യെമൻ: സ്ത്രീകൾക്കായി ഒരിടം അതായിരുന്നു യെമൻ സ്വദേശിയായ ഉം ഫെറാസിന്റെ സ്വപ്നം.ഒടുവിൽ, അവൾ അത് സാദ്ധ്യമാക്കുകയും ചെയ്തു. സ്ത്രീകൾക്ക് വേണ്ടി മാത്രമായി കഫേ ആരംഭിച്ചിരിക്കുകയാണ് ഫെറാസ് ഇപ്പോൾ. യമനിൽ നേരംപോക്കിനായി സ്ത്രീകൾക്ക് ഇടങ്ങൾ എത്ര കുറവാണെന്ന ബോദ്ധ്യത്തിൽ നിന്നാണ് ഫെറാസ് കഫേ എന്ന ആശയത്തിലേക്ക് തിരിഞ്ഞത്. സ്ത്രീകൾക്ക് സ്വാതന്ത്ര്യത്തോടെ ഇരിക്കാൻ ഒരിടം എന്നതിനൊപ്പം സംരഭകത്വത്തിൽ സ്ത്രീകൾക്കും വിജയം വരിക്കാൻ കഴിയും എന്നു തെളിയിക്കുകയായിരുന്നു താനെന്ന് ഫെറാസ് പറയുന്നു.
ഏപ്രിലിലാണ് ഫെറാസ് യെമനിലെ മരിബിൽ കഫേ ആരംഭിച്ചത്. ഇവിടുത്തെ ജോലിക്കാരും സ്ത്രീകൾ തന്നെയാണ്. സ്ത്രീകൾ വീടിനു പുറത്തു പോയി ജോലി ചെയ്യുന്നതിനോട് മുഖം ചുളിക്കുന്നവർക്കുള്ള മറുപടി കൂടിയാണ് ഈ സംരംഭമെന്ന് ഫെറാസ് പറയുന്നു.
കോഫിയും പാനീയങ്ങളുമൊക്കെ പലയിടത്തു നിന്നും ഇറക്കുമതി ചെയ്യുന്നുമുണ്ട് ഫെറാസ്. വിലക്കയറ്റത്തിന്റെ സമയത്തും പണത്തിന്റെ മൂല്യത്തിൽ വ്യതിയാനം സംഭവിക്കുമ്പോഴുമൊക്കെ ഗുണമേന്മ നിലനിറുത്തുക എന്നത് വെല്ലുവിളിയായി ഏറ്റെടുക്കാറുണ്ടെന്ന് ഫെറാസ് പറയുന്നു. ഭാവിയിൽ, സ്ത്രീകൾക്കും കുട്ടികൾക്കുമായി വലിയൊരു വിനോദ സ്ഥലം എന്ന തലത്തിലേക്ക് ഉയർത്തുകയാണ് തന്റെ ലക്ഷ്യമെന്നും ഫെറാസ് പറയുന്നു.