ലണ്ടൻ : പ്രശസ്ത ബ്രിട്ടീഷ് മാദ്ധ്യമപ്രവർത്തകൻ റോബർട്ട് ഫിസ്ക് അന്തരിച്ചു. 74 വയസായിരുന്നു. ദ ഇൻഡിപെൻഡന്റിന്റെ മിഡിൽ ഈസ്‌റ്റ് കറസ്പോണ്ടന്റ് ആയിരുന്നു. വാർദ്ധക്യസഹജമായ രോഗങ്ങളെ തുടർന്ന് അയർലൻഡിലെ ഡബ്ലിനിൽ വച്ചായിരുന്നു അന്ത്യം. ഇംഗ്ലണ്ടിലെ കെന്റിൽ ജനിച്ച ഫിസ്ക് പിന്നീട് അയർലൻഡ് പൗരനാവുകയായിരുന്നു.
1989ൽ ദ ഇൻഡിപെൻഡന്റിൽ എത്തുന്നതിന് മുമ്പ് ബ്രിട്ടീഷ് മാദ്ധ്യമങ്ങളായ സൺഡേ എക്സ്പ്രസ്, ദ ടൈംസ് എന്നിവയിൽ ജോലി ചെയ്തിരുന്നു. ദശാബ്ദങ്ങളായി ബെയ്റൂട്ട് കേന്ദ്രീകരിച്ച് ജോലി ചെയ്ത ഫിസ്ക് മിഡിൽ ഈസ്റ്റിലെ അറിയപ്പെടുന്ന മാദ്ധ്യമപ്രവർത്തകൻ ആയിരുന്നു. അൽ ഖ്വയ്ദ മുൻ നേതാവ് ഒസാമ ബിൻ ലാദനടക്കം നിരവധി പേരുമായി അഭിമുഖം നടത്തിയിട്ടുണ്ട്.
ബിൻ ലാദനുമായി മൂന്ന് തവണയാണ് അഭിമുഖം നടത്തിയത്. ലിബിയൻ ഏകാധിപതിയായിരുന്ന മുഅമ്മർ ഗദ്ദാഫിയേയും ഫിസ്റ്റ് കണ്ടുമുട്ടിയിട്ടുണ്ട്. ഓർവെൽ പ്രൈസ് അടക്കം നിരവധി പുരസ്കാരങ്ങൾ സ്വന്തമാക്കിയിട്ടുണ്ട്. ലെബനൻ ആഭ്യന്തരയുദ്ധം, ഇറാനിലെ വിപ്ലവം, ഇറാൻ - ഇറാഖ് യുദ്ധം, അഫ്ഗാനിലെ സോവിയറ്റ് അധിനിവേശം തുടങ്ങിയവയെ ആസ്പദമാക്കി ലോകശ്രദ്ധയാകർഷിച്ച ഒട്ടനവധി റിപ്പോർട്ടുകൾ തയാറാക്കിയിട്ടുണ്ട്.