ന്യൂഡൽഹി : വ്യോമസേനയുടെ പ്രഹര ശേഷിക്ക് കരുത്ത് കൂട്ടി മൂന്ന് റഫാൽ യുദ്ധവിമാനങ്ങൾ കൂടി ഇന്ത്യയിലേക്ക്. നവംബർ നാലിനാണ് ഈ വിമാനങ്ങൾ ഇന്ത്യൻ ആകാശത്തിൽ പ്രവേശിക്കുക. മുപ്പത്തിയാറ് റഫാൽ വിമാനങ്ങൾക്കാണ് ഇന്ത്യ ഫ്രാൻസിന് കരാർ നൽകിയത്. ഇതിൽ ആദ്യഘട്ടമായി അഞ്ച് വിമാനങ്ങൾ ഇന്ത്യയിലെത്തിയിരുന്നു. ആദ്യ ബാച്ച് സെപ്തംബർ പത്തിന് ഇന്ത്യൻ വ്യോമസേനയുടെ ഭാഗമായിതീർന്നു.
മറ്റന്നാൾ ഇന്ത്യയിലെത്തുന്ന റഫാലുകൾക്ക് ഒരു പ്രത്യേകതയുണ്ട്. ഫ്രാൻസിൽ നിന്നും പുറപ്പെടുന്ന ഈ വിമാനങ്ങൾ ഇടയ്ക്ക് എവിടെയും നിർത്താതെയാവും ഇന്ത്യയിലിറങ്ങുക. ആദ്യ ഘട്ടത്തിലെത്തിയ വിമാനങ്ങൾ യു എ ഇയിലെ അൽ ദാഫ്ര എയർബേസിൽ ഇറങ്ങി ഒരു രാത്രിമുഴുവൻ വിശ്രമിച്ച ശേഷമായിരുന്നു ഇന്ത്യയിലേക്ക് യാത്ര തിരിച്ചത്. എന്നാൽ ഇക്കുറി എട്ട് മണിക്കൂർ നിർത്താതെയുള്ള പറക്കലിന് ശേഷമാവും മൂന്ന് റഫാലുകളും ഇന്ത്യൻ അതിർത്തിയിൽ പ്രവേശിക്കുന്നത്. ടാങ്കറുകളും യാത്രാമദ്ധ്യേ ഇന്ധനം പകരുവാൻ റഫാലുകൾക്ക് ഒപ്പം പറക്കും.
2016 സെപ്തംബറിൽ ഒപ്പുവച്ച കരാർ പ്രകാരം 36 റഫാലുകൾക്കാണ് ഇന്ത്യ കരാർ നൽകിയതെങ്കിലും, മികച്ച പ്രകടനം പരിശോധിച്ച ശേഷം കൂടുതൽ വിമാനങ്ങൾക്ക് ഓർഡർ നൽകുവാനും സാദ്ധ്യതയുണ്ട്.
റഫാൽ പ്രത്യേകതകൾ
നിർമ്മാതാക്കൾ ഫ്രഞ്ച് കമ്പനിയായ ദസോൾ ഏവിയേഷൻ
വില ഏകദേശം 670 കോടി രൂപ
ഉയരം 5.30 മീറ്റർ
നീളം 15. 30 മീറ്റർ
ഭാരം 10 ടൺ
പരമാവധി വിമാനത്തിനുള്ളിൽ വഹിക്കാനാകുന്ന ഭാരം 24.5 ടൺ
പുറത്ത് വഹിക്കാവുന്ന ഭാരം 9.5 ടൺ
ഒറ്റപറക്കലിൽ 3700 കിലോമീറ്റർ പരിധിവരെ പറക്കാനാകും
മണിക്കൂറിൽ 1912 കിലോമീറ്റർ പിന്നിടാൻ കഴിയും
ചിറകിന്റെ സ്പാൻ 10.90 മീറ്റർ
ഇന്ധന ശേഷി (ഇന്റേണൽ ) 4.7 ടൺ
ഇന്ധന ശേഷി (പുറത്ത്) 6.7 ടൺ
ലാൻഡിംഗ് ഗ്രൗണ്ട് റൺ 45 മീറ്റർ
സർവീസ് സീൽ 50,000 അടി
പരമാവതി വേഗത 1.8 മാക്ക്
രാത്രിയും പകലും ഒരുപോലെ ആക്രമണം നടത്താനുള്ള ശേഷി
മൂന്ന് ഡ്രോപ് ടാങ്കുകളുണ്ട്
മിക്ക ആധുനിക ആയുധങ്ങളും വിമാനത്തിൽ ഘടിപ്പിക്കാനാകും.
അസ്ട്ര, സുദർശൻ ബോംബുകൾ, എ.ഇ.എസ്.എ. റഡാർ, പൈത്തൺ 5, ഇസ്രായേലിന്റെ ഡെർബി മിസൈൽ എന്നിവ ഘടിപ്പിക്കാനുള്ള സംവിധാനങ്ങളോടെയാണ് റഫാൽ ഇന്ത്യയിലെത്തിരിക്കുന്നത്.