saritha-jose-k-mani

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടുമൊരു തിരഞ്ഞെടുപ്പ് കാലം പടിവാതിൽക്കൽ എത്തി നിൽക്കെ സോളാർ കേസും സരിത എസ് നായരും ചർച്ചാവിഷയമാവുകയാണ്. സ്വർണക്കടത്തും ലൈഫ് മിഷനും മയക്കുമരുന്ന് കേസിനെയുമൊക്കെ പ്രതിരോധിക്കാൻ സോളാർ കേസിനെ പൊടിതട്ടിയെടുക്കാനുളള നീക്കമാണ് സി പി എം നടത്തുന്നത്. അതിനിടെ മുല്ലപ്പളളിയുടെ നാവിൽ നിന്ന് സരിതക്കെതിരെ വീണ പ്രയോഗം ഇടതുമുന്നണിക്ക് പിടിവളളിയായി. രാഷ്ട്രീയ വിവാദങ്ങൾക്കിടെ സോളാർ നായിക സരിത എസ് നായർ കേരളകൗമുദി ഓൺലൈനിനോട് മനസ് തുറക്കുന്നു.

കേരളീയ പൊതുമണ്ഡലത്തിൽ സോളാർ കേസും സരിത എസ് നായർ എന്ന പേരും വീണ്ടും സജീവമാവുകയാണ്

ഞാൻ മനപൂർവ്വമായിട്ട് ഒന്നും ചെയ്യുന്നില്ല. അറിയാമല്ലോ..

ഇന്നലെ കെ പി സി സി അദ്ധ്യക്ഷൻ നടത്തിയ പ്രസംഗത്തിനിടെയാണ് സരിത എന്ന പേര് വീണ്ടും വാർത്തകളിൽ വലിയ രീതിയിൽ ഇടം നേടുന്നത്. ആ പരാമർശത്തോടുളള പ്രതികരണം എന്താണ്?

അദ്ദേഹം പറഞ്ഞതു പോലെ തരംതാണ രീതിയിൽ മറുപടി പറയാൻ ഞാനില്ല. എനിക്കത് സാധിക്കില്ല. 'അ'യിൽ തുടങ്ങുന്ന ഒരു മോശമായ പദപ്രയോഗമാണ് അദ്ദേഹം എനിക്കെതിരെ ഉപയോഗിച്ചത്. അങ്ങനെയുളള ഒരു കാറ്റഗറി സ്‌ത്രീകൾക്കിടയിൽ ഉണ്ടെന്ന് ഇദ്ദേഹത്തിന് എന്തെങ്കിലും മാനദണ്ഡം നിശ്ചയിച്ച് പറയാൻ പറ്റുമോ? അതിന്റെ അളവുകോൽ എന്താണ്? അതിൽ അദ്ദേഹത്തിന് എന്തെങ്കിലും പരിചയസമ്പന്നതയുണ്ടോ? അദ്ദേഹം ഇതിൽ ഗവേഷണം നടത്തിയിട്ടുണ്ടോ? സ്വന്തം അമ്മയെ ബഹുമാനിക്കുന്ന ഒരു വ്യക്തിയും മറ്റ് സ്‌ത്രീകളെ, അവർ എത്ര മോശപ്പെട്ട സ്ത്രീയായാലും ഇങ്ങനെ മോശം പദപ്രയോഗം നടത്തില്ല. ഒരു സ്ത്രീയെ പൊക്കിക്കൊണ്ടുവന്നാൽ തീരുന്നതാണോ യു ഡി എഫിന്റെ ശക്തി? ഒരു സ്ത്രീ പീഡിപ്പിക്കപ്പെട്ടാൽ അവൾ ആത്മാഭിമാനമുണ്ടെങ്കിൽ മരിക്കുമെന്നാണ് അദ്ദേഹം പറഞ്ഞത്. അങ്ങനെയാണെങ്കിൽ കേരളത്തിലും ഇന്ത്യയിലും ലോകത്തും ബലാത്സംഗം ചെയ്യപ്പെടുന്ന സ്ത്രീകൾ മരിക്കണമെന്നാണോ ഇദ്ദേഹം പറയുന്നത്. എന്നെ പോലെ കുറച്ച് പേർ മാത്രമാണ് ഉണ്ടായ ദുരവസ്ഥ പുറത്തു പറയാൻ തയ്യാറായിട്ടുളളത്. ആ ദുരവസ്ഥ ഉണ്ടായ സ്‌ത്രീയ്‌ക്ക് സംരക്ഷണമാണ് കൊടുക്കേണ്ടത്. ഒരാളാൽ പീഡിപ്പിക്കപ്പെട്ടു, ഇനിയൊരു പീഡനമുണ്ടാകരുതെന്ന് മുല്ലപ്പളളി ആ പാർട്ടിയുടെ നേതാക്കളെയാണ് പഠിപ്പിക്കേണ്ടത്. അന്ന് കോൺഗ്രസിലെ സമുന്നതരായ നേതാക്കന്മാർ ഇടപ്പെട്ടതു കൊണ്ടാണ് മിക്ക കാര്യങ്ങളും ഞാൻ പുറത്തുപറയാതിരുന്നത്. ഒരാൾ ഉപദ്രവിച്ചു എന്ന് അറിഞ്ഞുകൊണ്ട് തന്നെ അവരെ സമാധാനിപ്പിക്കാൻ എന്ന വ്യാജേന യു ഡി എഫ് നേതാക്കൾ വീണ്ടും വീണ്ടും ഒരു സ്ത്രീയുടെ ദുർബലാവസ്ഥയെ മുതലെടുക്കുകയായിരുന്നു. ഇരയാക്കപ്പെടുന്ന സ്‌ത്രീയെ അപമാനിക്കുന്നത് പുരുഷ മേധാവിത്വമാണ്. അത് ഷോ ചെയ്യാനാണ് മുല്ലപ്പളളി ഇങ്ങനെയൊക്കെ പറഞ്ഞത്.

