k-surendran

തൃശൂർ: ലൈഫ് മിഷൻ വിവാദത്തിലും മ‌റ്റ് വിഷയങ്ങളിലും സർക്കാരിനെ കടന്നാക്രമിച്ച് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. തൃശൂരിൽ നടന്ന വാർത്താസമ്മേളനത്തിലാണ് അദ്ദേഹം ആരോപണങ്ങൾ ഉന്നയിച്ചത്. 'ലൈഫ് മിഷൻ കേസ് ഹൈക്കോടതിയിൽ പരിഗണിച്ച സമയത്ത് മുഖ്യമന്ത്രി ഈ പദ്ധതി യു.എ.ഇ സർക്കാരും കരാറുകാരായ യൂണിടാക്കും തമ്മിലാണെന്നും സർക്കാരിന് ബന്ധമില്ലെന്നും അവകാശപ്പെട്ടു. കോടതിയിൽ സിബിഐ അന്വേഷണത്തെ എതിർക്കാൻ സർക്കാർ ഉപയോഗിച്ച പ്രധാന വാദവും ഇതായിരുന്നു. മുഖ്യമന്ത്രി സിബിഐ അന്വേഷണത്തെ ഭയക്കുന്നു.' സുരേന്ദ്രൻ പറഞ്ഞു.

ലൈഫ് മിഷൻ പണം നികുതി പണമല്ല. വിദേശത്ത് നിന്നും വന്നതാണെന്ന് സർക്കാർ അവകാശപ്പെട്ടു. കൈക്കൂലിയായി ഐഫോണുകൾ വാങ്ങി. പദ്ധതിയുടെ കമ്മീഷൻ 9 കോടി രൂപ ഡോളറാക്കി വിദേശത്തേക്ക് കടത്തി. സി.ബി.ഐ അന്വേഷണം വേണ്ടെന്ന് പറയാൻ എന്ത് ധാർമ്മികതയാണ് മുഖ്യമന്ത്രിക്കുള‌ളതെന്നും മുഖ്യമന്ത്രി സിബിഐ അന്വേഷണത്തെ ഭയക്കുകയും അഴിമതി നടന്നെന്ന് സമ്മതിക്കുകയാണെന്നും സുരേന്ദ്രൻ ആരോപിച്ചു.

ഈ അഴിമതിയിൽ കേന്ദ്ര അന്വേഷണത്തിൽ മാത്രമല്ല സംസ്ഥാന വിജിലൻസ് അന്വേഷണത്തിലും മുഖ്യമന്ത്രിയുടെ ഓഫീസ് പ്രതിക്കൂട്ടിലായിരിക്കുകയാണ്. കേസിൽ പിണറായി വിജയന്റെ വാദങ്ങൾ പൊളിഞ്ഞുവെന്നും സുരേന്ദ്രൻ പറഞ്ഞു. 'സിബിഐ അന്വേഷണത്തെ സർക്കാർ തുരങ്കം വക്കുന്നത് കു‌റ്റവാളികളെ സംരക്ഷിക്കാനെന്ന് മുഖ്യമന്ത്രി സമ്മതിക്കണം. ഇടപാടിൽ കു‌റ്റക്കാരൻ മുഖ്യമന്ത്രിയാണ്. തുറന്ന മനസ്സോടെ സിബിഐ അന്വേഷണത്തിന് തയ്യാറാകണം' കെ.സുരേന്ദ്രൻ ആവശ്യപ്പെട്ടു.

സിബിഐ എത്തുംമുൻപ് ഫയലുകൾ പിടിച്ചെടുക്കാനും അവയിലെ തെളിവുകൾ നശിപ്പിക്കാനുമാണ് ശിവശങ്കറിനെ വിജിലൻസ് കേസിൽ പ്രതി ചേർത്തതെന്ന് സുരേന്ദ്രൻ ആരോപിച്ചു. സ്വന്തം കൂട്ടിലെ വിജിലൻസിനെ ഉപയോഗിച്ച് സത്യം പുറത്ത് വരാതിരിക്കാൻ ശ്രമിക്കുകയാണ് മുഖ്യമന്ത്രി.

സംസ്ഥാനത്തെ ജനങ്ങളെ കുപ്രസിദ്ധ കമ്പനികൾ മരുന്ന് പരീക്ഷണത്തിന് ഉപയോഗിക്കുന്നു. ഇക്കാര്യത്തിൽ പ്രതികരിക്കാത്ത സാംസ്‌കാരിക നായകന്മാർക്കും ഇടത് ബുദ്ധിജീവികൾക്കും എന്ത് സംഭവിച്ചുവെന്നും കെ.സുരേന്ദ്രൻ ചോദിച്ചു.

ബിജെപിയിലെ വിവാദങ്ങൾ ചർച്ച ചെയ്‌ത് തീരുമാനമുണ്ടാക്കും. പാർട്ടി ഭാരവാഹികളിൽ പുതുതായി 40 ശതമാനം ആളുകളെ എടുക്കണമെന്ന് അഖിലേന്ത്യാ തീരുമാനമുണ്ടായിരുന്നു. കോൺഗ്രസ് പോലെ നിരവധി ജനറൽ സെക്രട്ടറിമാരൊന്നും ബിജെപിക്ക് പതിവില്ല. നാൽപത് കൊല്ലം ഒരേ പദവിയിലിരുന്നവരെയാണ് മാ‌റ്റിയാണ്. ഇക്കാര്യങ്ങളെല്ലാം നേരിട്ടുള‌ള ചർച്ചകളിൽ പരിഹരിക്കുമെന്ന് കെ.സുരേന്ദ്രൻ പറഞ്ഞു.