തിരുവനന്തപുരം: ശമനമില്ലാതെ തുടരുന്ന കൊവിഡ് രോഗത്തിനെതിരായ വാക്‌സിൻ അടുത്ത വർഷം ആദ്യത്തോടെ വിപണിയിൽ എത്തിയേക്കുമെന്ന ശക്തമായ റിപ്പോർട്ടുകൾക്ക് പിന്നാലെ, വാക്‌സിൻ വിതരണത്തിന്റെ തയ്യാറെടുപ്പുകൾക്കും ക്രമീകരണങ്ങൾക്കുമായി ടാസ്‌ക് ഫോഴ്‌സ് രൂപീകരിക്കാൻ സർക്കാർ തീരുമാനിച്ചു. ഇതിനുള്ള നടപടികളുമായി സർക്കാർ മുന്നോട്ട് പോകുകയാണ്. സിറം ഇൻസ്റ്റിറ്റ്യൂട്ടിന്റെയും മറ്റ് വാക്സിൻ നിർമ്മാതാക്കളുടെയും പക്കൽ നിന്നുള്ള വിവരങ്ങളുടെ അടിസ്ഥാനത്തിൽ കേന്ദ്ര സർക്കാർ പുറപ്പെടുവിച്ച പ്രത്യേക അഡ്വൈസറി സംസ്ഥാനത്തിന് കൈമാറിയിരുന്നു. ഇതനുസരിച്ചുള്ള നടപടികളാണ് സർക്കാർ സ്വീകരിച്ചുവരുന്നത്.
ആരോഗ്യവകുപ്പ് സെക്രട്ടറിയാണ് ടാസ്‌ക് ഫോഴ്സിന് നേതൃത്വം നൽകുക. ചീഫ് സെക്രട്ടറി, ദുരന്തനിവാരണ സെക്രട്ടറി, സംസ്ഥാന റിലീഫ് കമ്മിഷണർ എന്നിവർ ഇതിൽ അംഗങ്ങളാകും. ജില്ലാതല ഏകോപനം കളക്ടമാരുടെ ചുമതലയായിരിക്കും. ആവശ്യമെങ്കിൽ ആരോഗ്യവകുപ്പ് വിദഗ്ദ്ധരെയും ടാസ്‌ക് ഫോഴ്സിൽ ഉൾപ്പെടുത്തും.
പ്രവർത്തനം ഇങ്ങനെ
കൊവിഡിനെ ചെറുക്കാനുള്ള വാക്‌സിൻ ആദ്യം നൽകേണ്ടവരുടെ പട്ടിക തയ്യാറാക്കും. ആരോഗ്യവകുപ്പിനാകും ഇതിന്റെ ചുമതല. ടാസ്‌ക് ഫോഴ്സായിരിക്കും കൊവിഡ് വാക്‌സിൻ സംബന്ധിച്ച എല്ലാ പ്രവർത്തനങ്ങളും ഏകോപിപ്പിക്കുക. വാക്‌സിൻ പരീക്ഷണം അതിന്റെ അന്തിമഘട്ടത്തിലാണ്.
വാക്‌സിൻ എത്തിയാൽ അത് സ്വീകരിക്കേണ്ടവിധം, സൂക്ഷിക്കാനുള്ള കോൾഡ് സ്റ്റോറേജ് ക്രമീകരണം എന്നിവയ്ക്കാവും പ്രഥമ പരിഗണന. ഏതെല്ലാം ഉദ്യോഗസ്ഥർക്ക് ചുമതലകൾ നൽകണമെന്നതു സംബന്ധിച്ചും തീരുമാനമെടുക്കും. പോളിയോ വാക്‌സിൻ നൽകുന്നതിനുൾപ്പെടെ സംസ്ഥാനത്ത് നിലവിലുള്ള ശക്തമായ ആരോഗ്യ നെറ്റ്‌വർക്ക് കൂടുതൽ കുറ്റമറ്റ രീതിയിൽ പുനക്രമീകരിക്കും. ഇതിലൂടെ കൊവിഡ് വാക്‌സിൻ പ്രശ്നങ്ങളില്ലാതെ നൽകാനാകുമെന്ന് ആരോഗ്യവൃത്തങ്ങൾ സൂചിപ്പിച്ചു. ഇതിനൊപ്പം ഏതെല്ലാം വിഭാഗം ജനങ്ങൾക്കാണ് ആദ്യം വാക്‌സിൻ നൽകേണ്ടതെന്നും തീരുമാനിക്കണം.
