തിരുവനന്തപുരം : ലൈഫ് മിഷൻ പദ്ധതിയിലെ അഴിമതിയെ കുറിച്ച് സി ബി ഐ അന്വേഷണം ഒരു ഭാഗത്ത് പുരോഗമിക്കവേ, യൂണി ടെക് ഉടമ സന്തോഷ് ഈപ്പൻ വാങ്ങിനൽകിയ ഐ ഫോണിനെ ചുറ്റിപ്പറ്റിയാണ് ഇപ്പോൾ രാഷ്ട്രീയ വിവാദം.
ലൈഫ് പദ്ധതിയുടെ നിർമാണ കരാർ ലഭിക്കാൻ 4.48 കോടി രൂപ കമ്മീഷനു പുറമേ അഞ്ച് ഐഫോണുകളും സ്വപ്ന സുരേഷ് യൂണി ടെക് ഉടമ സന്തോഷ് ഈപ്പനോട് ചോദിച്ചിരുന്നു. ഈ ഫോണിൽ ഒരെണ്ണം ഉപയോഗിച്ചിരുന്നത് സെക്രട്ടേറിയറ്റിലെ അസി പ്രോട്ടോകോൾ ഓഫിസർ എം പി രാജീവനാണെന്ന് പിന്നീട് തെളിഞ്ഞിരുന്നു.
എന്നാൽ സംഭവം വിവാദമായതോടെ രാജീവൻ ഐ ഫോൺ പൊതുഭരണവകുപ്പ് സെക്രട്ടറിക്കു കൈമാറി. രണ്ടാഴ്ച മുൻപാണ് ഇദ്ദേഹം ഐ ഫോൺ കൈമാറിയത്. എന്നാൽ ഇപ്പോഴും സെക്രട്ടേറിയറ്റിലെ ഹൗസ് കീപ്പിംഗ് വിഭാഗത്തിൽ സൂക്ഷിച്ചിരിക്കുകയാണ് ഫോൺ. സാങ്കേതികമായി ഈ ഫോൺ ഏറ്റെടുക്കാൻ ഹൗസ് കീപ്പിംഗ് വിഭാഗത്തിന് കഴിയുകയില്ല. സർക്കാരിന് ഐ ഫോൺ ഏറ്റെടുക്കാൻ നിയമതടസമുണ്ട് എന്നതാണ് കാരണം. പെരുമാറ്റച്ചട്ടം ലംഘിച്ച് സർക്കാർ ഉദ്യോഗസ്ഥൻ പാരിതോഷികം സ്വീകരിക്കുന്നതിന് വിലക്കുണ്ട്. 1960ലെ സർക്കാർ സർവീസ് റൂൾ പ്രകാരം സർക്കാർ ഉദ്യോഗസ്ഥനോ കുടുംബാംഗങ്ങളോ സർക്കാരിന്റെ അനുമതി കൂടാതെ പാരിതോഷികം സ്വീകരിക്കരുതെന്നാണ്.
അതിനാൽ തന്നെ ഫോൺ മടക്കി നൽകിയെങ്കിലും രാജീവനെതിരെ സർക്കാരിന് നടപടി എടുക്കേണ്ടി വന്നേക്കും. ഫോൺ തിരികെ രാജീവന് തന്നെ മടക്കി നൽകാനും സാദ്ധ്യതയുണ്ട്. ലൈഫിൽ സി ബി ഐ പിടിമുറുക്കും എന്ന ഭയവും ഉദ്യോഗസ്ഥർക്കുണ്ട്. ആരെയും മോഹിപ്പിക്കുന്ന ഐ ഫോൺ അനാഥമായ അവസ്ഥയിലാണ് ഇപ്പോഴുള്ളത്. സ്വപ്നയ്ക്ക് സമ്മാനമായി ലഭിച്ച ഫോണുകളിൽ ഒന്നൊഴികെ ബാക്കി എല്ലാ ഫോണുകളുടെ വിവരങ്ങളും കണ്ടെത്തിയിട്ടുണ്ട്. കൂട്ടത്തിൽ വിലപിടിപ്പുള്ള വി ഐ പി ഫോൺ ആരാണ് ഉപയോഗിക്കുന്നത് എന്ന് മാത്രമേ ഇനി കണ്ടെത്തേണ്ടതുള്ളു. അന്വേഷണ ഉദ്യോഗസ്ഥരെ സംബന്ധിച്ചിടത്തോളം ഇത് വലിയ ബുദ്ധിമുട്ടുള്ള കാര്യമല്ല എന്ന് വിലയിരുത്തപ്പെടുന്നു.