വെല്ലിംഗ്ടൺ: കൊവിഡ് പ്രതിരോധത്തിലൂടെ മാത്രമല്ല, മന്ത്രിസഭ രൂപീകരണത്തിലൂടെയും ജനഹൃദയങ്ങളിൽ സ്ഥാനം നേടിയിരിക്കുകയാണ് ന്യൂസിലൻഡ് പ്രധാനമന്ത്രി ജസിന്ത ആർഡേൻ.
പുതിയ മന്ത്രിസഭയിൽ എറണാകുളം സ്വദേശിനിയായ പ്രിയങ്ക രാധാകൃഷ്ണൻ ഇടം നേടിയത് മലയാളികൾക്ക് അഭിമാനമാണ്. എന്നാൽ, അത് മാത്രമല്ല, പുതിയ മന്ത്രിസഭയുടെ പ്രത്യേകത.
ഉപപ്രധാനമന്ത്രിയായി നിയമിക്കപ്പെട്ട ഗ്രാന്റ് റോബർട്ട്സൺ താനൊരു സ്വവർഗാനുരാഗിയാണെന്ന് പരസ്യമായി പ്രഖ്യാപിച്ചയാളാണ്. ഇതാദ്യമായാണ് സ്വവർഗാനുരാഗിയാണെന്ന് പരസ്യമായി പ്രഖ്യാപിച്ചയാൾ ഉപപ്രധാനമന്ത്രി സ്ഥാനത്തെത്തുന്നത്. 49കാരനായ റോബർട്സൺ തിരഞ്ഞെടുപ്പിൽ ജസീന്തയുടെ പ്രചാരണത്തിന്റെ മുഖ്യ ആസൂത്രകനായിരുന്നു. ഇൻഫ്രാസ്ട്രക്ചറിന്റെ ചുമതലയുള്ള മന്ത്രി കൂടിയാണ് അദ്ദേഹം. അതേസമയം, അദ്ദേഹത്തെ മന്ത്രിസ്ഥാനത്തേയ്ക്ക് തിരഞ്ഞെടുക്കാനുള്ള കാരണം അദ്ദേഹത്തിന്റെ ലൈംഗികമായ വ്യക്തിത്വമല്ലെന്നും അദ്ദേഹത്തിന്റെ നേതൃത്വഗുണങ്ങളാണെന്നുമായിരുന്നു ആർഡേണിന്റെ പ്രതികരണം. ഇത്തരം ചോദ്യങ്ങൾക്കൊന്നും പ്രാധാന്യമില്ലെന്നതാണ് ന്യൂസീലാൻഡിന്റെ മഹത്വമെന്നും അവർ വ്യക്തമാക്കി.
മന്ത്രിസഭയിലെ വിദേശകാര്യമന്ത്രിയായ നനയ്യ മഹൂത്ത മാവോറി ആദിവാസി വിഭാഗത്തിൽപ്പെട്ടയാളാണ്. മാവോറി വംശജയായ മന്ത്രിയ്ക്ക് മുഖത്ത് അവരുടെ പരമ്പരാഗത ടാറ്റൂവുമുണ്ട്. നനയ്യ ജസിന്തയോടൊപ്പം നിൽക്കുന്ന ചിത്രങ്ങൾ ഇതിനോടകം വൈറലായിക്കഴിഞ്ഞു.
മന്ത്രിസഭയിൽ സ്ത്രീകൾക്കും മാവോറി വംശജർക്കും വലിയ പ്രാതിനിദ്ധ്യമുണ്ട്.
അർഹരായ നേതാക്കളെയാണ് മന്ത്രിസഭയിലെത്തിച്ചിരിക്കുന്നതെന്നാണ് ജസിന്തയുടെ പ്രതികരണം. "
കഴിവും അർഹതയും ചേർന്ന മന്ത്രിസഭയാണിത്. കൂടാതെ വളരെയധികം വൈവിദ്ധ്യമാർന്നതുമാണ്. - ജസിന്ത കൂട്ടിച്ചേർത്തു. അതേസമയം, ഇത് രണ്ടാം തവണയാണ് പ്രിയങ്ക ന്യൂസിലൻഡ് പാർലമെന്റിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നത്.
കൊവിഡ് സമൂഹവ്യാപനം രണ്ടു തവണയുംഫലപ്രദമായി നേരിട്ടത് ജസിന്തയ്ക്ക് തിരഞ്ഞെടുപ്പിൽ ഏറെ ഗുണം ചെയ്തിരുന്നു.
അരനൂറ്റാണ്ടിനിടെ ആദ്യമായാണ് ഒരു സർക്കാർ ന്യൂസിലൻഡിൽ കേവല ഭൂരിപക്ഷം തികയ്ക്കുന്നത്. ഗ്രീൻസ് പാർട്ടി അംഗങ്ങളായ രണ്ടുപേരെ കാലാവസ്ഥാ വ്യതിയാനം, കുടുംബക്ഷേമം, ലൈംഗികചൂഷണം എന്നീ വകുപ്പുകളിലെ മന്ത്രിമാരായി ജസിന്ത നിയമിച്ചിട്ടുണ്ട്. ഈ വെള്ളിയാഴ്ച സർക്കാർ സ്ഥാനമേൽക്കും.