a

കണ്ണാടിക്ക് മുന്നിലുള്ളത് തനിക്ക് അപരിചിതമായ രൂപമാണെന്ന തോന്നൽ അനാമികയെ തളർത്തി. പിന്നേയും പിന്നേയും മുഖം അമർത്തി കഴുകി കണ്ണാടിയിലേക്ക് തുറിച്ചു നോക്കി. ചിതറിക്കിടക്കുന്ന മുടിയിഴകളെ മാടിയൊതുക്കാൻ നോക്കി പക്ഷേ കൈവിരലുകൾ തെന്നുകയാണ്.തന്നെ തന്നെ നോക്കി പുഞ്ചിരിക്കാൻ ശ്രമിച്ചു; എന്നാൽ ചുണ്ടുകൾ വിതുമ്പുകയാണ്

അനാമിക ടവ്വലെടുത്ത് മുഖം തുടച്ചു.കൺകോണുകളിൽ നിന്നും പടർന്നു തുടങ്ങിയ നനവുകളെ ഒപ്പിയെടുത്തു.
അനാമിക കരയരുത്...തളർന്നിരിക്കേണ്ട സമയമല്ലിത്... താരയുടെ വാക്കുകൾ മനസിലിപ്പോഴും മുഴങ്ങി നിൽക്കുകയാണ്
പ്രണയം പൂത്തുലഞ്ഞ ദിനങ്ങളെ അവൾ ഓർത്തെടുത്തു. എത്ര മനോഹരമായിരുന്നു ഓരോ ദിവസവും. സ്വപ്നങ്ങളിതാ കൈയ്യെത്തും ദൂരത്ത് എന്നാശ്വസിച്ച പകലിരവുകൾ. ഒരാൾക്ക് മറ്റൊരാളെ ഉപാധികളില്ലാതെ വിശ്വസിക്കാനുള്ള അനുഗ്രഹമാണ് പ്രണയം എന്ന് തോന്നിയ നിമിഷങ്ങൾ. എപ്പോഴാണ് അഖിൽ തന്നിലേക്ക് കടന്നു വന്നതെന്ന് അനാമിക ഓർത്തെടുക്കാൻ ശ്രമിച്ചു. ഓഫീസിൽ ഉച്ചഭക്ഷണം കഴിഞ്ഞുള്ള ഒരു വിശ്രമ സമയത്താണ് നിറഞ്ഞ പുഞ്ചിരിയോടെ അവൻ തന്റെ മുന്നിലേക്കെത്തിയത്
''ഹായ്... ഞാൻ അഖിൽ...""
അപരിചിതത്വത്തിന്റെ ചുറ്റുപാടിനോട് ഇണങ്ങി തുടങ്ങിയിട്ടേ ഉണ്ടായിരുന്നുള്ളൂ. ഐ ടി കമ്പനിയിലെ നാലാമത്തേയോ അഞ്ചാമത്തേയോ ദിവസം. ജോലിയെക്കുറിച്ചും പഠനത്തെക്കുറിച്ചും അവൻ വാചാലനായി. ആദ്യം നീരസം തോന്നിയിരുന്നുവെങ്കിലും തിരക്കുകൾക്കിടയിലെ യാന്ത്രികമായ ഹായ് പറച്ചിലുകൾക്കിടയിൽ പിന്നീടത് ആശ്വാസമാവുകയായിരുന്നു. കഫ്ടീരിയയിലെ ജനൽ ചില്ലിലൂടെ നഗരത്തിന്റെ തിരക്കിനെ നോക്കിയിരുന്ന ഒരു വൈകന്നേരമാണ് അവൻ പിന്നേയും എത്തിയത്
''ഇങ്ങനെ സ്വപ്നം കണ്ടിരുന്നാൽ ചായ ഐസായിപ്പോകും...""
മുന്നിലെ കസേരയിലിരുന്ന് തൊട്ടുണർത്തിയപ്പോഴാണ് കിതച്ചും കുതിച്ചും പായുന്ന കാഴ്‌ചകളിൽ നിന്നും കണ്ണുകൾ പിൻവലിച്ചത്.
''സോറി...""

