kummanam-rajasekharan-

പത്തനംതിട്ട : ബി ജെ പി മുൻ സംസ്ഥാന അദ്ധ്യക്ഷനും മിസോറം മുൻ ഗവർണറുമായിരുന്ന കുമ്മനം രാജശേഖരനെതിരെ ആറൻമുള സ്വദേശി നൽകിയ പരാതി പിൻവലിച്ചു. കുമ്മനമടക്കം ഒൻപതു പേരെ പ്രതികളാക്കി ആറന്മുള പൊലീസ് കേസെടുത്തിരുന്നു. പാലക്കാട് ഭാരത് ബയോ പൊളിമർ കമ്പനിയിൽ പങ്കാളി ആക്കാമെന്ന് വാഗ്ദാനം ചെയ്ത് ആറൻമുള സ്വദേശിയും കുമ്മനത്തിന്റെ മുൻ പി.എയുമായ പ്രവീൺകുമാർ 28.75 ലക്ഷം രൂപ തട്ടിയെന്നാണ് പരാതി. ആറന്മുള പുത്തേഴത്ത് ഇല്ലം സി ആർ ഹരികൃഷ്ണനാണ് പരാതി നൽകിയത്. എന്നാൽ കുമ്മനത്തിനെ പ്രതിയാക്കി എന്ന റിപ്പോർട്ട് പുറത്ത് വന്നതോടെ പാർട്ടി നേതൃത്വം പരാതിക്കാരനുമായി സംസാരിച്ചുവെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. ഇതിനെ തുടർന്ന് കേസ് ഒത്തുതീർപ്പിലേക്കെത്തുകയായിരുന്നു. നൽകിയ മുഴുവൻ പണവും പരാതിക്കാരന് തിരികെ ലഭിച്ചതിനെ തുടർന്നാണ് പരാതി പിൻവലിച്ചതെന്നാണ് ലഭിക്കുന്ന സൂചന.


സ്വദേശി തുണി ഉത്പന്നങ്ങൾ നിർമ്മിച്ച് വിതരണം ചെയ്യുന്ന പാലക്കാട്ടെ പദ്ധതിക്കാണ് പ്രവീൺ പണം വാങ്ങിയതെന്ന് പരാതിയിൽ പറയുന്നു. കമ്പനിയുടെ പേരിൽ കൊല്ലങ്കോട് കനറാ ബാങ്ക് ശാഖയിലെ അക്കൗണ്ടിലേക്ക് പലപ്പോഴായി 35 ലക്ഷം രൂപ ഹരികൃഷ്ണൻ കൈമാറി. ഷെയർ സർട്ടിഫിക്കറ്റ് ചോദിച്ചപ്പോൾ നൽകിയില്ല. കമ്പനി രജിസ്‌ട്രേഷനുമായി ബന്ധപ്പെട്ട് ചില പ്രശ്നങ്ങൾ ഉണ്ടെന്ന് ചൂണ്ടിക്കാട്ടി 500 രൂപയുടെ മുദ്രപ്പപത്രത്തിൽ കരാർ എഴുതി ബ്ലാങ്ക് ചെക്ക് ഹരികൃഷ്ണന് ഉറപ്പിനായി നൽകി. കമ്പനി തുടങ്ങാൻ പറ്റാതെ വന്നപ്പോൾ ഹരികുമാർ ഇടപെട്ടതിനാൽ 6.25 ലക്ഷം രൂപ പ്രവീൺ തിരിച്ചുകൊടുത്തിരുന്നു. ബാക്കി കിട്ടാതിരുന്നപ്പോഴാണ് പത്തനംതിട്ട പൊലീസ് ചീഫിന് പരാതി നൽകിയത്.


കമ്പനി നടത്തിപ്പുകാരൻ എന്ന് പരിചയപ്പെടുത്തിയ പാലക്കാട് കൊല്ലങ്കോട് സ്വദേശി വിജയൻ, സേവ്യർ, ബി.ജെ.പി എൻ.ആർ.ഐ സെൽ കൺവീനർ എൻ. ഹരികുമാർ, വിജയന്റെ ഭാര്യ കൃഷ്ണവേണി, മക്കളായ ഡാലിയ, റാണിയ, സാനിയ എന്നിവരാണ് മറ്റ് പ്രതികൾ.

ചെങ്ങന്നൂർ ഉപതിരഞ്ഞെടുപ്പ് പ്രചാരണത്തിനിടയിലും മിസോറം ഗവർണർ ആയിരിക്കെ ശബരിമല സന്ദർശനത്തിനിടയിലും കുമ്മനത്തിന്റെ സാന്നിദ്ധ്യത്തിൽ പ്രവീണും ഹരികൃഷ്ണനും കൂടിക്കാഴ്ച നടത്തിയിരുന്നു. പ്രവീണിന്റേത് മികച്ച സംരംഭമെന്ന് കുമ്മനം അന്ന് പറഞ്ഞതിനെ തുടർന്നാണ് പണം നൽകിയതെന്നും പരാതിയിൽ ആരോപിച്ചിരുന്നു. എന്നാൽ തനിക്കെതിരെയുള്ള കേസ് രാഷ്ട്രീയ അജൻഡയുടെ ഭാഗമെന്നാണ് കുമ്മനം പ്രതികരിച്ചിരുന്നത്.