growth

ന്യൂഡൽഹി: കൊവിഡും ലോക്ക്ഡൗണും സൃഷ്‌ടിച്ച കടുത്ത പ്രതിസന്ധിയിൽ നിന്ന് ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ കരകയറുന്നുവെന്ന് വ്യക്തമാക്കി വളർച്ചാ സൂചികകളുടെ ആശ്വാസക്കണക്ക്. ഇന്ത്യയിലെ വ്യവസായ മേഖലയുടെ പ്രവർത്തന വളർച്ചാസൂചികയായ മാനുഫാക്‌ചറിംഗ് പാർച്ചേസിംഗ് മാനേജേഴ്‌സ് ഇൻഡക്‌സ് (പി.എം.ഐ) ഒക്‌ടോബറിൽ പത്തുവർഷത്തെ ഉയരമായ 58.9ലെത്തി.

2010 മേയ്ക്ക് ശേഷമുള്ള ഏറ്റവും മികച്ച വളർച്ചയാണിത്. സെപ്‌തംബറിൽ ഇത് 56.8 ആയിരുന്നു. ഐ.എച്ച്.എസ് മാർക്കിറ്റാണ് പി.എം.ഐ വളർച്ചാക്കണക്ക് പുറത്തുവിടുന്നത്. പി.എം.ഐ 50ന് മുകളിൽ എത്തുമ്പോഴാണ് വ്യവസായ മേഖല വളർച്ചയിലാണെന്ന് കണക്കാക്കുന്നത്; 50ന് താഴെയായാൽ തളർച്ചയും. നടപ്പുവർഷത്തെ ഏപ്രിൽ-ജൂൺപാദത്തിൽ റെക്കാഡ് 23.9 ശതമാനം ജി.ഡി.പി തളർച്ച രേഖപ്പെടുത്തിയ ഇന്ത്യയ്ക്ക് ആശ്വാസമേകുന്നതാണ് വ്യവസായ വളർച്ചാക്കണക്ക്.

ഏപ്രിലിൽ 27.4, മേയിൽ 30.8, ജൂണിൽ 47.2, ജൂലായിൽ 46, ആഗസ്‌റ്റിൽ 52 എന്നിങ്ങനെയായിരുന്നു ലോക്ക്ഡൗണിൽ പി.എം.ഐയുടെ പ്രകടനം. എട്ടുമാസത്തെ ഇടവേളയ്ക്ക് ശേഷം ഒക്‌ടോബറിൽ ജി.എസ്.ടി സമാഹരണം ഒരുലക്ഷം കോടി രൂപ കടന്നതും സമ്പദ്‌രംഗത്തെ ഉണർവ് വ്യക്തമാക്കുന്നു. ഏപ്രിലിൽ ജി.എസ്.ടി സമാഹരണം 32,172 കോടി രൂപയായി കൂപ്പുകുത്തിയിരുന്നു. കഴിഞ്ഞമാസത്തെ സമാഹരണം 1.05 ലക്ഷം കോടി രൂപയാണ്.

ജി.എസ്.ടി.ആർ - 3ബി റിട്ടേണുകളിലും ഇ-വേ ബില്ലുകളിലും വർദ്ധനയുണ്ടായെന്നതും ആശ്വാസമാണ്. വാഹന വില്പനയും ഒക്‌ടോബറിൽ മികച്ച തിരിച്ചുവരവ് നടത്തി. മാരുതി 19 ശതമാനം, ഹ്യുണ്ടായ് 13.2 ശതമാനം, ഹീറോ 35 ശതമാനം, ബജാജ് ഓട്ടോ 18 ശതമാനം, ടി.വി.എസ് 22 ശതമാനം എന്നിങ്ങനെ ഒട്ടുമിക്ക കമ്പനികളും കഴിഞ്ഞമാസം നേട്ടത്തിലേറി. ഹ്യുണ്ടായ്, ഹീറോ, ബജാജ് എന്നിവയുടെ വില്പനനേട്ടം റെക്കാഡാണ്.

ഡീസൽ വില്പന ഫെബ്രുവരിക്ക് ശേഷം ആദ്യമായി വാർഷിക വളർച്ച രേഖപ്പെടുത്തിയതും ഒക്‌ടോബറിലാണ്. 6.1 ശതമാനം വളർച്ചയാണ് കഴിഞ്ഞമാസം. 4.2 ശതമാനമാണ് പെട്രോൾ വില്പന വളർച്ച. ഉത്സവകാലത്തോട് അനുബന്ധിച്ച് റീട്ടെയിൽ വിപണി ഉഷാറായതാണ് കഴിഞ്ഞമാസത്തെ നേട്ടങ്ങൾക്ക് പിന്നിൽ.

വളരുന്ന കണക്കുകൾ

(ഒക്‌ടോബറിലെ നേട്ടം)

 പി.എം.ഐ സൂചിക : 58.9

 ജി.എസ്.ടി സമാഹരണം : ₹1.05 ലക്ഷം കോടി

 വാഹന വില്പനയിൽ വൻ ഉണർവ്

 ഡീസൽ വില്പന ആദ്യമായി കൊവിഡിന് മുമ്പത്തെ സ്ഥിതിയിൽ

തൊഴിലില്ലായ്മ കൂടി

സമ്പദ്‌വ്യവസ്ഥ കരകയറുകയാണെങ്കിലും തൊഴിലില്ലായ്മ നിരക്ക് കഴിഞ്ഞമാസം കൂടിയെന്ന റിപ്പോർട്ട് സർക്കാരിന് ക്ഷീണമായി. സെപ്‌തംബറിൽ നിരക്ക് 6.67 ശതമാനം ആയിരുന്നെങ്കിൽ ഒക്‌ടോബറിൽ അത് 6.98 ശതമാനമായെന്ന് സെന്റർ ഫോർ മോണിറ്ററിംഗ് ഇന്ത്യൻ എക്കണോമിയുടെ (സി.എം.ഐ.ഇ) റിപ്പോർട്ട്.