k

മദ്ധ്യാഹ്നം ചൂട് പിടിച്ച നേരത്ത് അയാളുടെ മനസ് വെന്തുരുകി.സൂര്യന്റെ ജ്വലനം അയാളുടെ ചിന്തകളെ കരിച്ചുണക്കി. ഓർമകളിൽ തെളിഞ്ഞ പലതും അയാളുടെ പാദങ്ങളിലൂടെ ചുട്ടുപൊള്ളുന്ന ഭൂമിയിലേക്ക് ആഴ്ന്നിറങ്ങി.
അയാളുടെ ഭാര്യ ഗവൺമെന്റ് സ്‌കൂളിലെ ഒരു ഹൈസ്‌കൂൾ ടീച്ചറാണ്.അവരുടെ നാട്ടിൽ നിന്നും ഒരെട്ട് കിലോമീറ്ററകലെയാണ് സ്‌കൂൾ. നാട്ടിൽ അയാൾക്ക് ഒരു പലചരക്ക് കടയുണ്ടായിരുന്നു. പതിനേഴ് വർഷം മുൻപ് ആ കടയ്ക്ക് എന്നെന്നേക്കുമായി അയാൾ ഷട്ടറിട്ടു. കാരണം അന്ന് മുതൽ അയാൾക്ക് മറ്റൊരു ഉത്തരവാദിത്തമായി. ബുദ്ധിമാന്ദ്യം സംഭവിച്ച തന്റെ മകനെ നോക്കൽ. ഇപ്പോഴും അയാളുടെ പണി അതുതന്നെയാണ്.
അയാളുടെ ഭാര്യ സ്‌കൂളിൽ നിന്ന് ടൂർ പോയിരിക്കുകയാണ്. മൈസൂരുവിലേക്കാണ് ഇത്തവണത്തെ ടൂർ. രണ്ടു ദിവസം കഴിഞ്ഞേ അവൾ വരികയുള്ളൂ. മകനെക്കുറിച്ചോർത്ത് അയാൾക്ക് അശേഷം പോലും സങ്കടമില്ല. പക്ഷേ അവന്റെ പ്രായത്തിലുള്ള കുട്ടികൾ ജീവിതം ആസ്വദിക്കുന്നത് കാണുമ്പോൾ അയാൾക്ക് സങ്കടമാകും. തന്റെ മകന് ഇതൊന്നും അനുഭവിക്കാനുള്ള യോഗമുണ്ടായില്ലല്ലോ എന്ന് അന്നേരം അയാൾ സ്വയം പറഞ്ഞുകൊണ്ടിരിക്കും.
അങ്ങനെയാണ് ഭാര്യ ടൂറിന് പോയ അന്നുച്ചക്ക് മകനെ എങ്ങോട്ടെങ്കിലും കൊണ്ടുപോയാലോ എന്ന് അയാൾ ആലോചിക്കുന്നത്. അവനെ കോഴിക്കോട്ടേക്ക് കൊണ്ട് പോകാൻ അയാൾ തീരുമാനിച്ചു.
പിറ്റേന്ന് രാവിലെ തന്നെ മകനെ കുളിപ്പിച്ച് പുത്തനുടുപ്പുമണിയിച്ച് അയാൾ യാത്രക്കൊരുങ്ങി. അഭിനവ് ശ്രീനിവാസ് എന്നാണ് അച്‌ഛനും അമ്മയും അവനിട്ട പേര്. പക്ഷേ തന്റെ പേര് അഭിനവ് എന്നാണെന്നോ തന്റെ അച്‌ഛന്റെ പേര് ശ്രീനിവാസൻ എന്നാണെന്നോ തന്റെ അമ്മയുടെ പേര് രമ എന്നാണെന്നോ ഒന്നും അവനറിയില്ല. പേര് എന്നാൽ എന്താണെന്ന് പോലും അറിയാത്ത അവനെങ്ങനെയാണ് ഇതൊക്കെ അറിയുന്നത്.
അഞ്ച് വയസായിട്ടും നേരാംവിധം സംസാരിക്കാൻ കഴിയാതെ വന്നതോടെയാണ് അവൻ ആദ്യമായി മന്ദബുദ്ധി എന്ന വിളി കേൾക്കുന്നത്. കുടുംബത്തിലെ ചിലരാണ് അവൻ ആ പേര് ചാർത്തി നൽകിയത്. അന്ന് ശ്രീനിവാസ് ഇറക്കിവിട്ട ബന്ധുമിത്രങ്ങളാരും കഴിഞ്ഞ ഒരുപാട് വർഷമായി ആ വീടിന്റെ പടി കടന്നിട്ടില്ല.