നിയമനടപടിയുമായി മുന്നോട്ട് നീങ്ങാനാണോ തീരുമാനം?

ഞാൻ ഡി ജി പിക്ക് പരാതി നൽകിയിട്ടുണ്ട്. വനിത കമ്മിഷനും പരാതി കൊടുക്കും. അദ്ദേഹം യു ഡി എഫാണോ എൽ ഡി എഫാണോ എന്നല്ല ഞാൻ കാണുന്നത്. സമുന്നത പദവി അലങ്കരിക്കുന്ന ഒരു പുരുഷൻ ആ പദവിക്ക് പോലും യോജിക്കാത്ത പദപ്രയോഗം പരസ്യമായി നടത്തുന്നത് ശരിയായ രീതിയാണെന്ന് എനിക്ക് തോന്നുന്നില്ല. ഇദ്ദേഹം ഇന്ന് തുടങ്ങിയല്ല. കഴിഞ്ഞ കുറച്ച് നാളുകളായി അദ്ദേഹത്തിന്റെ സ്‌ത്രീ വിരുദ്ധ പരാമർശങ്ങൾ നമ്മൾ വാർത്തകളിൽ കാണുന്നതാണ്. അദ്ദേഹത്തിന് എന്തോണോ പറയാനുളളത് അത് കോടതിയുടെ മുന്നിൽ പറയട്ടെ.

തിരഞ്ഞെടുപ്പ് കാലം അടുക്കുമ്പോൾ മാത്രമാണ് സരിത നായരും സോളാർ കേസും പൊങ്ങിവരുന്നതെന്നാണ് പ്രധാന ആക്ഷേപം. ആ സമയത്ത് മാത്രമാണ് സി പി എം ഈ വിഷയം ഉയർത്തി കൊണ്ടുവരുന്നത്. ആ വാദത്തോട് സരിത യോജിക്കുന്നുണ്ടോ?

