മത്സ്യബന്ധന ലേലവും വിപണനവും ഗുണനിലവാര പരിപാലനവും ഓർഡിനൻസ് ഈ മേഖലയിലെ ചൂഷണം അവസാനിപ്പിക്കുന്നതിനു പകരം പുതിയൊരു ചൂഷകവർഗത്തെ സൃഷ്ടിക്കാൻ മാത്രം ഉതകുന്നതാണ്. ഇത് നിയമവിരുദ്ധവും അപ്രായോഗികവും എന്ന് മാത്രമല്ല മത്സ്യതൊഴിലാളികളെ കൂടുതൽ പ്രതിസന്ധിയിലേക്ക് തള്ളിവിടുന്നതുമാണ്.
ഈ ഓർഡിനൻസിന്റെ മൂന്നാംവകുപ്പ് മത്സ്യബന്ധന രീതികളെക്കുറിച്ചുള്ള അടിസ്ഥാനഗ്രാഹ്യമില്ല എന്നു തെളിയിക്കുന്നതാണ്. കേരളത്തിലെ 228 മത്സ്യഗ്രാമങ്ങളിൽ 23 ഹാർബറുകളും ഏതാനും ചില ഫിഷ് ലാന്റിംഗ് സെന്ററുകളും മാത്രമാണ് സർക്കാരിന്റെ സമ്പൂർണ നിയന്ത്രണത്തിലുള്ളത്. മറ്റെല്ലാ ഗ്രാമങ്ങളിലും പരമ്പരാഗത മത്സ്യതൊഴിലാളികൾ തലമുറകളായി മത്സ്യബന്ധനം നടത്തി വരികയാണ്. ഈ നിയമം നിലവിൽ വന്നതോടെ ബഹുഭൂരിപക്ഷം വരുന്ന ഈ യാനങ്ങളിലെ മത്സ്യബന്ധനം നിയമവിരുദ്ധമായി മാറുകയും ഈ തൊഴിലാളികൾ ശിക്ഷിക്കപ്പെടാവുന്ന സാഹചര്യം സംജാതമാവുകയും ചെയ്യും.
ഓർഡിനൻസിലെ നാലാം വകുപ്പിൽ ലേലത്തുകയുടെ അഞ്ച് ശതമാനം സർക്കാരിന് വസൂലാക്കാമെന്ന് പറയുന്നതും, ഈ തുക ലേലക്കാരൻ, മത്സ്യതൊഴിലാളി വികസന സഹകരണ സംഘം, തദ്ദേശ സ്വയംഭരണ സ്ഥാപനം, ഫിഷ് ലാന്റിംഗ് സെന്റർ / ഹാർബർ / ഫിഷ് മാർക്കറ്റ്, മാനേജ്‌മെന്റ് സൊസൈറ്റി , സർക്കാർ എന്നിവർക്കായി വിഭജിക്കപ്പെടുമെന്നും പ്രതിപാദിക്കുന്നു. മത്സ്യതൊഴിലാളിയുടെ വരുമാനത്തിൽ നിന്ന് ലേല ഫീസ് എന്ന പേരിൽ സർക്കാരിലേക്ക് പണം സ്വരൂപിക്കുന്നത് പരോക്ഷ നികുതി തന്നെയാണ്. ഇത് ജി.എസ്.ടി ആക്ടിനും ഇൻകം ടാക്സ് ആക്‌ടിനും വിരുദ്ധമാണ്.