വടക്കേലെ ദാസന്റെ ഓട്ടോയിലാണ് അവർ റെയിൽവേ സ്റ്റേഷനിലേക്ക് പോയത്. അഭിനവ് ഇന്നുവരെ ട്രെയിൻ കണ്ടിട്ടില്ല. അവൻ ആദ്യം കാണേണ്ടത് അതാണ്. ശ്രീനിവാസൻ തീർച്ചയാക്കി. നഗരത്തിൽ നിന്നും കുറച്ചകലെ മാറിയാണ് സ്റ്റേഷൻ. മേൽപ്പാലം കടന്ന് ഇടതുവശത്തോട്ടുള്ള ചെറുപാതയിലേക്ക് ഓട്ടോ കയറി. ബാഗും കവറും തൂക്കി നടക്കുന്ന ഒരുപാടാളുകളെ പിന്നിലാക്കി പണി തീരാതെ കിടക്കുന്ന ഓഫീസിന്റെ മുന്നിൽ വണ്ടി നിന്നു.
''എങ്ങോട്ടാ?""
പോക്കറ്റിൽ നിന്ന് നൂറുരൂപയുടെ ഒറ്റനോട്ട് നീട്ടുന്നതിനിടയിൽ ദാസൻ അയാളോട് ചോദിച്ചു.
''മോനെ ഒന്ന് കോഴിക്കോട് കാണിക്കാൻ കൊണ്ട് പോകാ.""
ദാസൻ ഒന്ന് മന്ദഹസിക്കാൻ ശ്രമിച്ചു,ശ്രീനിവാസ് തിരിച്ചും. അഭിനവിനെ പലരും സൂക്ഷിച്ചുനോക്കാൻ തുടങ്ങി.ചിലർ മുന്നിൽ നിന്ന് തിരിഞ്ഞുനോക്കി.
''അച്‌ഛാ അച്‌ഛാ...""
അത് കേട്ട നിമിഷം അയാളവന്റെ മുഖത്തേക്ക് നോക്കി.
''എന്താ മോനെ?""
''വീട്ടി വീട്ടി പോവാ...""
'പോവാം അതിന്റെ മുമ്പ് നമുക്കൊരിടം വരെ പോണം.""
അയാൾ അവന്റെ തലയിൽ ചെറുതായൊന്ന് തട്ടി. ടിക്കറ്റ് കൗണ്ടറിൽ ചെന്ന് അയാൾ ഷൊർണ്ണൂരിലേക്ക് രണ്ട് ടിക്കറ്റ് വാങ്ങി.അവരിപ്പോൾ അങ്ങാടിപ്പുറത്താണ്. അവിടെ നിന്നും ഷൊർണൂരിൽ പോയി വേണം അങ്ങാടിപ്പുറത്തേക്ക് പോകാൻ.
ശ്രീനിവാസനും അഭിനവും സ്റ്റേഷനിലെ ഒരു ബെഞ്ചിലേക്കിരുന്നു. സ്റ്റീൽ കൊണ്ടുണ്ടാക്കിയ ബെഞ്ചിന് കരിങ്കല്ലിനോളം ബലമുണ്ടെന്ന് അയാൾക്ക് തോന്നി. കുറച്ച് നേരം കഴിഞ്ഞപ്പോൾ ഷൊർണൂരിൽ നിന്ന് നിലമ്പൂരിലേക്ക് വരുന്നുണ്ടായിരുന്ന തീവണ്ടിയുടെ മുരൾച്ച ഒരുപാടകലെ നിന്നുകൊണ്ട് തന്നെ അഭിനവിന്റെ കാതുകളിൽ അസ്വസ്ഥത പടർത്തി. ട്രെയിൻ സ്റ്റേഷനോട് അടുക്കുന്തോറും അവൻ തന്റെ അച്ഛനോട് അടുത്തു. ശ്രീനിവാസ് അവനെ ചേർത്തുപിടിച്ചു. ട്രെയിനിന്റെ മുരൾച്ച നിന്നു.ഒരു നിമിഷം അവൻ കണ്ണുകൾ തുറന്നു.ഇത്രയും നീളമുള്ള ഒരു ജീവിയെ അവൻ ഇതിനുമുൻപ് കണ്ടിട്ടേയില്ലായിരുന്നു.