തിരഞ്ഞെടുപ്പ് അടുക്കുമ്പോൾ ചെറിയ കാര്യങ്ങൾക്ക് പോലും വലിയ പ്രാധാന്യം കിട്ടും. ഈ പറഞ്ഞ സോളാർ കേസും അതുമായി ബന്ധപ്പെട്ട അന്വേഷണങ്ങളും കാലങ്ങളായി വളരെ സൈലന്റായിട്ട് നടക്കുകയാണ്. ഇപ്പോൾ തിരഞ്ഞെടുപ്പ് അടുക്കുന്ന സമയത്ത് ചെറിയൊരു മൂവ്‌മെന്റ് പോലും രാഷ്ട്രീയ പാർട്ടികളുടെ ശ്രദ്ധയിൽവരും. മാദ്ധ്യമങ്ങളുടെ മുമ്പിലേക്ക് ഞാനായിട്ട് പോവുന്നതല്ല. ഇന്നേ വരെ ഒരു മാദ്ധ്യമപ്രവർത്തകനോടും സംസാരിക്കാൻ താത്പര്യമില്ലെന്ന് ഞാൻ പറഞ്ഞിട്ടില്ല. എന്റെയടുത്ത് ചോദിക്കുന്നതിനുളള മറുപടികൾ ഞാൻ പറഞ്ഞിട്ടുണ്ട്. തിരഞ്ഞെടുപ്പ് അടുക്കുമ്പോൾ സോളാർ കേസ് മറ്റുളളവർ പോയിന്റ് ഔട്ട് ചെയ്‌ത് കൊണ്ടുവരുന്നതാണ്.

സോളാർ കേസിൽ ജുഡീഷ്യൽ കമ്മിഷൻ റിപ്പോർട്ട് സമർപ്പിച്ചപ്പോൾ വലിയ ബഹളവും ഒച്ചപ്പാടുമൊക്കെ ഉണ്ടായിരുന്നു. പക്ഷേ അതിനുശേഷം വലിയ അനക്കമൊന്നുമുണ്ടായിട്ടില്ല. ഈ കേസിന്റെ അന്വേഷണത്തിൽ തൃപ‌്‌തയാണോ? നീതി കിട്ടുമെന്ന് വിശ്വസിക്കുന്നുണ്ടോ?

ഈ കേസിൽ ഇടപെട്ടവരെല്ലാം സമുന്നതരായ നേതാക്കളായിരുന്നു. ഞാൻ കേസ് കൊടുത്തവർ ആരും തന്നെ സമൂഹത്തിലെ സാധാരണക്കാരല്ല. ഒരു നാട് ഭരിച്ചിരുന്ന ആൾക്കാർക്കെതിരെയാണ് ഞാൻ കേസുമായി മുന്നോട്ട് വന്നത്. പ്രാഥമികമായ മൊഴിയെടുപ്പ് കേസിൽ പതിനഞ്ച് ദിവസത്തോളം നടന്നിരുന്നു. അവർ മൊഴി വ്യക്തമായി പഠിച്ച ശേഷമാണ് ഇതിൽ ആറു പേർക്കെതിരായ കേസ് മുന്നോട്ട് കൊണ്ടുപോകുന്നത്. ആറ് കേസുകളിൽ വ്യത്യ‌സ്ത എഫ് ഐ ആറുകൾ അവർ രജിസ്റ്റർ ചെയ്‌തു. എഫ് ഐ ആർ രജിസ്റ്റർ ചെയ്‌ത ഉടൻ ഇരയുടെ മൊഴിയെടുക്കുകയല്ല അവർ ചെയ്‌തത്. എഫ് ഐ ആറിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ ശരിയാണോയെന്ന് അന്വേഷിച്ച് അറിയുകയാണ് ചെയ്‌തത്. അതിനെല്ലാം ശേഷമാണ് എന്റെ മൊഴിയെടുത്തത്. സ്വാഭാവികമായും അന്വേഷണത്തിൽ കാലതാമസമുണ്ടാകും. കാരണം എതിർഭാഗത്ത് നിൽക്കുന്നത് കേരളം ഭരിച്ചിരുന്ന മുഖ്യമന്ത്രി ഉൾപ്പടെയുളളവരാണ്. സ്വാഭാവികമായും അന്വേഷണത്തിൽ പിഴവുണ്ടായാൽ അതിനെ രാഷ്ട്രീയ ആയുധമാക്കി അവർ ചെയ്‌ത കുറ്റത്തിന്റെ തീവ്രത കുറയ്‌ക്കാൻ മാത്രമേ നേതാക്കൾ ശ്രമിക്കുകയുളളൂ. അത് അറിയാം എന്നുളളത് കൊണ്ടാണ് ഞാൻ സൈലന്റായിരിക്കുന്നത്.

അന്ന് സരിത ആരോപണം ഉന്നയിച്ച പല നേതാക്കളും ഇന്ന് സമൂഹത്തിൽ കുറച്ചുകൂടി ഉയർന്ന പൊസിഷനിലാണ്. എന്നാൽ മോശപ്പെട്ട ജീവിത സാഹചര്യമുണ്ടായത് സരിതയ്‌ക്കാണ്. സരിത ഒരു സ്‌ത്രീയായത് കൊണ്ടാണ് സമൂഹം ഈ രീതിയിൽ കണ്ടത് എന്ന വിഷമമുണ്ടോ?