നിലവിൽ കേരളത്തിലെ മത്സ്യഗ്രാമങ്ങളിലൊക്കെ മത്സ്യസഹകരണ സംഘങ്ങൾ മാതൃകാപരമായി പ്രവർത്തിക്കുന്നുണ്ട്. അവർ അഞ്ച് ശതമാനം ലേലത്തുകയായി സ്വീകരിക്കുന്നെങ്കിൽ അതിൽ ഒന്നര ശതമാനം മത്സ്യതൊഴിലാളിക്ക് ബോണാസായും ഒന്നര ശതമാനം മത്സ്യതൊഴിലാളിയുടെ ക്ഷേമപ്രവർത്തനങ്ങൾക്കു വേണ്ടി സംഘങ്ങൾക്കും ഒന്നര ശതമാനം ലേലക്കാരനും അരശതമാനം മത്സ്യതൊഴിലാളി ക്ഷേമനിധി ബോർഡിലേക്കുമാണ് വിനിയോഗിക്കപ്പെടുന്നത്. എന്നാൽ ഈ ഓർഡിനൻസ് നിലവിൽ വന്നതോടെ ഒറ്റയടിക്ക് ഈ സംഘങ്ങളുടെ പ്രവർത്തനങ്ങളെയെല്ലാം തകർക്കുകയാണ് . നിലവിൽ ഹാർബറുകളിൽ അഡ്വാൻസ് ഇല്ലാത്ത വള്ളങ്ങൾക്കോ, ബോട്ടുകൾക്കോ ശരാശരി ഒരു ശതമാനം ലേല ഫീസാണ് ഈടാക്കിക്കൊണ്ടിരിക്കുന്നത്. എന്നാൽ യാനങ്ങളുടെ നിർമ്മാണ വേളയിൽ ലേലക്കാരിൽ നിന്നും പലിശരഹിത തുക സ്വീകരിക്കുന്ന പക്ഷം ഇതു രണ്ടും മൂന്നും അഞ്ചും വരെ ശതമാനമായി പലപ്പോഴും ഉഭയകക്ഷി സമ്മതപ്രകാരം തീരുമാനിക്കപ്പെടുന്നു. ഇത് നിജപ്പെടുത്തണമെങ്കിൽ സർക്കാർ ചെയ്യേണ്ടത് മത്സ്യബന്ധന യാനങ്ങളുടെ നിർമ്മാണ ചിലവിന് അനുസൃതമായിട്ടുള്ള വായ്‌പ കാർഷിക വായ്പയുടെ പലിശനിരക്കിൽ ഇവർക്ക് അനുവദിക്കേണ്ടതാണ്. എങ്കിൽ മാത്രമേ ( ലേലക്കാരല്ല) ബ്ലെയിഡ് പലിശക്കാരുടെ നിയന്ത്രണത്തിൽ നിന്നും അവർക്ക് മോചനം ലഭിക്കുകയുള്ളൂ. ഈ ഓർഡിനൻസിൽ എങ്ങും അങ്ങനെയൊരു ശ്രമം നടക്കുന്നതായി കാണാൻ സാധിക്കുന്നില്ല.
19ാം വകുപ്പിൽ മത്സ്യത്തിന്റെ അടിസ്ഥാന വില നിശ്ചയിക്കാനുള്ള അധികാരം ഹാർബർ മാനേജ്‌മെന്റ് സൊസൈറ്റിക്ക് നൽകിയിരിക്കുകയാണ്. എന്നാൽ വ്യത്യസ്തമായ മത്സ്യബന്ധന രീതികൾ കാരണം പലയിനം മത്സ്യങ്ങൾക്കും വ്യത്യസ്തമായ സൈസും വ്യത്യസ്തമായ ഗുണനിലവാരവും നിലനിൽക്കുന്നതിനാൽ സർക്കാർ ജീവനക്കാരും ട്രേഡ് യൂണിയൻ നേതാക്കന്മാരും അടങ്ങുന്ന ഈ സമിതിക്ക് എങ്ങനെ പ്രായോഗികമായി ഒറ്റവില നിശ്ചയിക്കാൻ സാധിക്കും.
ഇതിനെത്തുടർന്നുള്ള 20, 21 വകുപ്പുകൾ അപ്രായോഗികമെന്നു മാത്രമല്ല അപഹാസ്യവും കൂടിയാണ്. രാത്രി കാലങ്ങളിൽ മത്സ്യ ബന്ധനത്തിന് പോയി വരുന്ന മത്സ്യതൊഴിലാളി പിറ്റേന്ന് പകൽ മുഴുവൻ സർക്കാർ ഉദ്യോഗസ്ഥന്റെ മുന്നിൽ പോയിരുന്ന് മത്സ്യത്തിന്റെ ഉറവിടം, പിടിച്ചെടുത്ത മാർഗം, ഗുണനിലവാരത്തിന്റെ വിശദാംശങ്ങൾ, ഭക്ഷ്യയോഗ്യമാണെന്ന രേഖകൾ തുടങ്ങിയവ നൽകി സാക്ഷ്യപത്രം വാങ്ങിക്കണമെന്നുള്ള വ്യവസ്ഥ മത്സ്യബന്ധന രീതികളെക്കുറിച്ച്, പുലബന്ധം പോലുമില്ലാത്ത ആരുടെയോ ഭാവനാ സൃഷ്ടിയാണ്.