''അച്ഛാ അച്ഛാ തെന്താ?""
അവൻ ഭൂമിയിൽ ജനിച്ച് വീണപ്പോഴുണ്ടായിരുന്ന അതേ നിഷ്‌കളങ്കതയോട് കൂടി അയാളോട് ചോദിച്ചു.
''ഇതാണ് ട്രെയിൻ.""
''ത്രയിൻ.""
''ത്രയിനല്ല മോനെ ട്രെയിൻ.""
''ട്രെൻ ട്രെൻ.""
ശ്രീനിവാസ് അവന്റെ മുഖം നെഞ്ചോട് ചേർത്തി. കാടകങ്ങളിൽ നിന്നും തീവണ്ടിയുടെ ചൂളം വിളിയുയർന്നു. ഷൊർണ്ണൂരിലേക്കുള്ള ട്രെയിൻ വന്നു. അഭിനവിന്റെ കൈ പിടിച്ച് അയാൾ ട്രെയിനിനരികിലേക്ക് നടന്നു.ട്രെയിനിൽ നിന്ന് പ്ലാറ്റ്ഫോമിലേക്കിറങ്ങിയ പലരും അഭിനവിനെ ശ്രദ്ധിച്ചു നോക്കുന്നുണ്ടായിരുന്നു.
രമയുടെ അടുത്ത ബന്ധത്തിലുള്ള ഒരമ്മായിയുടെ മകനായിരുന്നു ശ്രീനിവാസ്. ഉരുക്ക് ശരീരം,നല്ല നിറം. രമയ്‌ക്ക് അന്ന് മറുത്തൊന്ന് ചിന്തിക്കാൻ തോന്നിയില്ല.പക്ഷേ അഭിനവിന് ആറോ ഏഴോ വയസ്സായപ്പോൾ താൻ ചെയ്തത് വലിയ മണ്ടത്തരമായിപ്പോയെന്ന് അവൾക്ക് തോന്നി.അതൊരു തിരിച്ചറിവായിരുന്നു. അവളുടെ ജീവിതത്തിലെ ഏറ്റവും വലിയ തിരിച്ചറിവ്.
ശ്രീനിവാസന് കുടുംബസ്വത്തായി ലഭിച്ച അമ്പത് സെന്റ് ഭൂമിയുണ്ട്.എല്ലാ ഞായറാഴ്ചയും അയാൾ അഭിനവിനേയും കൂട്ടി പുഴക്കരയിലെ ആ പറമ്പിലേക്ക് പോകും. കഴിഞ്ഞ മഴക്കാലത്ത് ഇടിവെട്ടി തലപോയ തെങ്ങും കൂട്ടി ആകെ നാല്പത്തിരണ്ട് തെങ്ങുകളുണ്ടതിൽ. രണ്ടുമാസത്തിൽ ഒരിക്കലേ തേങ്ങയിടൂയെങ്കിലും നല്ലൊരു തുക അതിൽ നിന്നും ശ്രീനിവാസന് ലഭിക്കാറുണ്ട്. മാസത്തിൽ രണ്ടോ മൂന്നോ തവണ നഗരത്തിലേക്ക് ഇറങ്ങുന്നതൊഴിച്ച് നിർത്തിയാൽ അധികമെവിടേക്കും അയാൾ പോകാറില്ല; പച്ചക്കറിയും പലവ്യഞ്ജനവും വാങ്ങാൻ പോലും. സ്‌കൂൾ വിട്ട് വരുമ്പോൾ രമയാണ് സാധങ്ങളെല്ലാം കൊണ്ടുവരാറുള്ളത്.
