ന്യൂഡൽഹി: മദ്ധ്യപ്രദേശിൽ ഒരു മിനി നിയമസഭാ തിരഞ്ഞെടുപ്പിന്റെ പ്രതീതിയുണർത്തി 28 നിയമസഭാ സീറ്റിൽ ഇന്ന് ഉപതിരഞ്ഞെടുപ്പ് നടക്കും. 230 അംഗ നിയമസഭയിലെ ബലാബലം നിശ്ചയിക്കാനിടയുള്ളതിനാൽ ഏഴുമാസം പ്രായമായ ശിവരാജ് സിംഗ് ചൗഹാന്റെ ബി.ജെ.പി സർക്കാരിനും കമൽനാഥ് നേതൃത്വം നൽകുന്ന കോൺഗ്രസിനും നിർണായകമാണ്. ഒരു സംസ്ഥാനത്ത് ഇത്രയധികം സീറ്റുകളിൽ ഉപതിരഞ്ഞെടുപ്പ് നടക്കുന്നതും അപൂർവം.
തിരഞ്ഞെടുപ്പ് നടക്കുന്ന 28ൽ 27ഉം കോൺഗ്രസിന്റെ സിറ്റിംഗ് സീറ്റുകളാണ്. ഇതോടെ കമൽനാഥും കോൺഗ്രസ് വിട്ട് ബി.ജെ.പിയിൽ ചേർന്ന ജ്യോതിരാദിത്യ സിന്ധ്യയും തമ്മിലുള്ള പോരാട്ടമായി മാറി ഉപതിരഞ്ഞെടുപ്പ്. കേന്ദ്രമന്ത്രിപദം പ്രതീക്ഷിച്ചിരിക്കുന്ന സിന്ധ്യയ്ക്ക് എല്ലാ സീറ്റിലും ബി.ജെ.പി ജയിക്കേണ്ടത് അനിവാര്യമാണ്.
അദ്ദേഹത്തിന് സ്വാധീനമുള്ള ഗ്വാളിയോർ-ചമ്പൽ മേഖലയിലാണ് വോട്ടെടുപ്പ് നടക്കുന്ന 16 മണ്ഡലങ്ങൾ. 2018ൽ ചമ്പലിലെ 34 സീറ്റിൽ 26ഉം കോൺഗ്രസ് നേടിയിരുന്നു.
കമൽനാഥ് മന്ത്രിസഭയിലെ ആറ് മന്ത്രിമാർ അടക്കം 25 മുൻ കോൺഗ്രസ് എം.എൽ.എമാരും ബി.ജെ.പി സ്ഥാനാർത്ഥികളാണ്. ജനാധിപത്യത്തെ അട്ടിമറിച്ചവർക്ക് മറുപടി നൽകണമെന്നാണ് കമൽനാഥിന്റെയും കോൺഗ്രസിന്റെയും പ്രചാരണം. അതേസമയം ദളിത് സ്ഥാനാർത്ഥി ഇമർതി ദേവിക്കെതിരെ കമൽനാഥ് നടത്തിയ 'ഐറ്റം പരാമർശം" വിവാദമായത് തിരിച്ചടിയായി.
സിന്ധ്യയ്ക്കൊപ്പം ചാടിയത് 25പേർ
കോൺഗ്രസ് നേതൃത്വവുമായുള്ള ഭിന്നതയെ തുടർന്ന് ബി.ജെ.പിയിൽ ചേർന്ന ജ്യോതിരാദിത്യ സിന്ധ്യയുടെ അനുയായികളായ 25 എം. എൽ.എമാരുടെ രാജിയാണ് ഈ ഉപതിരഞ്ഞെടുപ്പിന് വഴിയൊരുക്കിയത്. ബാക്കി മൂന്നിടത്ത് സിറ്റിംഗ് എം.എൽ.എമാർ മരിച്ചതിൽ വന്ന ഒഴിവിലും. 2018 നവംബറിൽ 114 സീറ്റുകളുമായി അധികാരത്തിലെത്തിയ കമൽനാഥ് സർക്കാർ ഇക്കഴിഞ്ഞ മാർച്ചിൽ 22 എം.എൽ.എമാർ രാജിവച്ചതിനെ തുടർന്ന് പദവിയൊഴിയുകയായിരുന്നു.ഇതോടെ കോൺഗ്രസിനെ പ്രതിപക്ഷത്താക്കി ബി.ജെ.പി നേതാവ് ശിവ് രാജ്സിംഗ് ചൗഹാൻ അധികാരത്തിൽ വന്നു. നിലവിൽ 88 സീറ്റുള്ള കോൺഗ്രസ് ഉപതിരഞ്ഞെടുപ്പിൽ 28 മണ്ഡലങ്ങളിലും ജയിച്ചാൽ ബി.ജെ.പിക്ക് തിരിച്ചടിയാകും. സ്വതന്ത്രർ പിന്തുണ നൽകിയാൽ ബി.ജെ.പിക്ക് അഞ്ചു സീറ്റിൽ ജയിച്ച് ഭരണം നിലനിറുത്താം.