ന്യൂഡൽഹി: കൊവിഡ് സൃഷ്‌ടിച്ച കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടെ രാജ്യത്തെ സമ്പദ് വ്യവസ്ഥയെ ഉണർത്താനുളള ഉത്തേജക പാക്കേജ് പ്രഖ്യാപിക്കാൻ കേന്ദ്ര സർക്കാർ തയ്യാറെടുക്കുന്നതായി വിവരം. അതേസമയം എന്നത്തേക്ക് കേന്ദ്രസർക്കാർ പ്രഖ്യാപനമുണ്ടാകും എന്ന കാര്യത്തിൽ വ്യക്തതതയില്ല. കേന്ദ്ര ധന സെക്രട്ടറി അജയ് ഭൂഷൺ പാണ്ഡെയാണ് ഉത്തേജക പാക്കേജിനെ സംബന്ധിച്ചുളള സൂചന മാദ്ധ്യമങ്ങൾക്ക് നൽകിയത്.
രാജ്യത്തെ സാമ്പത്തിക രംഗം ഇപ്പോൾ മെച്ചപ്പെട്ട് വരികയാണ്. രാജ്യം സുസ്ഥിര വികസനത്തിലേക്കുളള യാത്രയിലാണ്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഒക്ടോബറിൽ ജി എസ് ടി വരുമാനം പത്ത് ശതമാനം വർദ്ധിച്ച് 1,05,155 കോടിയായി. രാജ്യത്തെ വൈദ്യുതി ഉപഭോഗം, കയറ്റുമതി, ഇറക്കുമതി എന്നിവയും കൂടി. അടുത്ത അഞ്ച് മാസത്തേക്ക് കൂടി ഈ വളർച്ച നിലനിർത്താനായാൽ സമ്പദ്‍രംഗം കൂടുതൽ മെച്ചപ്പെടും. മാർച്ചിന് ശേഷം നിരവധി ഉത്തേജക പാക്കേജുകൾ കേന്ദ്ര ധനമന്ത്രി പ്രഖ്യാപിച്ചു. ഇതൊരു തുടർ പ്രക്രിയയാണെന്നാണ് ധനസെക്രട്ടറി പറയുന്നത്.
രാജ്യത്തെ ഏതു വിഭാഗക്കാരാണ് പ്രശ്‌നം നേരിടുന്നത്, ഏതെല്ലാം ജനവിഭാഗങ്ങൾക്ക് എന്തെല്ലാം തരം സഹായമാണ് വേണ്ടത് തുടങ്ങിയ കാര്യങ്ങൾ കേന്ദ്രസർക്കാർ സൂക്ഷ്‌മമായി പരിശോധിച്ച് വരികയാണെന്ന് അജയ്ഭൂഷൺ പാണ്ഡെ പറഞ്ഞു. വ്യാവസായിക വിഭാഗങ്ങൾ, ട്രേഡ് അസോസിയേഷനുകൾ, മന്ത്രാലയങ്ങൾ എന്നിവിടങ്ങളിൽ നിന്നെല്ലാം നിർദേശങ്ങൾ സ്വീകരിക്കുന്നുണ്ട്. ഇതെല്ലാം പരിശോധിച്ച് സാമ്പത്തിക രംഗത്ത് എന്താണ് ആവശ്യമെന്ന് മനസിലാക്കി യഥാസമയം കൃത്യമായി നടപടിയെടുക്കുമെന്ന് അജയ്ഭൂഷൺ പാണ്ഡെ വ്യക്തമാക്കി.