എന്ന മുഖവുരയോടെ അഖിലിനെ നോക്കി ചിരിക്കാൻ ശ്രമിച്ചു.
''ഏതോ കാൽപനിക ലോകത്താണെന്ന് തോന്നുന്നു.""
കൈകൾ രണ്ടും മേശയിലേക്ക് ചേർത്ത് വച്ച് അവൻ വീണ്ടും ചിരിച്ചു.
''ഏയ്... വെറുതെ ഒറ്റയ്‌ക്കിരുന്നപ്പോൾ...""
അപ്പോഴും അവൻ തന്റെ കണ്ണുകളിലേക്ക് തന്നെ നോക്കി ഇരിക്കുകയായിരുന്നു
''എങ്കിൽ ഒറ്റയ്‌ക്കിരിക്കേണ്ട ഞാൻ കൂടി വരാം...""
ഹൃദ്യമായി ചിരിച്ചു കൊണ്ട് അവൻ പിന്നേയും എന്തൊക്കെയോ സംസാരിച്ചു. ആ ദിവസം ഒരു തുടക്കമായിരുന്നു. സൗഹൃദമെന്നോ പ്രണയമെന്നോ അതിനെ വിളിക്കുകയും ചെയ്യാം
എൻജിനിയറിംഗ് വരെയുള്ള പഠന കാലത്ത് മനസിൽ പലരോടും ഇഷ്ടം തോന്നിയിട്ടുണ്ട്. പക്ഷേ അച്‌ഛനും അമ്മയും അനിയനും ചേർന്ന സ്വപ്‌നങ്ങളിൽ നിന്നും ഇഷ്‌ടങ്ങളെ മനപൂർവ്വം എടുത്തു മാറ്റുകയായിരുന്നു. തന്നിലേക്കെത്തിയ പ്രണയവാക്കുകളേയും ഒരു ചെറു പുഞ്ചിരിയോടെ വേണ്ടെന്നു വച്ചു. വർക്ക് ഷോപ്പിലെ യന്ത്രങ്ങൾക്കിടയിലെ അച്‌ഛന്റെ കരിപുരണ്ട രൂപം, കുടുംബശ്രീയിൽ നിന്നുള്ള അമ്മയുടെ വായ്‌പകളും ചിട്ടികളും ചേച്ചിയുടെ ശമ്പളത്തിൽ നിന്നും പോക്കറ്റ് മണി കാത്ത് നിൽക്കുന്ന പത്താം ക്ലാസുകാരൻ. ഒഴിവാക്കാൻ കാരണങ്ങൾ ഇങ്ങനെ പലതുണ്ടായിരുന്നു.
''അനാമിക... വൈകീട്ട് നമുക്ക് പാർക്കിലേക്കൊന്നു പോകാം.""
രാവിലെ പതിവ് ചിരിക്കും ഗുഡ് മോർണിംഗിനും പിന്നാലെ അഖിലത് പറഞ്ഞപ്പോൾ പരിഭ്രമമാണ് തോന്നിയത്. മറുപടി പറയും മമ്പേ മാനേജരുടെ ക്യാബിനടുത്തേക്ക് അവൻ നടന്നിരുന്നു. പിന്തിരിഞ്ഞ് നോക്കി അവൻ ചിരിച്ചപ്പോൾ ചിരിക്കാതിരിക്കാനും കഴിഞ്ഞില്ല.
ആൾക്കൂട്ടങ്ങൾക്കിടയിലൂടെ അവനോടൊത്ത് നടന്നപ്പോൾ ഉള്ളിലെ പേടി മെല്ലെ മെല്ലെ അകലുകയായിരുന്നു. പാർക്കിലെ തിരക്കൊഴിഞ്ഞ ബെഞ്ചിലിരുന്ന് ഐസ്‌ക്രീം നുണയമ്പോൾ മനസിൽ മഞ്ഞ് പെയ്യുകയായിരുന്നു.വീടിനേക്കുറിച്ചും വീട്ടുകാരേ കുറിച്ചുമുള്ള ചോദ്യത്തിന് കഥ മുഴുവൻ പറഞ്ഞുതീർത്തപ്പോൾ അവൻ കണ്ണുകളിലേക്ക് തന്നെ നോക്കുകയായിരുന്നു
''സാരമില്ലെടോ... ഇനി കൂടെ ഞാൻ കൂടി ഉണ്ടല്ലോ.""
തന്റെ കൈവിരലുകളിലേക്ക് അവൻ മെല്ലെ വിരലുകൾ ചേർത്തുവച്ചപ്പോൾ പൂത്തു നിന്നിരുന്ന കൊന്നയിൽ നിന്നും ഇതളുകൾ പെയ്‌തു.

''അനാമിക.... എന്ത് തീരുമാനിച്ചു?""

താരയുടെ ഫോൺ തേടിയെത്തിയപ്പോഴും ഒരു തീരുമാനത്തിലെത്തിയിരുന്നില്ല. പല ചോദ്യങ്ങളും ഉത്തരം കിട്ടാതെ അലയുന്നതു പോലെ.