കാടുംമേടും കടന്ന് ട്രെയിൻ ഷൊർണ്ണൂരിലെത്തി. അഭിനവ് പുതിയൊരു ലോകം നോക്കികാണുകയായിരുന്നു.ഒരുപാട് മനുഷ്യരുള്ള ലോകം അവന്റെ മുന്നിൽ തുറക്കപ്പെട്ടു.അല്ല ശ്രീനിവാസ് അവന് മുന്നിൽ തുറന്നു. ഷൊർണൂരിൽ നിന്നും കണ്ണൂരിലേക്കുള്ള പാസഞ്ചർ ട്രെയിനിൽ അവർ രണ്ട് പേരും കയറി. പച്ചവിരിച്ച നെൽപ്പാടങ്ങൾക്ക് നടുവിലൂടെ ട്രെയിൻ കുതിച്ചുപാഞ്ഞു. ട്രെയിൻ തിരൂരങ്ങാടി എത്തുന്നതിന് മുന്നേയാണത് സംഭവിച്ചത്. തന്റെ അരികിലിരുന്നിരുന്ന പരിഷ്‌കാരിയായ കൊച്ചമ്മയുടെ സാരിത്തുമ്പിൽ അഭിനവിന്റെ കൈ അറിയാതെയൊന്ന് തട്ടി. ബാസ്റ്റഡ് എന്ന പദത്തിന്റെ അർത്ഥം അവനറിയുമായിരുന്നുവെങ്കിൽ. ശ്രീനിവാസ് അവനെ ആ സ്ത്രീയ്‌ക്കരികിൽ നിന്നും ജനാലയ്‌ക്കരികിലേക്ക് ഇരുത്തി.
ഈ സമയമത്രയും അഭിനവ് മറ്റേതോ ലോകത്തായിരുന്നു.അവൻ ഇതിന് മുമ്പും ഇങ്ങനെയുള്ള രംഗങ്ങൾ കണ്ടിരിക്കുന്നു. ശ്രീനിവാസ് അവന്റെ തലയിൽ പതിയെ കൈ വച്ചു.അയാൾ അവനോട് ഒന്നും പറഞ്ഞില്ല.ട്രെയിൻ പരപ്പനങ്ങാടി എത്തുന്നത് വരെ പിന്നെ അതായിരുന്നു പ്രശ്നം.'എന്താ താൻ ന്റെ മോനെ താൻ ഒന്നും പറയാത്തത്?' കൊച്ചമ്മ . അയാളത് കേട്ട ഭാവം നടിച്ചില്ല.ഫറോക്കിലെത്തിയപ്പോൾ അഭിനവിന്റെ കണ്ണുകൾ വിടർന്നു.
''തെന്തോരു പൊഴേ.""
''ഇതിനെക്കാള് വല്താണ് കടല് നമ്മളവ്ട്ക്കാണ് പോണ്.""
അവൻ ശ്രീനിവാസനെ നോക്കി മന്ദഹസിച്ചു.കമ്പാർട്‌മെന്റിലെ ബാക്കിയുള്ളവർ അവന്റെ മന്ദഹാസത്തെ പുച്‌ഛത്തോടെ നോക്കിക്കണ്ടു. ട്രെയിൻ കോഴിക്കോട് സെൻട്രൽ റെയിൽവേ സ്റ്റേഷനിലെത്തി.യുവത്വം തുടിക്കുന്ന സ്ത്രീപുരുഷന്മാർ ട്രെയിനിൽ നിന്ന് ചാടിയിറങ്ങി.പ്രായം ചെന്നവർ പതിയെ സ്റ്റേഷനിൽ നിന്ന് പുറത്തേക്ക് നടന്നു.
''അച്ഛാ നമ്മളെന്തിനാ ഇവ്ട്ക്ക് വന്നിരിക്ക്ന്ന്""
ട്രെയിനിറങ്ങി പുറത്തേക്ക് നടക്കുന്നതിനിടയിൽ അഭിനവ് ശ്രീനിവാസനോട് ചോദിച്ചു.
''അമ്മ ടൂർ പോയീലെ. അത്‌പോലെ നമ്മളും ടൂർ പോന്ന്ക്കാ.""
ടൂർ എന്ന് പറഞ്ഞാൽ എന്താണെന്ന് കൃത്യമായി അവന് മനസിലായില്ല.എങ്കിലും സാധാരണയിൽ കവിഞ്ഞ എന്തോ യാത്രയാണെന്ന് അവന് മനസിലായി.ഞായറാഴ്ചകളിൽ പുഴക്കരയിലേക്കും രോഗമെന്തെങ്കിലും വന്നാൽ താലൂക്ക് ആശുപത്രിയിലേക്കും നീളുന്ന പാതകളേ അവന്റെ ജീവിതത്തിലുള്ളൂ.