മറ്റ് പാർട്ടികളിൽ ആരോപണം ഉണ്ടാകുന്ന വ്യക്തിയെ മാറ്റി നിർത്തി അവർക്കെതിരെ അന്വേഷണം നടത്തുന്ന ഒരു സമ്പ്രദായമുണ്ട്. പക്ഷേ കോൺഗ്രസ് പാർട്ടിയിൽ അങ്ങനെയൊരു സിസ്റ്റമില്ല. അവിടെ ആരോപണം ഉയരുന്ന ആളിനെ സംരക്ഷിക്കാൻ വേണ്ടിയാണ് എല്ലാവരും ശ്രമിക്കുന്നത്. ഇരയാക്കപ്പെട്ട സ്‌ത്രീയെ എത്രത്തോളം മോശമാക്കാമോ അത്രത്തോളം അവർ അപഹസിക്കും. മറ്റ്‌ പല വേലകളും കാണിക്കും. എന്റെ വാട്‌സാപ്പിൽ വന്ന വീഡിയോ ഉൾപ്പടെയുളള കാര്യങ്ങളാണ് ഞാൻ സൂചിപ്പിക്കുന്നത്. അത് ഇവിടെ മാത്രമല്ല. കോൺഗ്രസ് നേതാക്കൾ പ്രതിയായിട്ടുളള ഇന്ത്യയിലെ മറ്ര്‌ പീഡന കേസുകൾ എടുത്ത് നോക്കിയാലും ഇങ്ങനെ തന്നെയാണ്. മുല്ലപ്പളളി മാത്രമല്ല കമൽനാഥിന്റെ കാര്യവും നമുക്ക് അറിയാം. നേതാക്കന്മാരെ അച്ചടക്കം പഠിപ്പിക്കാൻ കോൺഗ്രസ് ശ്രമിക്കാറില്ല. പുരുഷ നേതാക്കന്മാർക്ക് കുട പിടിക്കാൻ കോൺഗ്രസിന് അകത്ത് ചില വനിത നേതാക്കന്മാർ നിൽക്കുന്നതാണ് ഏറ്റവും വലിയ കഷ്‌ടം.

അപ്പുറത്തുളളതെല്ലാം കോൺഗ്രസുകാരയതു കൊണ്ട് തന്നെ സി പി എമ്മിന്റെയും ബി ജെ പിയുടേയും ഭാഗത്ത് നിന്ന് പ്രത്യേകമായൊരു താത്പര്യം കാണും. അവരുടെ ഭാഗത്ത് നിന്നുളള സമ്മർദ്ദം സരിത നേരിടുന്നുണ്ടോ?

ഞാൻ ഒരു പാർട്ടിയുടേയും ഭാഗമല്ല. രാഷ്ട്രീയമല്ല എനിക്ക് പ്രധാനം. കോൺഗ്രസ് നേതാക്കൾക്കെതിരെയുളള അതിക്രമങ്ങൾക്കെതിരെയാണ് എനിക്ക് സംസാരിക്കേണ്ടി വന്നത്. അതുകൊണ്ട് സ്വാഭാവികമായും കോൺഗ്രസുകാർക്കെതിരെ വരുന്ന വിഷയം മറ്റ് പാ‌ർട്ടിക്കാർ ഉപയോഗിക്കും. ആ രാഷ്ട്രീയത്തിൽ എനിക്ക് പങ്കില്ല. അത് അവർ തമ്മിലുളള വിഷയമാണ്. ഉമ്മൻചാണ്ടിയായാലും അടൂർ പ്രകാശായാലും കെ സി വേണുഗോപാലായാലും അവരുടെ ഭാഗത്ത് ഇനി മറ്റ് പാർട്ടിക്കാരായാലും ഇത് തന്നെയായിരിക്കും സംഭവിക്കുക.

ഈ വിഷയം കുറച്ച് കാലമായി തണുത്തുറഞ്ഞ് നിൽക്കുകയായിരുന്നു. ആ സമയത്ത് ഒത്തുതീർപ്പിനായി ഏതെങ്കിലും കോൺഗ്രസ് നേതാക്കൾ സമീപിച്ചിരുന്നോ?

