us-election

വാഷിംഗ്ടൺ: 46ാമത് അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിന്റെ വിധിനിർണയത്തിന് ഇനി മണിക്കൂറുകൾ മാത്രം. ആവനാഴിയിലെ അവസാന അമ്പുകളും പുറത്തെടുത്ത് വിജയമുറപ്പിക്കാനുള്ള ശ്രമത്തിലാണ് പ്രസിഡന്റും റിപ്പബ്ലിക്കൻ സ്ഥാനാ‌ർത്ഥിയുമായ ഡൊണാൾഡ് ട്രംപും ഡെമോക്രാറ്റിക് സ്ഥാനാർത്ഥിയായ ജോ ബൈഡനും. ഡെമോക്രാറ്റിക് പാർട്ടിയുടെ വൈസ് പ്രസിഡന്റ് സ്ഥാനാർത്ഥിയായി മത്സരിക്കുന്ന കമല ഹാരിസും തിരഞ്ഞെടുപ്പ് സംവാദങ്ങളിലും പ്രചാരണ പരിപാടികളിലും തീപ്പൊരി പ്രസംഗങ്ങളുമായി നിറഞ്ഞുനിന്നു.

തിരഞ്ഞെടുപ്പു നടത്തിപ്പു രീതി ഓരോ സംസ്ഥാനത്തും വ്യത്യസ്തമായിരിക്കുമെന്നു മാത്രമല്ല, വോട്ടിങ് സമയവും വേറിട്ടിരിക്കും. ന്യൂയോർക്ക്, നോർത്ത് ഡെക്കോ‍ഡ തുടങ്ങിയ സംസ്ഥാനങ്ങളിൽ ഇന്ന് രാവിലെ 6 മുതൽ (ഇന്ത്യൻ സമയം നാലാം തീയതി വൈകിട്ട് 4.30) വൈകിട്ട് 9 വരെ പോളിംഗ് നടക്കും.

അഭിപ്രായ സർവേകളനുസരിച്ചു ബൈഡനേക്കാൾ പിന്നിലാണെങ്കിലും നിർണായക സംസ്ഥാനങ്ങളിൽ ഇരുവരും ഏതാണ്ട് ഒപ്പത്തിനൊപ്പമാണ്. കനത്ത പോരാട്ടം നടക്കുന്ന സംസ്ഥാനങ്ങളിൽ മുന്നേറ്റമുണ്ടായാൽ, ജയിക്കാൻ ആവശ്യമായ ഇലക്ടറൽ വോട്ടുകൾ ട്രംപിനു ലഭിക്കുമെന്ന സൂചനയുമുണ്ട്. മുൻകൂറായി വോട്ട് ചെയ്യാൻ സൗകര്യമുള്ളതിനാൽ, ഇതിനോടകം ഏകദേശം 10 കോടി പേർ വോട്ടു ചെയ്ത് കഴിഞ്ഞെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. പല സംസ്ഥാനങ്ങളിലും 2016ലെ തിരഞ്ഞെടുപ്പിൽ നടന്ന പോളിംഗിന്റെ ഭൂരിഭാഗവും ഇപ്പോൾത്തന്നെയായിട്ടുണ്ട്. പുതിയ വോട്ടർമാരുടെ എണ്ണത്തിലും കാര്യമായ വർദ്ധനവുണ്ടെന്നാണ് വിവരം.

നാല് നിർണായക സ്വിങ് സ്റ്റേറ്റുകളിൽ ബൈഡൻ വ്യക്തമായി മുന്നിട്ടുനിൽക്കുന്നതായും പോൾ ഫലങ്ങളുണ്ട് 2016 തിരഞ്ഞെടുപ്പിൽ പങ്കെടുക്കാതിരുന്ന വോട്ടർമാരുടെ നല്ലൊരുഭാഗം ഈ തിരഞ്ഞെടുപ്പിൽ ഡെമോക്രാറ്റിക് പാർട്ടിക്ക് വോട്ടുചെയ്യാനെത്തിയതാണ് കാരണമെന്നാണ് വിലയിരുത്തൽ.

അതേസമയം, ബൈഡന് വേണ്ടി വോട്ടർമാരെ ഫോണിൽ വിളിച്ച് വോട്ടുറപ്പിക്കുകയാണ് മുൻ പ്രസിഡന്റ് ബറാക് ഒബാമ. മുൻ പ്രസിഡന്റ് നേരിട്ട് വിളിച്ചത് അത്ഭുതത്തോടെയാണ് ജനം നോക്കിക്കാണുന്നത്.

അലീസ എന്ന വോട്ടറോടു ഫോണിൽ സംസാരിക്കുന്ന വിഡിയോ ഒബാമ തന്റെ ട്വിറ്റർ അക്കൗണ്ടിൽ പങ്കുവച്ചിട്ടുണ്ട്. വോട്ട് ചെയ്ത് രാജ്യത്തിന്റെ ജനാധിപത്യം വീണ്ടെടുക്കണമെന്ന് ബൈഡൻ ജനങ്ങളോട് അഭ്യർത്ഥിച്ചു.

അതേസമയം, ഔദ്യോഗിക സമയത്തിന് മുൻപേ തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനം നടത്തിയേക്കുമെന്ന അഭ്യൂഹങ്ങളെ ട്രംപ് തള്ളി. ‘തിരഞ്ഞെടുപ്പിനുശേഷം ബാലറ്റുകൾ ശേഖരിക്കുന്നത് വലിയ കാര്യമാണ്. അതിനെക്കാൾ ഭീകരമായ സംഭവമാണ്, കുറച്ച് ആളുകൾക്കും സംസ്ഥാനങ്ങൾക്കും ബാലറ്റുകൾ എണ്ണാൻ നീണ്ട സമയം അനുവദിക്കുന്നത്. ഇത്രയും നാൾ ലഭിക്കുന്നതു ക്രമക്കേടിലേക്കു നയിച്ചേക്കാം. വലിയ ഭീഷണിയാണിത്. ആധുനിക കംപ്യൂട്ടർ യുഗത്തിൽ തിരഞ്ഞെടുപ്പ് കഴിഞ്ഞതിനു പിന്നാലെ നമുക്കു ഫലം അറിയാനാവില്ലെന്നതു ഭീകരമാണ്. തിരഞ്ഞെടുപ്പ് കഴിയുന്ന ദിവസം രാത്രി അഭിഭാഷകരുമായി കൂടിയാലോചന നടത്താനാണു ഞങ്ങളുടെ തീരുമാനം.’– നോർത്ത് കാരലിനയിൽ മാദ്ധ്യമപ്രവർത്തകരോട് ട്രംപ് പറഞ്ഞു.

 ഫലം എന്ന്?

ഇന്ന് രാത്രി തന്നെ ഫലം അറിയുമെന്ന് ഇത്തവണ ഒരുറപ്പുമില്ല. കൊവിഡ് മൂലം കൂടുതൽ പേർ തപാൽ വോട്ടുകൾ അടക്കം മുൻകൂർ വോട്ട് സൗകര്യം ഉപയോഗിച്ചതിനാൽ ആ വോട്ടുകൾ എണ്ണാൻ കാലതാമസമുണ്ടാകും. മൂന്നാം തീയതിക്കുശേഷവും ചില സംസ്ഥാനങ്ങളിൽ തപാൽ ബാലറ്റ് സ്വീകരിക്കുന്നതിനാൽ എല്ലാ വോട്ടുകളും എണ്ണിക്കഴിയാൻ ദിവസങ്ങൾ എടുത്തേക്കാം.