ഇതിൽ നിർദ്ദേശിക്കുന്ന ശിക്ഷാ നടപടികൾ തന്നെ, ഈ ഓർഡിനൻസ് എത്രത്തോളം മത്സ്യ തൊഴിലാളി വിരുദ്ധമാണെന്ന് തെളിയിക്കുന്നതാണ്. 29 - ാം വകുപ്പിൽ പ്രതിപാദിക്കുന്ന പിഴ ശിക്ഷ ഈ ഓർഡിനൻസിലെ 13, 18, 22 എന്നീ വകുപ്പുകളിലെ ഏതെങ്കിലും വ്യവസ്ഥകളുടെ ലംഘനവുമായി ബന്ധപ്പെട്ടതാണ്. അതിന്റെ ശിക്ഷ 10,000 രൂപയിൽ തുടങ്ങി 1,00,000 രൂപ വരെയാണ്. ഈ വകുപ്പുകളിൽ പ്രതിപാദിക്കുന്നത് ഐസ് പ്ലാന്റ്, പൂർവസംസ്‌കരണ കേന്ദ്രം, സംസ്‌കരണ കേന്ദ്രം, പരിവഹന സൗകര്യം എന്നിവയെക്കുറിച്ചാണ്. വളരെ ശ്രദ്ധേയമാകുന്നത് ഇവരാരും തന്നെ മത്സ്യതൊഴിലാളികളല്ല എന്നും മറിച്ച് വൻകിടക്കാരാണെന്നുമാണ്. എന്നാൽ 30 -ാം വകുപ്പ് പ്രകാരം മത്സ്യതൊഴിലാളികൾക്ക് നിജപ്പെടുത്തിയിരിക്കുന്ന ശിക്ഷ രണ്ട് മാസം ജയിൽവാസമോ, ഒരു ലക്ഷം രൂപ പിഴയോ തുടങ്ങി ഒരു വർഷം ജയിൽവാസമോ, അഞ്ചു ലക്ഷം രൂപ പിഴയോ എന്നതാണ്.
മത്സ്യതൊഴിലാളിക്ക് സർക്കാർ ഉദ്യോഗസ്ഥന്റെ തെറ്റായ തീരുമാനത്തിനെതിരെ അപ്പീൽ പോകണമെങ്കിൽ അവർ പിഴത്തുക മൊത്തം കെട്ടിവയ്ക്കണമെന്ന് ഓർഡിനൻസിൽ നിഷ്‌കർഷിക്കുമ്പോൾ തന്നെ ഒരു ഉദ്യോഗസ്ഥൻ എടുക്കുന്ന തീരുമാനത്തിൽ തെറ്റ് സംഭവിച്ചാൽ ആ വ്യക്തിക്കെതിരെ യാതൊരു വ്യവഹാരമോ, നിയമനടപടികളോ നിലനിൽക്കുന്നതല്ല എന്നുകൂടി പ്രതിപാദിക്കുന്നു. മത്സ്യത്തൊഴിലാളികളെ സംരക്ഷിക്കാൻ വേണ്ടി സൃഷ്ടിക്കപ്പെട്ട വകുപ്പ് തന്നെ മത്സ്യതൊഴിലാളികളെയാകെ കുറ്റവാളികളായി ചിത്രീകരിക്കുന്നു. ഈ ഓർഡിനൻസ് റദ്ദാക്കുക മാത്രമെ മാർഗ്ഗമുള്ളൂ.
( ലേഖകൻ ആർ.എസ്.പി കേന്ദ്ര സെക്രട്ടേറിയറ്റ് അംഗമാണ് )