kummanam-

പത്തനംതിട്ട : ബി.ജെ.പി മുൻ സംസ്ഥാന അദ്ധ്യക്ഷനും മിസോറം മുൻ ഗവർണറുമായ കുമ്മനം രാജശേഖരൻ പ്രതിയായ സാമ്പത്തിക തട്ടിപ്പ് കേസ് ഒത്തുതീർപ്പായി. ഒന്നാം പ്രതി ആറൻമുള സ്വദേശി പ്രവീൺ പിള്ളയും രണ്ടാം പ്രതിയും പാലക്കാട് ന്യൂഭാരത് കമ്പനി ഉടമ വിജയനും തനിക്ക് നൽകാനുള്ള മുഴുവൻ തുകയും പലിശ സഹിതം നൽകിയതിനാൽ പരാതി പിൻവലിക്കുകയാണെന്ന് കാട്ടി പരാതിക്കാരനായ പി. ആർ. ഹരികൃഷ്ണൻ ആറൻമുള പൊലീസിൽ അപേക്ഷ നൽകി. കേസിൽ എഫ്‌.ഐ.ആർ റദ്ദാക്കാനായി ഹൈക്കോടതിയിലും അപേക്ഷ നൽകി. ബി.ജെ.പി നേതാക്കൾ ഇടപെട്ടാണ് 24 ലക്ഷം രൂപ ഹരികൃഷ്ണന് തിരികെ നൽകി കേസ് തീർപ്പാക്കിയത്.

ഹരികൃഷ്ണന്റെയും ആരോപണ വിധേയരായവരുടെയും അക്കൗണ്ടുകളുടെ വിവരം തേടി അന്വേഷണ സംഘം ബാങ്കുകൾക്ക് കത്തയച്ചിരുന്നു. വിജയന്റെ കമ്പനിയിൽ പണം നിക്ഷേപിക്കാൻ ആവശ്യപ്പെട്ടത് കുമ്മനത്തിന്റെ മുൻ പി.എ ആയിരുന്ന പ്രവീൺ വി.പിള്ളയാണ്. നിക്ഷേപം സംബന്ധിച്ച് ശബരിമലയിൽ വച്ച് കുമ്മനം താനുമായി നേരിട്ട് ചർച്ച നടത്തിയെന്നും മൊഴിയിലുണ്ട്. പണം നിക്ഷേപിച്ചിട്ടും ഷെയർ സർട്ടിഫിക്കറ്റ് നൽകാൻ കമ്പനി ഉടമ തയ്യാറായില്ല. പരാതിക്കാരന്റെയും ആരോപണ വിധേയരായവരുടെയും ഫോൺകാൾ വിവരങ്ങളും അന്വേഷണസംഘം തേടിയിരുന്നു.