അന്നൊരു വെള്ളിയാഴ്ചയായിരുന്നു. ശനിയും ഞായറും ലീവായതുകൊണ്ട് വീട്ടിലേക്ക് പോകാൻ തീരുമാനിച്ചതാണ്. അമ്മ വിളിച്ചപ്പോൾ അത് സൂചിപ്പിക്കുകയും ചെയ്തു. ഈയാഴ്‌ച പോകേണ്ടടാ... നാളെ ഒരു ഫംഗ്ക്ഷനുണ്ടെന്ന് ശാഠ്യം പിടിച്ചത് അവനായിരുന്നു. അതുകൊണ്ടുതന്നെയാണ് അമ്മയോട് എന്തോ കള്ളം പറഞ്ഞ് സുഹൃത്തിന്റെ എൻഗേജ്‌മെന്റിനായി ഒരുങ്ങിയിറങ്ങിയതും. സ്റ്റാർ ഹോട്ടലിലെ ആട്ടവും പാട്ടും സമൃദ്ധമായ വിഭവങ്ങളും പുതിയ അനുഭവം തന്നെയായിരുന്നു. തന്നെ അവൻ ശരീരത്തോട് ചേർത്ത് പിടിച്ച് പുഞ്ചിരിച്ചപ്പോൾ മനസിൽ നിറയെ ഇതു പോലൊരു നിറമുള്ള ദിവസം തന്നെയായിരുന്നു
പിന്നീട് എപ്പോഴോ ആണ് സുഹൃത്തുക്കളെ പരിചയപ്പെടാമെന്ന് പറഞ്ഞ് അവൻ മുറിയിലേക്ക് ക്ഷണിച്ചത്. അവന് പിന്നാലെ മുറിയിലെ ശീതളിമയിലേക്ക് കടന്നപ്പോൾ ഉയരുന്ന എന്തൊക്കെയോ ഗന്ധം തന്നെ
അസ്വസ്ഥയാക്കിയിരുന്നു. അതുകൊണ്ട് തന്നെയാണ് തിരികെ പോകാൻ അവനോട് തിരക്ക് കൂട്ടിയതും. പക്ഷേ അവനു പിന്നാലെ സുഹൃത്തുക്കൾ രണ്ടു പേരും ശരീരത്തിലേക്ക് പിടിമുറുക്കിയപ്പോൾ നിലവിളിക്കാൻ പോലുമാവാതെ സ്തംഭിച്ച് നിൽക്കുകയായിരുന്നു. പെട്ടെന്ന് എവിടെ നിന്നോ കിട്ടിയ ധൈര്യത്താൽ കുതറി മാറി ഓടിയകലുകയായിരുന്നു

''ആരോടും പറയരുത്. പ്ലീസ് ആ നേരം.""
പലതവണ അഖിൽ ഫോൺ വിളിച്ചു. അടച്ചിട്ട മുറിയിൽ കരഞ്ഞ് തളർന്നിരിക്കുകയായിരുന്നു അപ്പോൾ. വാട്സാപ്പിലേക്ക് അവൻ കൂപ്പുകൈയ്യുടെ ചിഹ്നം ചേർത്തയച്ച മെസേജിനെ നിസംഗതയോടെ നോക്കിയിരുന്നു കുറേനേരം.
''ആരും അറിഞ്ഞിട്ടില്ല... ഇനി ആരോടും പറയുകയും വേണ്ട കേട്ടോ...""
ഒട്ടും പ്രതീക്ഷിക്കാതെ മാനേജരുടെ വിളിയെത്തിയപ്പോൾ പകച്ച് നിൽക്കുകയായിരുന്നു. അച്‌ഛന്റെയും അമ്മയുടെയും മുഖങ്ങൾ മനസിൽ തെളിയുകയായിരുന്നു. ഒപ്പം ബന്ധുക്കളുടെ കുത്തുവാക്കുകളും നാട്ടുകാരുടെ അസഹ്യമായ നോട്ടങ്ങളും
അനാമിക കിടക്കയിൽ നിന്നും മെല്ലെ എഴിന്നേറ്റ് വീണ്ടും കണ്ണാടിയിൽ നോക്കി. തന്നെ തന്നെ നോക്കി ചിരിക്കാൻ ശ്രമിച്ചു. എന്നിട്ട് ഫോൺ കയ്യിലെടുത്ത് ഉറച്ചശബ്‌ദത്തിൽ പറഞ്ഞു
''താര ഞാൻ തീരുമാനിച്ചു.... ഞാനിപ്പോൾ ഇറങ്ങാം.""
ബസിൽ കാഴ്ചകൾ പിന്നിലേക്ക് തെന്നിയകലുമ്പോൾ മനസിൽ ഓർമ്മകൾ മിന്നിമറയുകയായിരുന്നു

