maankulam

മൂന്നാറിലേക്ക് യാത്ര തിരിക്കുന്നവർക്ക് കാഴ്ചയുടെ നവ്യാനുഭവം പകരുന്നയിടമാണ് മാങ്കുളം. പച്ചപ്പും തണുപ്പും കുളിർക്കാറ്റുമൊക്കെയായി പ്രകൃതി സുന്ദരിയായി അണിഞ്ഞൊരുങ്ങി നിൽക്കുന്നയിടം. അടിമാലിയിൽ നിന്നും 25 കിലോമീറ്റർ ദൂരം സഞ്ചരിച്ചാൽ ഇവിടേക്കെത്താം. ഇടുക്കി ജില്ലയിലെ ദേവികുളം താലൂക്കിലാണ് ഈ വിനോദസഞ്ചാര കേന്ദ്രം സ്ഥിതി ചെയ്യുന്നത്. അധികം ജനത്തിരക്കോ വാഹനങ്ങളുടെ അമിതമായ കടന്നുകയറ്റമോ ഈ പ്രദേശത്തുണ്ടായിട്ടില്ല. മാങ്കുളം ഇപ്പോഴും അക്ഷരാർത്ഥത്തിൽ ഭംഗി നിറഞ്ഞു നിൽക്കുന്ന ഒരു കാട് തന്നെയാണ്. ഇവിടെയെത്തിയാൽ പിന്നെ ജീപ്പിലുള്ള യാത്രയാകും കൂടുതൽ നല്ലത്. കല്ലും കുഴികളും നിറഞ്ഞ വഴികളിലൂടെ കാ‌ഴ്ചകൾ കണ്ട് പോകാൻ ജീപ്പ് തന്നെയാണ് ബെസ്റ്റ്. കാട്ടാനക്കൂട്ടം പതിവായി വെള്ളം കുടിക്കാനെത്തുന്ന ആനക്കുളമാണ് മാങ്കുളത്തിന്റെ മറ്റൊരു ശ്രദ്ധാകേന്ദ്രം.
നവംബർ - ഡിസംബർ മാസങ്ങളിൽ പൂജ്യത്തിലും താഴെ അന്തരീക്ഷ ഊഷ്‌മാവ് എത്താറുണ്ട്. അതിശയിപ്പിക്കുന്ന ഉയരത്തിൽ നിന്നും ഇടതടവില്ലാതെ നുരഞ്ഞ് പതഞ്ഞ് താഴേക്ക് പതിക്കുന്ന ഒന്നിലധികം വെള്ളച്ചാട്ടങ്ങളും മാങ്കുളത്തിന്റെ പ്രത്യേകതയാണ്. ചിന്നാർ വെള്ളച്ചാട്ടം, വിരിപ്പാറ വെള്ളച്ചാട്ടം, കോഴിവാലൻക്കുത്ത്, പെരുമ്പൻകുത്ത്, നക്ഷത്രകുത്ത് തുടങ്ങി ആറോളം വെള്ളച്ചാട്ടങ്ങൾ ഇവിടെയുണ്ട്. അവയിലേറെയും ഇരുന്നൂറ് ഇരുന്നൂറ്റമ്പത് അടിക്കുമേൽ ഉയരത്തിൽ നിന്നുമാണ് വെള്ളം താഴേക്കു പതിക്കുന്നത്. കലർപ്പില്ലാത്ത ശുദ്ധജലമാണ് എന്നു മാത്രമല്ല ശരീരം കോച്ചുന്നത്ര തണുപ്പുമാണ് ഓരോ വെള്ളച്ചാട്ടത്തിനും. നെടുമ്പാശ്ശേരി - കൊടൈക്കനാൽ സംസ്ഥാന പാത ഈ പഞ്ചായത്തിലൂടെയാണ് കടന്നുപോകുന്നത്.
എറണാകുളത്ത് നിന്നും കോതമംഗലം വഴി അടിമാലി, കല്ലാർ, മാങ്കുളം എത്താം.