മാനാഞ്ചിറയിലേക്കും ഫറോക്കിലേക്കുമുള്ള ബസ്സുകൾ ഇടതടവില്ലാതെ ഹോണടിച്ചു കൊണ്ടിരുന്നു. ജീവനുള്ള പച്ച മനുഷ്യരെ കയറ്റിയും ഇറക്കിയും കിളികൾ മുന്നേറി.
ശ്രീനിവാസും അഭിനവും പോയത് നഗരത്തിലെ ഏറ്റവും വലിയ ഹോട്ടലിലേക്കായിരുന്നു.കഴിഞ്ഞവർഷം മെഡിക്കൽ കോളേജിൽ കിടന്ന ബാലുശ്ശേരിയിലെ ഇളയച്‌ഛനെ കാണാൻ വന്നപ്പോഴാണ് അയാൾ അവസാനമായി അവിടത്തെ ബിരിയാണി കഴിച്ചത്.
''ഏടെ അച്ഛാ കടല്.""
''പോണം അയിന്റെ മുന്നേ എന്തേലും തിന്നണ്ടെ""
''മ്ം.""
അവൻ പുറത്തേക്ക് നോക്കി.നീല നിറത്തിലുള്ള ബസുകൾ,വെള്ളനിറത്തിലുള്ള കാറുകളും ജീപ്പുകളും പിന്നെ വർണങ്ങളിൽ മുങ്ങിക്കുളിച്ച അനേകായിരം മനുഷ്യരും. ഒരു മൂന്നുനില കെട്ടിടത്തിന് മുന്നിൽ ഓട്ടോറിക്ഷ നിന്നു. ശ്രീനിവാസ് ഡ്രൈവർക്ക് നേരേ നീട്ടിയ അമ്പത് രൂപ വാങ്ങുമ്പോൾ അയാളുടെ കണ്ണുകൾ രണ്ടും അവന്റെ മുഖത്തായിരുന്നു.അഭിനവ് ചുറ്റും നോക്കി.ചീറിപ്പാഞ്ഞുപോയ ഒരു ബെൻസ് കാർ അവനെ കണ്ണിറുക്കി പേടിപ്പിച്ചു.
ശ്രീനിവാസ് രണ്ട് ചിക്കൻ ബിരിയാണി ഓർഡർ ചെയ്‌തു. ബിരിയാണി വരുന്നത് വരെ തന്റെ അഭിമുഖമായി ഇരുന്നിരുന്ന മകനെ നോക്കി അയാൾ പുഞ്ചിരിച്ചുകൊണ്ടിരുന്നു.
ബിരിയാണി വന്നു. രണ്ടു പേരും കഴിക്കാനാരംഭിച്ചു.പെട്ടെന്ന് അഭിനവ് മുന്നിലേക്ക് കൈ നീട്ടി. വലിയ ശബ്‌ദത്തോടെ ചില്ലുഗ്ലാസ് തകർന്നുവീണു. അതിലുണ്ടായിരുന്ന വെള്ളത്തിൽ നിന്നും ഒരല്പം അയാളുടെ ഷർട്ടിന്റെ മേൽഭാഗം നനച്ചു. എല്ലാവരും അവനെ തന്നെ നോക്കി. ശ്രീനിവാസൻ ദേഷ്യത്തോടെ ഒന്നവനെ നോക്കുക പോലും ചെയ്തില്ല.
ബിരിയാണി കഴിച്ച് കഴിഞ്ഞ ശേഷം അഭിനവിന്റെ കൈയ്യും പിടിച്ച് അയാൾ നടപ്പാതയിലേക്കിറങ്ങി. കുറച്ചകലെ നിന്നും ഇരമ്പിയൊലിക്കുന്ന കടൽ അവരെ മാടിവിളിക്കുന്നുന്നുണ്ടായിരുന്നു. കണ്ണിന് മുന്നിൽ ഒരുപാട് പുഴകൾ ചേർന്ന പോലൊരു സാധനം അവൻ കണ്ടു.അവൻ അച്‌ഛന്റെ കൈയ്യിൽ കയറിപ്പിടിച്ചു.
''ഇതാണോ അച്‌ഛാ കടല്.""
അയാൾ ഒന്ന് മൂളി. തിരകൾ ഉയർന്നുപൊങ്ങി, അലയൊലികൾ എരിഞ്ഞടങ്ങി.