china

ബീജിംഗ് : അതിർത്തിയിൽ ഇന്ത്യ - ചൈന സംഘർഷം തുടരുന്നതിനിടെ അരുണാചൽ പ്രദേശിൽ ഇന്ത്യൻ അതിർത്തിയ്ക്ക് സമീപത്തുകൂടി റെയിൽപാത നിർമിക്കാനൊരുങ്ങി ചൈന. ചൈനയിലെ തെക്ക് പടിഞ്ഞാറൻ സിഷ്വാൻ പ്രവിശ്യയിലെ യാആനേയും ടിബറ്റിലെ ലിൻസിയേയും ബന്ധിപ്പിക്കുന്ന തന്ത്രപ്രധാനമായ സിഷ്വൻ - ടിബറ്റ് റെയിൽ പാതയാണിത്.

റെയിൽവെയുടെ നിർമാണ പ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കും. പാതയിലെ രണ്ട് തുരങ്കങ്ങളുടെയും പാലത്തിന്റെയും പവർ സപ്ലേ പ്രോജക്ടിന്റെയും പ്രഖ്യാപനങ്ങൾ കഴിഞ്ഞ ദിവസം ചൈനീസ് റെയിൽവേ അറിയിച്ചിരുന്നു. ക്വിൻഖായ് - ടിബറ്റ് റെയിൽ പാതയ്ക്ക് പിന്നാലെ ടിബറ്റിൽ നിന്നുമുള്ള രണ്ടാമത്തെ ചൈനീസ് പാതയാണ് സിഷ്വൻ - ടിബറ്റ് റെയിൽ പാത.

സിഷ്വൻ പ്രവിശ്യയുടെ തലസ്ഥാനമായ ചെംഗ്ഡുവിൽ നിന്നാണ് സിഷ്വൻ - ടിബറ്റ് റെയിൽ പാത തുടങ്ങുന്നത്. റെയിൽപാത യാഥാർത്ഥ്യമാകുന്നതോടെ ലാസയിലേക്കുള്ള യാത്ര 48 മണിക്കൂറിൽ നിന്നും 13 മണിക്കൂർ ആയി ചുരുങ്ങും. ടിബറ്റിലെ ലിൻസി, അരുണാചൽ പ്രദേശിലെ ഇന്ത്യൻ അതിർത്തിയ്ക്ക് സമീപമാണ്.

അരുണാചൽ പ്രദേശ് തെക്കൻ ടിബറ്റിന്റെ ഭാഗമാണെന്നാണ് ചൈന ആരോപിക്കുന്നത്. എന്നാൽ ഇന്ത്യ ഇതിനെ തള്ളിക്കളയുന്നു. 1,011 കിലോമീറ്റർ ആണ് യാആൻ മുതൽ ലിൻസി വരെയുള്ള പാതയുടെ നീളം. മണിക്കൂറിൽ 120 മുതൽ 200 കിലോമീറ്റർ വേഗതയിൽ ട്രെയിനുകൾ ഇതിലേ സഞ്ചരിക്കും. 319.8 ബില്യൺ യുവാൻ ( 47.8 ബില്യൺ ഡോളർ ) ആണ് പദ്ധതിയുടെ ആകെ ചെലവ്.