ഝാൻസി: നിരന്തരം തങ്ങളെ ലൈംഗികമായി ഉപദ്രവിച്ചിരുന്ന ജില്ലാ കോൺഗ്രസ് അദ്ധ്യക്ഷനെ പൊറുതിമുട്ടിയ രണ്ട് വനിതകൾ കൈകാര്യം ചെയ്‌തു. ഉത്തർപ്രദേശിലെ ഒരൈ ജില്ലാ കോൺഗ്രസ് അദ്ധ്യക്ഷനാണ് ഇത്തരത്തിൽ സ്‌ത്രീകളുടെ കൈയുടെ ചൂടറിഞ്ഞത്. ലൈംഗിക ഉപദ്രവത്തിന് പുറമേ അശ്ളീല മെസേജുകൾ ഫോണിലൂടെ ഇയാൾ നിരന്തരം അയച്ചിരുന്നതായും സ്ത്രീ പറയുന്നു. ഒരൈ ജില്ലയിലെ സ്‌റ്റേഷൻ റോഡിൽ നടന്ന സംഭവത്തിന്റെ വീഡിയോ ആരോ സമൂഹമാദ്ധ്യമങ്ങളിലിട്ടിരുന്നു. ഇത് വൈറലായിട്ടുണ്ട്.
കോൺഗ്രസ് ജില്ലാ അദ്ധ്യക്ഷനായ അനുജ് മിശ്രയെ ആദ്യം ഒരു സ്ത്രീ ഷൂസൂരി അടിക്കുന്നത് വീഡിയോയിൽ കാണാം. മിശ്ര ഇവരോട് മാപ്പ് ചോദിക്കുന്നുണ്ടെങ്കിലും പൊലീസ് എത്തുന്നത് വരെ മർദ്ദനം തുടർന്നു. ഇവരിൽ ഒരാൾ കോൺഗ്രസിൽ മുൻ ജില്ലാ സെക്രട്ടറിയാണ്. ഇവരെ മിശ്ര സ്ഥാനത്ത് നിന്നും ഒക്‌ടോബർ 30ന് പുറത്താക്കിയിരുന്നു. മിശ്രയെ കുറിച്ച് ഉത്തർപ്രദേശ് സംസ്ഥാന അദ്ധ്യക്ഷനായ അജയ് കുമാർ ലല്ലുവിനോട് പരാതിപ്പെട്ടിട്ടും നടപടിയൊന്നും ഉണ്ടായില്ലെന്ന് വനിതകൾ പറയുന്നു. ഝാൻസി മുൻ എം.പി പ്രദീപ് ജെയിൻ ആദിത്യയെ സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ കോൺഗ്രസ് ചുമതലപ്പെടുത്തി.
എന്നാൽ പുറത്താക്കപ്പെട്ട യുവതിയുടെ പ്രവർത്തനം മോശമായതിനാലാണ് പാർട്ടി സ്ഥാനത്ത് നിന്നും പുറത്താക്കിയതെന്ന് മിശ്ര അറിയിച്ചു. സംഭവത്തിൽ കേസെടുത്തതായും യുവതികൾക്കെതിരെ അന്വേഷണം ആരംഭിച്ചതായും സ്ഥലം എസ്.പി യശ്‌വീർ സിംഗ് അറിയിച്ചു. ഇവർക്കെതിരെ പാർട്ടി നടപടി എടുക്കുമെന്ന് ഉത്തർപ്രദേശ് സംസ്ഥാന അദ്ധ്യക്ഷൻ അജയ് കുമാർ ലല്ലു പറഞ്ഞു.