toughest-animal

അള്‍ട്രാവയലറ്റ് രശ്മികള്‍ കൂടിയ തോതില്‍ ശരീരത്തില്‍ പതിച്ചാല്‍ ഗുരുതരമായ ത്വക്ക് കാന്‍സറിന് ഇടയാകും. ഓസോണ്‍ പാളികളാണ് അള്‍ട്രാവയലറ്റ് രശ്മികളെ തടുത്തുനിര്‍ത്തുന്നത്. ഓസോള്‍ പാളികള്‍ ഇല്ലെങ്കില്‍ പോലും ഭൂമിയില്‍ ജീവിക്കാന്‍ കരുത്ത് തെളിയിച്ച ഒരു ജീവിയുണ്ട്. ടാര്‍ഡിഗ്രേഡ് അഥവാ ജലക്കരടി. ഭൂമിയിലെ ഏറ്റവും പ്രതിരോധ ശേഷിയുള്ള സൂക്ഷ്മജീവി വര്‍ഗ്ഗം എന്നാണ് ഇവ അറിയപ്പെടുന്നത്. പരീക്ഷണങ്ങള്‍ തെളിയിക്കുന്നതും അതാണ്. ഒരു മില്ലി മീറ്ററില്‍ കുറവാണ് എട്ടുകാലുള്ള ഈ ജീവിയുടെ വലുപ്പം.


150 ഡിഗ്രി സെല്‍ഷ്യസിനു മുകളിലും മൈനസ് 200 ഡിഗ്രിക്ക് താഴെയും ഇവയ്ക്ക് ജീവിക്കാന്‍ കഴിയുമെന്നാണ് ശാസ്ത്രം കണ്ടെത്തിയിരിക്കുന്നത്. ഓക്‌സിജനില്ലാത്ത ബഹിരാകാശത്ത് പോയി തിരിച്ചുവന്ന ചരിത്രം ഈ ജീവികള്‍ക്കുണ്ട്. എന്നാല്‍ ഇവയുടെ മറ്റൊരു സവിശേഷതകൂടി തിരിച്ചറിഞ്ഞിരിക്കുകയാണ് ബംഗളുരു കേന്ദ്രീകരിച്ചുള്ള ഗവേഷക സംഘം.തീവ്രമായ അള്‍ട്രാ വൈലറ്റ് രശ്മികളെ പ്രതിരോധിക്കാന്‍ ടാര്‍ഡിഗ്രേഡുകള്‍ നീല വെളിച്ചം പുറപ്പെടുവിക്കാറുണ്ടെന്നാണ് കണ്ടെത്തല്‍. ബെംഗളുരുവിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സിലെ ഗവേഷകരാണ് കണ്ടെത്തലിനു പിന്നില്‍. 'ബയോളജി ലെറ്റേഴ്‌സ്' എന്ന ജേര്‍ണലിലാണ് ഇതു സംബന്ധിച്ച പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്.


അപകടകരമായ അവസ്ഥയെ അതിജീവിക്കും

അള്‍ട്രാവയലറ്റ് രശ്മിയെ അതിജീവിക്കുമെന്ന് പറയുമ്പോള്‍ ചെറിയ തോതിലാണെന്ന് കരുതരുത്. അതി തീവ്രമായ രശ്മികള്‍ 15 മിനിറ്റ് മുതല്‍ ഒരു മണിക്കൂര്‍ വരെ ഈ സൂക്ഷ്മ ജീവിയുടെ ശരീരത്തില്‍ പതിപ്പിച്ചെങ്കിലും അവയ്ക്ക് ജീവനാശം സംഭവിച്ചില്ല. തീവ്രമായ അള്‍ട്രാവയലറ്റ് രശ്മി പതിപ്പിക്കുമ്പോള്‍ നീല നിറത്തിലുള്ള ഫ്ലൂറസെന്റ് വെളിച്ചം പുറപ്പെടുവിച്ചാണ് ടാര്‍ഡിഗ്രേഡുകള്‍ പ്രതിരോധം സൃഷ്ടിക്കുന്നത്. പതിനഞ്ച് മിനിറ്റ് നേരം അള്‍ട്രാവയലറ്റ് രശ്മിയേറ്റ ജലക്കരടികള്‍ മുപ്പത് ദിവസത്തില്‍ അധികം ജീവിച്ചു. ഒരു മണിക്കൂര്‍ പരീക്ഷണത്തിന് വിധേയമായവയില്‍ 60% അതിജീവിച്ചുവെന്നും പഠനത്തില്‍ പറയുന്നു.


പ്രതികൂല കാലാവസ്ഥയെ തരണം ചെയ്യുന്നത് എങ്ങനെ?

ജലക്കരടികളുടെ ശരീരം ഉത്പാദിപ്പിക്കുന്ന പ്രത്യേക തരം പ്രോട്ടീനാണ് ഇവയെ ശക്തരാക്കുന്നതെന്നാണ് കണ്ടെത്തല്‍. ഡാമേജ് സപ്രഷന്‍ പ്രോട്ടീന്‍ എന്നാണ് ഇതിന് ഗവേഷകര്‍ നല്‍കിയിരിക്കുന്ന പേര്. ഇതിന്റെ ചുരുക്കമായ DSUP എന്നതാണ് ശാസ്ത്രീയ നാമം. ജലക്കരഡികള്‍ വിവിധ വിഭാഗങ്ങളുണ്ട്. അതില്‍ യൂടാര്‍ഡിഗ്രേഡുകളിലാണ് ഗവേഷകര്‍ പഠനം നടത്തിയത്. ടാര്‍ഡിഗ്രേഡിലെ ഏറ്റവും വലിയ വിഭാഗമാണ് ഇവ.

ആയിരക്കണക്കിന് ഗ്രേ യൂണിറ്റ് റേഡിയേഷന്‍ അടിച്ചാല്‍ പോലും ഇവയ്ക്ക് അതിജീവിക്കാന്‍ സാധിക്കും. 'ക്രിപ്‌റ്റോ ബയോസിസ്' എന്ന അവസ്ഥയില്‍ ഇവ നിലനില്‍ക്കും. ഇത്തരം അവസ്ഥകളില്‍ ഇവയുടെ ഡി എന്‍ എ ചിതറും. തുടര്‍ന്ന് അനുകൂല സാഹചര്യം എത്തുമ്പോള്‍ ഡി എന്‍ എ കൂടിച്ചേരുമെന്നാണ് ഗവേഷകരുടെ കണ്ടെത്തല്‍. ആറ്റമിക് റേഡിയേഷനെപ്പോലും ചെറുക്കുന്ന ഇവയെ ഒന്നിനും നശിപ്പിക്കാനാകാത്ത ജീവി എന്നാണ് ഗവേഷകര്‍ വിശേഷിപ്പിക്കുന്നത്.