അങ്ങനെയൊന്നും സംസാരിക്കാൻ ഞാൻ ഇടകൊടുത്തിട്ടില്ല. അന്വേഷണവുമായി ഞാൻ സഹകരിക്കുന്നു എന്നതു പോലും സൈലന്റായിട്ടായിരുന്നു.

സരിത ഇപ്പോൾ എവിടെയാണ് ? മക്കളൊക്കെ എന്ത് ചെയ്യുന്നു? ഈ വിവാദങ്ങളൊക്കെ കാണുമ്പോൾ അവർ എന്ത് പറയുന്നു?

ഞാൻ തമിഴ്‌നാട്ടിലാണ് ഇപ്പോൾ ജോലി ചെയ്യുന്നത്. കൂടുതൽ സമയവും എന്റെ ജോലിയുമായി ബന്ധപ്പെട്ട തിരക്കിലാണ് ഞാൻ. കാരണം എനിക്ക് എന്റെ വയസായ അമ്മയും കുട്ടികളുമുണ്ട്. ജോലി ചെയ്‌തില്ലെങ്കിൽ എനിക്ക് അവരെ സംരക്ഷിക്കാനാകില്ല. ഇപ്പോൾ തന്നെ ഒരുപാട് കാര്യങ്ങൾ എന്റെ കുട്ടികൾ ഫെയ്‌സ് ചെയ്യുന്നുണ്ടെന്ന് വിവാദങ്ങൾ ഉണ്ടാക്കുന്ന ആരും ചിന്തിക്കുന്നില്ല. എന്റെ കുട്ടികൾ അനുഭവിക്കുന്നത് എന്താണെന്ന് എനിക്കേ അറിയാവൂ. എന്റെ വീട്ടിലെ നാല് ചുമരുകൾക്കുളളിൽ എന്ത് സംഭവിക്കുന്നുവെന്ന് എനിക്കേ അറിയാവൂ. അവർ നൽകുന്ന മാനസിക പിന്തുണയാണ് ഞാൻ ജീവിച്ചിരിക്കാനുളള കാരണം. മുല്ലപ്പളളി പറഞ്ഞതുപോലെ ആത്മാഭിമാനുളള സ്‌ത്രീ ആത്‌മഹത്യ ചെയ്യുമോയെന്ന് ഒരുപാട് തവണ എനിക്ക് തോന്നിയിട്ടുണ്ട്. ഞാൻ ജീവിതം അവസാനിപ്പിക്കാൻ തീരുമാനിച്ചാൽ അതിനോടൊപ്പം തോറ്റുപോകുന്നത് ഞാൻ ജനിപ്പിച്ച എന്റെ മക്കളും എന്നെ ജനിപ്പിച്ച എന്റെ അമ്മയുമാണ്. ആ ഒരൊറ്റ ചിന്തയിലാണ് ഞാൻ ഇപ്പോൾ ജീവിക്കുന്നത്. എന്റെ മകൻ പ്ലസ്‌ടൂവിന് പഠിക്കുകയാണ്. മകൾ അ‌ഞ്ചാം ക്ലാസിലാണ്. അമ്മയ്‌ക്ക് എഴുപത് വയസായി, റിട്ടയേഡ് ടീച്ചറാണ്.

ബന്ധുക്കളൊക്കെ സഹകരിക്കുന്നുണ്ടോ?

അവരുടെ കാര്യങ്ങളിൽ ഞാൻ അധികം കൈ കടത്താറില്ല. അവർ എന്റെ കാര്യങ്ങളിലും കൈ കടത്താറില്ല.

യു ഡി എഫ് ഭരണകാലത്തെ രാഷ്ട്രീയ വിവാദമായിരുന്നു സോളാർ കേസ്. ഇപ്പോൾ അതിനു സമാനമായി എൽ ഡി എഫ് ഭരണത്തിൽ കേരള രാഷ്ട്രീയത്തിലുണ്ടായ വിവാദമാണ് സ്വർണക്കടത്ത് കേസ്. ദൂരെ മാറി നിന്ന് ഇതൊക്കെ കാണുമ്പോൾ എന്താണ് തോന്നുന്നത്?

