തിരുവനന്തപുരം: പൊതുപരിപാടിക്കിടെ സോളാർ കേസിലെ പരാതിക്കാരിയെ അവഹേളിക്കുന്ന തരത്തിൽ പ്രസംഗിച്ച കോൺഗ്രസ് സംസ്ഥാന അദ്ധ്യക്ഷൻ മുല്ലപ്പളളി രാമചന്ദ്രനെതിരെ ആത്മഹത്യാപ്രേരണ കുറ്റത്തിന് കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് പരാതി. പ്രസംഗത്തിനിടെ ആത്മാഭിമാനമുളള സ്‌ത്രീകൾ ബലാൽസംഗം ചെയ്യപ്പെട്ടാൽ ഒന്നുകിൽ മരിക്കും അല്ലെങ്കിൽ പിന്നീടത് ആവർത്തിക്കാതിരിക്കാൻ ശ്രമിക്കും എന്ന് മുല്ലപ്പളളി പറഞ്ഞിരുന്നു. ഇത് ആത്മഹത്യാപ്രേരണയാണെന്ന് ചൂണ്ടിക്കാട്ടിയാണ് ലോക് താന്ത്രിക് ജനതാദൾ നേതാവ് സലീം മടവൂർ ഡിജിപി ലോക്‌നാഥ് ബെഹ്‌റയ്‌ക്ക് പരാതി നൽകിയത്.
നിയമമനുസരിച്ച് ഒരു സ്‌ത്രീയെ ആത്മഹത്യയ്‌ക്ക് പ്രേരിപ്പിച്ചാൽ പത്ത് വർഷം തടവ് ശിക്ഷയാണ് ലഭിക്കുക. എന്നാൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെയെങ്കിൽ ഇത് വധശിക്ഷയോ ജീവപര്യന്തമോ ആകാം. മുല്ലപ്പളളി ഒരു സമൂഹത്തെ ആകെയാണ് ആത്മഹത്യയ്‌ക്ക് പ്രേരിപ്പിച്ചതെന്നും അതിനാൽ ഇന്ത്യൻ ശിക്ഷാ നിയമം 305,306,108 വകുപ്പുകൾ അനുസരിച്ച് കേസെടുക്കണമെന്നാണ് സലീം മടവൂരിന്റെ ആവശ്യം. മുൻകേന്ദ്രമന്ത്രിയായ ആൾ തന്നെ ഇങ്ങനെ പറയുന്നത് ഗൗരവതരമാണെന്നും പരാതിയിലുണ്ട്.