trump

വാഷിംഗ്ടൺ: 46ാമത് അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിന്റെ വിധിനിർണയത്തിന് ഇനി മണിക്കൂറുകൾ മാത്രം. പ്രസിഡന്റിനെ തിരഞ്ഞെടുക്കാനുള്ള ഇലക്ടർമാരെയാണ് ജനം തിരഞ്ഞെടുക്കുന്നത്.

വോട്ടിംഗ് സമയം പല സംസ്ഥാനങ്ങളിലും പലതാണ്. ന്യൂയോർക്ക്, നോർത്ത് ഡെക്കോ‍ഡ തുടങ്ങിയ സംസ്ഥാനങ്ങളിൽ ഇന്ന് രാവിലെ 6 മുതൽ (ഇന്ത്യൻ സമയം നാലാം തീയതി വൈകിട്ട് 4.30) വൈകിട്ട് 9 വരെ പോളിംഗ് നടക്കും.

മുൻകൂറായി വോട്ട് ചെയ്യാൻ സൗകര്യമുള്ളതിനാൽ, ഏകദേശം 10 കോടി പേർ വോട്ടു ചെയ്ത് കഴിഞ്ഞെന്നാണ് റിപ്പോർട്ടുകൾ.

ആവനാഴിയിലെ അവസാന അമ്പും പുറത്തെടുത്ത് സ്വന്തം പാർട്ടിയിലെ ഇലക്ടർമാരെ വിജയിപ്പിക്കാനുള്ള ശ്രമത്തിലാണ് പ്രസിഡന്റും റിപ്പബ്ലിക്കൻ സ്ഥാനാ‌ർത്ഥിയുമായ ഡൊണാൾഡ് ട്രംപും ഡെമോക്രാറ്റിക് സ്ഥാനാർത്ഥി ജോ ബൈഡനും. ഡെമോക്രാറ്റിക് പാർട്ടിയുടെ വൈസ് പ്രസിഡന്റ് സ്ഥാനാർത്ഥിയും ഇന്ത്യൻ വംശജയുമായ കമലാ ഹാരിസും സംവാദങ്ങളിലും പ്രചാരണ പരിപാടികളിലും നിറഞ്ഞുനിന്നു.

അഭിപ്രായ സർവേകളനുസരിച്ചു ബൈഡനെക്കാൾ പിന്നിലാണെങ്കിലും നിർണായക സംസ്ഥാനങ്ങളിൽ ഇരുവരും ഏതാണ്ട് ഒപ്പത്തിനൊപ്പമാണ്. കനത്ത പോരാട്ടം നടക്കുന്ന സംസ്ഥാനങ്ങളിൽ മുന്നേറ്റമുണ്ടായാൽ, ജയിക്കാൻ ആവശ്യമായ ഇലക്ടറൽ വോട്ടുകൾ ട്രംപിനു ലഭിക്കുമെന്ന സൂചനയുമുണ്ട്. നാല് നിർണായക സ്വിങ് സ്റ്റേറ്റുകളിൽ ബൈഡൻ വ്യക്തമായി മുന്നിട്ടുനിൽക്കുന്നതായും സർവേ ഫലങ്ങളുണ്ട്.

ബൈഡന് വേണ്ടി വോട്ടർമാരെ ഫോണിൽ നേരിട്ട് വിളിക്കുകയാണ് മുൻ പ്രസിഡന്റ് ബറാക് ഒബാമ. അലീസ എന്ന വോട്ടറോട് ഫോണിൽ സംസാരിക്കുന്ന വീഡിയോ ഒബാമ ട്വിറ്റർ അക്കൗണ്ടിൽ പങ്കുവച്ചിട്ടുണ്ട്.

സംസ്ഥാന ഗവർണർമാർ വോട്ടുനില പരിശോധിച്ച് വിജയിച്ച ഇലക്ടർമാരെ പ്രഖ്യാപിക്കും. കൊവിഡ് മൂലം കൂടുതൽ പേർ തപാൽ വോട്ടുകൾ അടക്കം മുൻകൂർ സൗകര്യം ഉപയോഗിച്ചതിനാൽ അവ എണ്ണാൻ കാലതാമസമുണ്ടാകും. മൂന്നാം തീയതിക്കുശേഷവും ചില സംസ്ഥാനങ്ങളിൽ തപാൽ ബാലറ്റ് സ്വീകരിക്കുന്നുണ്ട്. എല്ലാ വോട്ടുകളും എണ്ണാൻ ദിവസങ്ങൾ എടുത്തേക്കാം.