മൂന്നാമത്തെ വ്യക്തി എന്ന നിലയിൽ മാറി നിന്ന് നോക്കുമ്പോൾ സോളാർ കേസും സ്വർണക്കടത്ത് കേസും രണ്ടും രണ്ടാണ്.

അന്ന് സരിത അവഹേളിക്കപ്പെട്ടത് എങ്ങനെയാണോ അതുപോലെ തന്നെയാണ് ഇന്ന് സ്വപ്‌നയും. രണ്ടും സ്ത്രീകളാണ്. അതുകൂടി കൊണ്ടാണ് അത്തരമൊരു ചോദ്യം

ഒരു സ്ത്രീ ഇത്തരമൊരു കേസിൽ ഉണ്ടെങ്കിൽ അത് വേഗം ജനങ്ങളുടെ ശ്രദ്ധയിൽ പതിയുമെന്ന് മനസിലാക്കണം. ഇതിനെക്കാൾ കൂടുതൽ ക്രൈമിൽ പങ്കാളിത്തമുളള വ്യക്തിയായിരുന്നു എന്റെ കേസിൽ ബിജു രാധാകൃഷ്‌ണൻ. ആരും ബിജു രാധാകൃഷ്‌ണന്റെ പിറകെ പോയി ഞാൻ കണ്ടിട്ടില്ല. പക്ഷേ അതിനകത്ത് പെട്ട് പോയ ഒരു സ്ത്രീയെന്ന നിലയിൽ അന്നും ഇന്നും എന്നെ കീറിമുറിക്കുകയാണ് സമൂഹം. അതിനെ ഞാൻ കുറ്റം പറയുന്നില്ല. നമ്മുടെ സംസ്‌ക്കാരത്തിന്റെ ഭാഗമായി അതുമാറി. സ്വർണക്കടത്ത് ഒരു കളളക്കടത്തായാണ് ഞാൻ കാണുന്നത്. അത് കൊച്ചുകുട്ടികൾക്ക് വരെ അറിയാം. അറിഞ്ഞുകൊണ്ട് ചെയ്യുന്ന ക്രൈമാണത്. ഒരു പ്രോജക്‌ടുമായി വന്ന് ആ കമ്പനി റൺ ചെയ്‌ത് കൊണ്ടു പോകാൻ വന്നയാളാണ് ഞാൻ. അതൊരു കളളക്കടത്ത് ആയിരുന്നില്ല. എന്നാൽ ഉന്നതന്മാർ ഉൾപ്പെടുമ്പോൾ അതിൽ നിറം പിടിച്ച കഥകളുണ്ടാകും. ഇവിടെ ഒരാളും തന്നെ ഉപയോഗിച്ചു എന്നൊരു പരാതി സ്വപ്‌ന നൽകിയിട്ടില്ല. എന്റെ കേസിൽ എന്നെ അവർ ചൂഷണം ചെയ്‌തു. അതാണ് സോളാർ കേസിലെ വലിയൊരു സംഭവമായി മാറിയത്. അല്ലാതെ നിക്ഷേപകരുമായുളള വിഷയമല്ല. എന്റെ പരാതികൾക്കാണ് നിറം കലർന്നത്. എന്നെ പോലെ മറ്റൊരു സ്ത്രീ ഇന്ന് ഉന്നതബന്ധങ്ങളുണ്ടായിരുന്നുവെന്ന് ആരോപിക്കപ്പെടുന്നു. അവരുടെ ബന്ധങ്ങൾക്ക് അധികം നിറം പിടിപ്പിക്കുന്ന കഥകൾ വന്നിട്ടില്ല. എങ്കിലും ഒരു സ്ത്രീ ഉണ്ടായിരുന്നതുകൊണ്ട് തന്നെ സ്വർണക്കടത്തിന് മറ്റൊരു മാനം വന്നിട്ടുണ്ട്.

അന്ന് യു ഡി എഫിലുണ്ടായിരുന്ന ജോസ് കെ മാണിയും ഗണേഷ് കുമാറുമെല്ലാം ഇന്ന് എൽ ഡി എഫിന്റെ ഭാഗമാണ്.