കൊവിഡ് പ്രതിരോധത്തിന്റെ മുൻനിരയിൽ പ്രവർത്തിക്കുന്ന ആരോഗ്യ പ്രവർത്തകർ, പൊലീസ്, ഫയർഫോഴ്സ് എന്നിവർക്ക് ആദ്യഘട്ടത്തിൽ തന്നെ വാക്‌സിൻ നൽകും. പ്രായം, ആരോഗ്യസ്ഥിതി, ജോലി എന്നിവ കണക്കിലെടുത്ത് ഏറ്റവും അപകടകരമായ നിലയിലുള്ളവർക്കും ആദ്യം വാക്‌സിൻ നൽകണമെന്നതാണ് കേന്ദ്ര നിർദ്ദേശം. ഇക്കാര്യം സംസ്ഥാന സർക്കാരും അതുപോലെ നടപ്പാക്കും. സംസ്ഥാന ആരോഗ്യ വകുപ്പിലെ വിദഗ്ദ്ധരുടെ അഭിപ്രായം സർക്കാർ ആരാഞ്ഞ ശേഷമായിരിക്കും ഇക്കാര്യത്തിൽ അന്തിമ തീരുമാനം കൈക്കൊള്ളുക. ആവശ്യമെങ്കിൽ ഇതിന് മാത്രമായി വിദഗ്ദ്ധരുടെ പ്രത്യേക സമിതി രൂപീകരിക്കാനും ആരോഗ്യവകുപ്പ് ആലോചിക്കുന്നുണ്ട്.
റിവേഴ്സ് ക്വാറന്റൈൻ ശക്തമാക്കും
റിവേഴ്സ് ക്വാറന്റൈനിലെ വീഴ്ചകാരണം സംസ്ഥാനത്ത് കൊവിഡ് മരണനിരക്ക് വർദ്ധിക്കുന്നതായി ആരോഗ്യ വകുപ്പ് കണ്ടെത്തിയതിനെ തുടർന്ന് ഈ പ്രക്രിയ കൂടുതൽ ശക്തമാക്കാൻ സർക്കാർ തീരുമാനിച്ചിട്ടുണ്ട്. ആരോഗ്യ വകുപ്പിന്റെ സെപ്തംബറിലെ ഡെത്ത് ഓഡിറ്റ് റിപ്പോർട്ടിലാണ് ഇക്കാര്യം പറയുന്നത്. 60 വയസു കഴിഞ്ഞവരും മറ്റു ഗുരുതര രോഗങ്ങളുള്ളവരും വീടുകളിൽ ക്വാറന്റൈനിൽ കഴിയണമെന്നായിരുന്നു (റിവേഴ്സ് ക്വാറന്റൈൻ) ആരോഗ്യ വകുപ്പിന്റെ മുന്നറിയിപ്പ്. എന്നാൽ കഴിഞ്ഞ ഒരുമാസത്തിനിടെ മരിച്ച 61 പേരും റിവേഴ്സ് ക്വാറന്റൈനിൽ കഴിയേണ്ടവരായിരുന്നെന്ന് ആരോഗ്യ വകുപ്പ് പറയുന്നു. മരിച്ചവരിൽ ഭൂരിഭാഗവും പ്രമേഹമോ ഉയർന്ന രക്തസമ്മർദ്ദമോ ഉള്ളവരാണ്. ഒരുമാസക്കാലയളവിൽ പഠനവിധേയമാക്കിയ 223 കൊവിഡ് മരണങ്ങളിൽ 61 മരണങ്ങളാണ് (24%) റിവേഴ്സ് ക്വാറന്റൈനിലെ വീഴ്ച മൂലം സംഭവിച്ചത്.