു നാട്ടുകാർക്ക് .