ഗണേഷ് കുമാറിനെതിരെ ഞാൻ ആരോപണം ഉന്നയിച്ചിട്ടില്ല. എന്നാൽ ജോസ് കെ മാണിക്കെതിരെ ഉന്നയിച്ച ആരോപണങ്ങളിൽ ഞാൻ ഉറച്ച് നിൽക്കുന്നു. ബാക്കിയൊക്കെ രാഷ്ട്രീയത്തിന്റെ ഭാഗമാണ്. അതിൽ സരിതയ്‌ക്ക് ഇടപെടാനാകില്ല. എന്നാൽ ഉന്നയിച്ച പരാതികളെല്ലാം പരാതികൾ തന്നെയാണ്. അതിൽ നിന്ന് പിന്നോട്ട് പോകില്ല.

ഇത്രയും വർഷങ്ങൾ കഴിഞ്ഞതുകൊണ്ട് തന്നെ തെളിവുകളില്ല എന്നത് കേസിൽ വീഴ്ചയാകുമോ?

തെളിവുകളില്ലാത്തത് കൊണ്ടാണോ കേസിൽ എഫ് ഐ ആർ ഇട്ടത്..

കഴിഞ്ഞ ലോക്‌സഭ തിരഞ്ഞെടുപ്പിൽ മത്സരിച്ചിരുന്നു. രണ്ട് തിരഞ്ഞെടുപ്പുകൾ കേരളത്തിൽ അടുത്തെത്തി നിൽക്കുകയാണ്. മത്സര രംഗത്ത് സരിതയുണ്ടാകുമോ?

ഇല്ല. ആ മത്സരത്തിൽ രാഹുൽഗാന്ധിയെ അവരുടെ പാർട്ടിയ്‌ക്കകത്ത് എന്ത് സംഭവിക്കുന്നുവെന്ന് ബോദ്ധ്യപ്പെടുത്തുകയായിരുന്നു എന്റെ ലക്ഷ്യം. അവരുടെ പാർട്ടി എവിടെയെത്തി നിൽക്കുന്നുവെന്ന് ഇൻഡിക്കേറ്റ് ചെയ്യാൻ വേണ്ടിയാണ് ഞാൻ മത്സരിച്ചത്. പക്ഷേ അമേഠിയിൽ എന്താണ് സംഭവിച്ചത് എന്ന് എനിക്ക് പഠിക്കാൻ സാധിച്ചു. 25 വർഷങ്ങൾക്കും മുമ്പ് രാഹുൽഗാന്ധിയുടെ പിതാവ് രാജീവ് ഗാന്ധി എന്തുണ്ടാക്കിയോ ആ റോഡുകൾ മാത്രമേ അന്നും അവിടെ ഉണ്ടായിരുന്നുളളൂ. പിന്നീടുളള സ്ഥിതി എനിക്കറിയില്ല. തിരഞ്ഞെടുപ്പ് നടന്ന സമയത്ത് മണ്ണ് കൊണ്ടുണ്ടാക്കിയ വീടുകളും ഗോതമ്പിന്റെ ഇല കൊണ്ടുണ്ടാക്കിയ മേൽക്കൂരയുമൊക്കെയായിരുന്നു അവിടെ. നല്ലൊരു ചികിത്സയ്ക്ക് ലഖ്നൗവിലുളള ആശുപത്രിയിലേക്കാണ് അവർക്ക് പോകേണ്ടത്. 40 വർഷത്തോളം കോൺഗ്രസ് കൈയടക്കിയ അമേഠിയിൽ ഒരു വികസനവും ഉണ്ടായിരുന്നില്ല. വയനാട്ടിൽ മത്സരിച്ചില്ലായിരുന്നെങ്കിൽ അദ്ദേഹം എന്താകുമായിരുന്നു? രാഹുലിന്റെ വാക്കുകൾക്കായി ഇന്ന് കാതോർക്കുന്ന കേരളത്തിലെ ജനങ്ങൾ പോലും അദ്ദേഹത്തെ പിന്തുണയ്‌ക്കുമായിരുന്നില്ല. അദ്ദേഹം തിരിഞ്ഞ് നോക്കേണ്ട സമയമായി. സ്വന്തം പാർട്ടിയിൽ എന്താണ് സംഭവിക്കുന്നതെന്നും ഈ നേതാക്കന്മാർ എന്താണ് ചെയ്യുന്നതെന്നും അദ്ദേഹം മനസിലാക്കണം. അവരുടെ ചൂഷണങ്ങളുടെ കാറ്റഗറിയിൽ എന്തൊക്കെയാണ് ഉളളതെന്നും രാഹുൽ മനസിലാക്കണം.