മനുഷ്യനെ മറ്റ് ജീവികളിൽ നിന്നും വ്യത്യസ്തനാക്കുന്ന പ്രധാനപ്പെട്ടൊരു ഘടകം അവന് ചിന്തിക്കാനും സംസാരിക്കാനുമുളള കഴിവാണ്. വാക്കുകളും അവ ചേർത്തുളള വാക്യങ്ങളും അവ ചേർത്തുളള കഥകളും മനുഷ്യ സംസ്കാരത്തിന്റെ വികാസത്തിൽ വലിയ പങ്കാണ് വഹിച്ചിട്ടുളളത്. ഇത്ര ശക്തമായൊരു ആശയവിനിമയ രീതിയും വാക്കുകളും മനുഷ്യൻ സൃഷ്ടിച്ചത് എങ്ങനെയെന്ന സംശയം ഒരു കടങ്കഥയായി തന്നെ ഇപ്പോഴും അവശേഷിക്കുകയാണ്. ഈ ആശയ വിനിമയമാണ് എഴുത്തിലേക്കും പഠിച്ച വസ്തുതകൾ ശേഖരിച്ച്
വയ്ക്കുന്നതിലേക്കും അവ ശബ്ദമായും ചിത്രമായും ലേഖനമായും രേഖപ്പെടുത്തി വയ്ക്കുന്നതിനും മനുഷ്യനെ പ്രാപ്തനാക്കിയത്.
ഇപ്പോൾ അതിനെകുറിച്ച് ശാസ്ത്രജ്ഞർക്ക് ഗവേഷണത്തിലൂടെ ഒരു ഉത്തരം ലഭിക്കുകയാണ്. നാം മനുഷ്യർ എന്തുകൊണ്ട് അക്ഷരമാലകളും വാക്കുകളും പഠിക്കുന്നു എന്നതിന് അമേരിക്കയിലെ ഓഹിയോ സർവകലാശാലയിലെ ഗവേഷകർ ഒരു ഉത്തരം കണ്ടെത്തി.
മനുഷ്യ മസ്തിഷ്കത്തിൽ ജന്മനാ തന്നെ പ്രത്യേക രീതിയിൽ ക്രമീകരിക്കപ്പെട്ട ഒരു നെറ്റ്വർക്ക് ഉണ്ട് അഥവാ ഒരു കൂട്ടം മസ്തിഷ്ക കോശങ്ങളുണ്ട്. ഇവ തലച്ചോറിനെ കാണുന്ന അക്ഷരങ്ങളെയും വാക്കുകളെയും തിരിച്ചറിയാൻ പ്രാപ്തമാക്കുന്നു.ഇത് മസ്തിഷ്കത്തിലെ ഭാഷകളെ തിരിച്ചറിയുന്ന ഭാഗവുമായി ബന്ധിച്ചിരിക്കുന്നു. ചുരുക്കത്തിൽ പറഞ്ഞാൽ വാക്കുകളെയും വാക്യങ്ങളെയും തിരിച്ചറിയാൻ കഴിവുളള തലച്ചോറാണ് ജന്മനാ മനുഷ്യനുളളത്. അതിനെ വിവിധ ഭാഷകളിൽ ക്രമപ്പെടുത്തിയെടുക്കണം എന്നുമാത്രം.
ജനിച്ച് അധികം വൈകാതെ, എന്തെങ്കിലും ഭാഷ പഠിച്ച് തുടങ്ങും മുൻപ് തന്നെ കുഞ്ഞുങ്ങളിൽ വാക്കുകൾ തിരിച്ചറിയുന്നുണ്ടോ എന്ന പരീക്ഷണം ഗവേഷകർ നടത്തി.
അതേസമയം മുതിർന്നവരിൽ വായനയെ പ്രതിനിധീകരിക്കുന്ന തലച്ചോറിലെ ഭാഗം വിദ്യാഭ്യാസമുളളവരിൽ മാത്രമേ സജീവമായി കാണാനായുളളൂ. മുൻപ് അക്ഷരാഭ്യാസമുളളവരിലും ഇല്ലാത്തവരിലും ഈ ഭാഗം ഒരുപോലെയാകും പ്രവർത്തിക്കുക എന്നാണ് കരുതിപ്പോന്നിരുന്നത്. മുഖം,രൂപം, രംഗങ്ങൾ ഇവയെ ഓർക്കുന്ന ഭാഗങ്ങളിൽ നിന്നും വ്യത്യാസമൊന്നുമില്ല തലച്ചോറിലെ ഈ ഭാഗത്തിനും എന്ന് ഗവേഷകർ കണ്ടെത്തി.
ഈ ഭാഗങ്ങളുടെ പ്രവർത്തനം കൂടുതൽ പഠിക്കുന്നതിലൂടെ ചില കുട്ടികളിൽ കണ്ടുവരുന്ന പദാന്ധതയെ കുറിച്ച് അറിയാനും ആ രോഗവസ്ഥയ്ക്ക് പരിഹാരം കണ്ടെത്താനും കഴിയും എന്ന പ്രത്യാശയിലാണ് ഗവേഷകർ.