''വേണോ... ശരിക്കാലോചിച്ചിട്ട് തന്നെയാണോ?""
പരാതി വായിച്ച് എസ്. ഐ ചോദ്യം ആവർത്തിച്ചപ്പോൾ അതെ എന്ന് പറയാൻ മറ്റൊന്നും ആലോചിക്കാനുണ്ടായിരുന്നില്ല
''ആരൊക്കെ ഇതറിയും എന്നതല്ല ... ഇനി ആരോടും ഇതാവർത്തിക്കരുത്.""

പോലീസ് സ്റ്റേഷന്റെ പടികളിറങ്ങുമ്പോൾ താര തോളത്ത് തട്ടി പുഞ്ചിരിച്ചു. മനസു നിറയെ അപ്പോൾ ആശ്വാസമായിരുന്നു. ചിന്തയുടെ ഭാരം പടിയിറങ്ങിയതു പോലെ
അച്‌ഛനെയും അമ്മയേയും വിളിച്ച് വിഷയം സൂചിപ്പിച്ചു. വാർത്തകളുടെ വളവും തിരിവും ഒരു പക്ഷേ പറന്നെത്തിയേക്കാം... തളരരുത്
അമ്മ നിർത്താതെ കരയുകയായിരുന്നു. ആശ്വസിപ്പിക്കാൻ ശ്രമിക്കുമ്പോഴും അച്‌ഛന്റെ വാക്കുകളിലെ പതർച്ചയും തിരിച്ചറിഞ്ഞിരുന്നു. തളർന്നാൽ തളർന്നിരിക്കേണ്ടി വരും. ഓടിയാൽ ഓടിക്കൊണ്ടേയിരിക്കേണ്ടി വരും...
അനാമിക സന്ധ്യയുടെ ഇളം കറുപ്പിലേക്ക് ജനൽ മലർക്കെ തുറന്നു. തണുത്ത കാറ്റ് അവളെ വട്ടമിട്ട് പറന്നു
രാവിലെ മൊബൈൽ തുടർച്ചയായി ശബ്‌ദിച്ചപ്പോഴാണ് അനാമിക പിടഞ്ഞെഴിന്നേറ്റത്.
''അനാമിക ...അവന്മാരെ പൊക്കി...""
താരയുടെ വാക്കുകൾ അവൾക്ക് ഉന്മേഷം പകർന്നു.കൈ വിരലുകൾ കൊണ്ട് കണ്ണുകൾ തിരുമ്മി ദീർഘമായി നിശ്വസിച്ചു...
''താര താങ്ക്സ്...""
''താങ്ക്സും കൺഗ്രാറ്റ്സും നിനക്കുള്ളതാണ്.""
താരയുടെ ചിരി മുത്തുമണികൾ പോലെ ചിതറി വീണപ്പോൾ അവളും ചിരിക്കാൻ ശ്രമിച്ചു.
മൊബൈൽ കിടക്കയിലേക്ക് വെച്ച് അനാമിക മെല്ലെ എഴന്നേറ്റു. ജനൽ തുറന്ന് പെയ്തു തുടങ്ങിയ മഴയിലേക്ക് ആലസ്യത്തെ കുടഞ്ഞെറിഞ്ഞു. പിന്നെ തിടുക്കത്തിൽ വാഷ് ബേസിനടുത്തേക്ക് നടന്നു. കണ്ണാടിയിലേക്ക് നോക്കി അനുസരണയില്ലാതെ തെന്നി വീണ മുടിയിഴകളെ മെല്ലെ മാടിയൊതുക്കി. കൈവെളളയിൽ നിറയെ തണുത്ത വെള്ളം മുഖത്തേക്ക് തെറിപ്പിച്ചു. കണ്ണാടിയിലേക്ക് തെറിച്ചുവീണ വെള്ളത്തുള്ളി ഒരു നിമിഷം മടിച്ച് നിന്ന് മെല്ലെ താഴേക്ക് ഒലിച്ചിറങ്ങി. അനാമിക കണ്ണാടിയിൽ തന്നെ നോക്കി നിന്നു. മുഖത്തെ വെള്ളത്തുള്ളികളെ വിരൽ കൊണ്ട് തുടച്ചെടുത്തു. പിന്നെ തന്നെ നോക്കി മനോഹരമായി പുഞ്ചിരിച്ചു. പുറത്തപ്പോൾ മഴ തകർത്തു പെയ്യുകയായിരുന്നു